അടുത്തത് മമ്മൂട്ടി ചിത്രമെന്ന് സന്തോഷ് വിശ്വനാഥ് ദ ക്യുവിനോട്. മമ്മുക്കയുടെ അടുത്ത് 2 കഥകള്‍ പറഞ്ഞിട്ടുണ്ടെന്നും, അതില്‍ മമ്മുക്കക്ക് ഇഷ്ടപ്പെടുന്ന കഥ അടുത്ത സിനിമയായി ചെയ്യുമെന്നും സന്തോഷ് വിശ്വനാഥ് പറഞ്ഞു. കേരളത്തിന് പുറത്തുള്ള മുന്‍നിര ബാനറാണ് മമ്മൂട്ടി ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. കടക്കല്‍ ചന്ദ്രന് എന്ന മുഖ്യമന്ത്രിയായി മമ്മൂട്ടി അഭിനയിച്ച പൊളിറ്റിക്കല്‍ ത്രില്ലര്‍ വണ്‍ ഈ വര്‍ഷം മാര്‍ച്ചിലാണ് തിയറ്ററുകളിലെത്തിയത്. തൊട്ടുപിന്നാലെ നെറ്റ്ഫ്ളിക്സിലും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.
സന്തോഷ് വിശ്വനാഥ് ദ ക്യുവിനോട്
അടുത്ത പ്രൊജക്റ്റ് മമ്മുക്കയുടെ കൂടെ. മമ്മുക്കയുടെ അടുത്ത് രണ്ട് സബ്ജക്ടുകള്‍ പറഞ്ഞിട്ടുണ്ട്. ആദ്യം വര്‍ക്ക്-ഔട്ട് ആകുന്ന സബ്ജക്ട് ആയിരിക്കും സിനിമയാക്കുന്നത്. വലിയ ക്യാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രമായിരിക്കും അടുത്തത്. പോസ്റ്റ്-കോവിഡില്‍ വലിയ സിനിമകള്‍ ചിത്രീകരിക്കാന്‍ കഴിയുമെന്നാണ് വിചാരിക്കുന്നത്. 2022ല്‍ ആയിരിക്കും സിനിമ ചിത്രീകരണം തുടങ്ങുന്നത്. ഏത് ജോണര്‍ ആണെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല പക്ഷെ നമ്മള് എല്ലാം കാണാന്‍ ആഗ്രഹിക്കുന്ന പഴയൊരു മമ്മുക്കയെ ഈ സിനിമയില്‍ കാണാന്‍ കഴിയും. ഒരു ഫീല്‍ ഗുഡ് മമ്മുക്കയെയായിരിക്കും ഈ സിനിമയില്‍ കാണാന്‍ പോകുന്നത്. മമ്മുക്കയുടെ അടുത്ത് പറഞ്ഞ 2 തിരക്കഥകളും അവസാന ഘട്ട എഴുത്തിലാണ്. ആദ്യ മലയാള ചിത്രം മമ്മുക്കയെ വച്ച് ലോഞ്ച് ചെയ്യാന്‍ ആഗ്രഹിക്കുന്ന ഒരു വലിയ പ്രൊഡക്ഷന്‍ കമ്പനിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ബോബി-സഞ്ജയ് രചന നിര്‍വഹിച്ച വണ്‍ തമിഴ് പതിപ്പും പുറത്തുവന്നിരുന്നു. സ്പൂഫ് സ്വഭാവമുള്ള 'ചിറകൊടിഞ്ഞ കിനാവുകള്‍' എന്ന സിനിമക്ക് ശേഷം സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത ചിത്രമായിരുന്നു വണ്‍.