100 കോടി അടിച്ച് മൈക്കിളപ്പന്‍

100 കോടി അടിച്ച് മൈക്കിളപ്പന്‍
Published on

അമല്‍ നീരദ്-മമ്മൂട്ടി ചിത്രം ഭീഷ്മപര്‍വ്വം നൂറ് കോടി ക്ലബ്ബില്‍ എത്തി. തിയറ്ററില്‍ നിന്നും, സാറ്റലൈറ്റ്, ഡിജിറ്റല്‍ റൈറ്റുകളില്‍ നിന്നുമായി ആകെ 115 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. സിനിമ അനലിസ്റ്റായ ശ്രീധര്‍ പിള്ളയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. കൊവിഡിന് ശേഷം ഈ രീതിയില്‍ കളക്ഷന്‍ ലഭിക്കുന്ന ആദ്യ മലയാള ചിത്രമാണ് ഭീഷ്മപര്‍വമെന്നും ശ്രീധര്‍ പിള്ള കുറിച്ചു.

റിലീസ് ദിനത്തില്‍ 406 സ്‌ക്രീനുകളിലായി 1775 ഷോകള്‍ കളിച്ച ഭീഷ്മപര്‍വം ആദ്യ ദിനം 3 കോടിക്ക് മുകളില്‍ നേടിയിരുന്നു. കൊവിഡ് പ്രതിസന്ധിക്കു ശേഷം കേരളത്തിലെ തിയറ്ററുകളില്‍ ഇത്രയധികം ആവേശം കൊണ്ടുവന്ന സിനിമ വേറെ ഇല്ലെന്നാണ് ഫിയോക് പ്രസിഡണ്ട് കെ വിജയകുമാര്‍ പറഞ്ഞത്. ആദ്യ 4 ദിവസം കൊണ്ട് 8 കോടിക്കടുത്ത് ഷെയര്‍ നേടി പുതിയ റെക്കോര്‍ഡും ഭീഷ്മപര്‍വം നേടിയിരുന്നു.

ഒരു മലയാള സിനിമക്ക് ഇതുവരെ ലഭിച്ചതില്‍ ഏറ്റവും വലിയ കോപ്പിറൈറ് തുകയാണ് ഭീഷ്മപര്‍വത്തിന് ലഭിച്ചിരിക്കുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ചിത്രം ഏപ്രില്‍ 1ന് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ പ്രീമിയര്‍ ചെയ്യും.

മാര്‍ച്ച് മൂന്നിനാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിലൂടെ പ്രേക്ഷകരിലേക്ക് എത്തിയത്. ദേവദത്ത് ഷാജിയും അമല്‍ നീരദും ചേര്‍ന്നൊരുക്കിയ തിരക്കഥക്ക് സംഭാഷണം എഴുതിയിരിക്കുന്നത് ആര്‍. ജെ. മുരുകനാണ്. രവിശങ്കറിന്റേതാണ് അഡീഷണല്‍ സ്‌ക്രീന്‍പ്ലേയ്. ആനന്ദ് സി ചന്ദ്രന്‍ ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു. സൗബിന്‍ ഷാഹിര്‍, നദിയ മൊയ്ദു, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ശ്രിന്ദ, സുദേവ് നായര്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. സുഷിന്‍ ശ്യാമാണ് സംഗീത സംവിധാനവും, വിവേക് ഹര്‍ഷന്‍ എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in