പാര്‍വ്വതിക്കെതിരെ സൈബര്‍ ആക്രമണം, ശല്യം ചെയ്യല്‍; മധ്യവയസ്‌കനെ അറസ്റ്റ് ചെയ്തു
നടി പാര്‍വ്വതി തിരുവോത്തിന്റെ സൈബര്‍ ആക്രമണ പരാതിയില്‍ മധ്യവയസ്‌കനെ അറസ്റ്റ് ചെയ്തു. പാലക്കാട് നെന്മാറ സ്വദേശി കിഷോര്‍ ബാലനെയാണ് (48) പൊലീസ് പിടികൂടിയത്. ഇയാള്‍ക്കെതിരെ ഐപിസി 354 ഡി, 120 വകുപ്പുകള്‍ പ്രകാരം കേസെടുത്തു. പൊതുമര്യാദ ലംഘനവും തുടര്‍ച്ചയായ ശല്യം ചെയ്യലും ചൂണ്ടിക്കാട്ടിയാണ് കുറ്റം ചുമത്തിയത്. കിഷോര്‍ മറ്റ് കേസുകളില്‍ പ്രതിയാണെന്നും വഞ്ചനാക്കുറ്റത്തിന് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
അഭിഭാഷകനാണെന്ന് അവകാശപ്പെട്ടും പാര്‍വ്വതിയുടെ വിവരങ്ങള്‍ ചോദിച്ചും നടിയുടെ കുടുംബാംഗങ്ങളെ കിഷോര്‍ നിരന്തരം സോഷ്യല്‍ മീഡിയയിലൂടെ ശല്യം ചെയ്തിരുന്നു. ആദ്യം പാര്‍വ്വതിയുടെ സഹോദരനുമായാണ് ഇയാള്‍ ബന്ധപ്പെട്ടത്. ശല്യം സഹിക്കാതെ വന്നപ്പോള്‍ പാര്‍വ്വതിയുടെ സഹോദരന്‍ ഇയാളെ അവഗണിച്ചു. പിന്നീട് പ്രതി പാര്‍വ്വതിയുടെ അച്ഛനെ ലക്ഷ്യമിട്ടു. നിരവധി മെസ്സേജുകളാണ് കിഷോറില്‍ നിന്നും പാര്‍വ്വതിയുടെ അച്ഛന്റെ അക്കൗണ്ടിലേക്ക് എത്തിയത്.
പാര്‍വ്വതി അപകടത്തിലാണെന്ന് കളളം പറഞ്ഞത് കുടുംബത്തെ ഭീതിയിലാക്കാനും പ്രതി ശ്രമിച്ചു. അമേരിക്കയിലായിരുന്ന പാര്‍വ്വതി കൊച്ചിയിലാണുള്ളതെന്നും മാഫിയ അംഗമായ നടി ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും കിഷോര്‍ പറഞ്ഞു. പിന്നീട് പാര്‍വ്വതിയുടെ വീട്ടിലെത്തിയും ഇയാള്‍ നടി അപകടത്തിലാണെന്ന കഥ ആവര്‍ത്തിച്ചു. പാര്‍വ്വതി പൊലീസില്‍ പരാതി നല്‍കിയെങ്കിലും പ്രതി ഉപദ്രവം തുടര്‍ന്നു. മലയാള സിനിമയിലെ പ്രമുഖരെ ഫോണില്‍ വിളിച്ച് പാര്‍വ്വതിയെ അവഹേളിച്ച് സംസാരിക്കുന്നതായിരുന്നു കിഷോറിന്റെ രീതികളിലൊന്ന്.
വഞ്ചിയൂര്‍ കോടതിയിലെ മജിസ്‌ട്രേട്ടാണെന്ന് തെറ്റിദ്ധരിപ്പിച്ചതിന്റെ പേരിലാണ് ഇയാള്‍ ജയിലില്‍ കിടന്നിട്ടുള്ളത്. 10 ക്ലാസ് വിദ്യാഭ്യാസമുള്ള കിഷോര്‍ ബാലന്‍ അഭിഭാഷകന്‍ അല്ലെന്നും തൊഴില്‍ രഹിതനാണെന്നും എളത്തൂര്‍ പൊലീസ് വ്യക്തമാക്കി.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം