നടന്‍ മമ്മൂട്ടിക്ക് കൊവിഡ് പൊസിറ്റീവ്. എറണാകുളത്ത് സി.ബി.ഐ ഫൈവ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് മമ്മൂട്ടി കൊവിഡ് ബാധിതനായത്. കടവന്ത്ര ഇളംകുളത്തുള്ള വീട്ടില്‍ വിശ്രമത്തിലാണ് താരം.
മമ്മൂട്ടി പരിപൂര്‍ണ ആരോഗ്യവാനാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ചെറിയ ജലദോഷവും പനിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ടെസ്റ്റ് നടത്തിയപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്. സിബിഐ ഫൈവിന്റെ ചിത്രീകരണം രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവച്ചിട്ടുണ്ട്. എസ്. എന്‍ സ്വാമിയുടെ തിരക്കഥയില്‍ കെ.മധു സംവിധാനം ചെയ്യുന്ന സിബിഐ ഫൈവ് സേതുരാമയ്യര്‍ എന്ന സിബിഐ ഓഫീസര്‍ കേന്ദ്രകഥാപാത്രമായെത്തുന്ന സിബിഐ ഫ്രാഞ്ചെസിയിലെ അഞ്ചാമത്തെ ചിത്രവുമാണ്. ബാസ്‌കറ്റ് കില്ലിംഗ് പ്രമേയമാക്കിയാണ് സിനിമയെന്ന് എസ്. എന്‍ സ്വാമി നേരത്തെ ദ ക്യുവിനോട് പ്രതികരിച്ചിരുന്നു.
അമല്‍ നീരദ് ചിത്രം ഭീഷ്മ പര്‍വം, നവാഗതയായ റത്തീന സംവിധാനം ചെയ്ത പുഴു, ലിജോ ജോസ് പെല്ലിശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം, തെലുങ്ക് ചിത്രം ഏജന്റ് എന്നിവയാണ് മമ്മൂട്ടിയുടെ പൂര്‍ത്തിയായ സിനിമകള്‍. ഭീഷ്മപര്‍വം ആണ് മമ്മൂട്ടിയുടെ അടുത്ത തിയറ്റര്‍ റിലീസ്.
നവംബര്‍ അവസാന വാരം ചിത്രീകരണമാരംഭിച്ച സിബിഐ അഞ്ചാം സീരീസില്‍ ഡിസംബര്‍ 11നാണ് മമ്മൂട്ടി ജോയിന്‍ ചെയ്തിരുന്നത്. രണ്ട് മാസത്തോളമായി കൊച്ചിയില്‍ സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. സ്വര്‍ഗചിത്ര അപ്പച്ചനാണ് നിര്‍മ്മാണം. സിബിഐ ഫൈവ് പൂര്‍ത്തിയാക്കിയാല്‍ നെറ്റ്ഫ്‌ളിക്‌സിന് വേണ്ടി എം.ടി കഥകളെ ആധാരമാക്കി ലിജോ പെല്ലിശേരി സംവിധാനം ചെയ്യുന്ന ആന്തോളജിയിലെ ചിത്രത്തിനായി മമ്മൂട്ടി ശ്രീലങ്കക്ക് തിരിക്കും.