ഡീനോ ഡെന്നിസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത് മമ്മൂട്ടി കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രം 'ബസൂക്ക' യുടെ ചിത്രീകരണം ആരംഭിച്ചു. സരിഗമയുടെ ഫിലിം സ്റ്റുഡിയോയായ യൂഡ്‌ലീ ഫിലിംസിന്റെ ബാനറില്‍ വിക്രം മെഹ്റയ്ക്കും സിദ്ധാര്‍ത്ഥ് ആനന്ദ് കുമാറിനുമൊപ്പം തിയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ജിനു വി എബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ പൂജ കൊച്ചി വെല്ലിംഗ്ടണ്‍ ഐലന്‍ഡില്‍ വച്ചു നടന്നു. കലൂര്‍ ഡെന്നിസ്, കമല്‍, ബി ഉണ്ണികൃഷ്ണന്‍, ഷാജി കൈലാസ്, ജോസ് തോമസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
മമ്മൂട്ടി സാറിനൊപ്പം പ്രവര്‍ത്തിക്കുക എന്ന എന്റെ സ്വപ്നത്തിന്റെ പരിസമാപ്തിയാണ് ഈ ചിത്രം. ഈ തിരക്കഥയാണ് എനിക്ക് അതിനുള്ള അവസരം നല്‍കിയത്. അദ്ദേഹത്തെപോലെ അനുഭവപരിചയവുമുള്ള ഒരു നടനെ സംവിധാനം ചെയ്യുക എന്നത് ജീവിതത്തിലെ ഭാഗ്യമായതിനാല്‍ ഞാന്‍ ത്രില്ലിലാണ്.
ഡീനോ ഡെന്നിസ്
കഥകള്‍ പറയാനുള്ള തങ്ങളുടെ ആഗ്രഹം ഭാഷയും ഴോണറുകളും താണ്ടി മുന്നോട്ട് പോകുമ്പോള്‍, ആദ്യമായി മമ്മൂട്ടിക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിയുന്നതിന്റെ സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയുന്നില്ല. സ്‌ക്രിപ്റ്റ് മികച്ചതാക്കാനും, പ്രീപ്രൊഡക്ഷന്‍ വിശദാംശങ്ങളും കൃത്യമായി തയ്യാറാക്കാനും സമയമെടുത്ത് അതുകൊണ്ടാണെന്നും സരിഗമയുടെ വൈസ് പ്രസിഡന്റ് സിദ്ധാര്‍ത്ഥ് ആനന്ദ് കുമാര്‍ പറയുന്നു.
ഇത് ഞങ്ങള്‍ക്ക് വളരെ സവിശേഷമായ ഒരു ചിത്രമാണ് കാരണം ഞങ്ങള്‍ മമ്മൂട്ടിയെപ്പോലുള്ള ഒരു ഇതിഹാസത്തിനൊപ്പം പ്രവത്തിക്കുന്നു. എല്ലാവരും സ്വീകരിക്കുന്ന ഒരു സിനിമ ഞങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ചിത്രത്തിന്റെ സഹനിര്‍മാതാവ് ജിനു വി എബ്രഹാം കൂട്ടിച്ചേര്‍ത്തു.
ചിത്രത്തില്‍ ഗൗതം മേനോന്‍, ഈശ്വര്യ മേനോന്‍, ദിവ്യ പിള്ള തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. നിമിഷ് രവിയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. മിഥുന്‍ മുകുന്ദനാണ് സംഗീത സംവിധാനം. സഹ നിര്‍മ്മാതാവ് സഹില്‍ ശര്‍മ്മ, എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍ - സൂരജ് കുമാര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സഞ്ജു ജെ, കലാസംവിധാനം - അനീസ് നാടോടി, എഡിറ്റിങ്ങ് - നിഷാദ് യൂസഫ്. പി ആര്‍ ഒ - ശബരി. കൊച്ചിയിലും ബാംഗ്ലൂരിലും ആയാണ് സിനിമ ചിത്രീകരിക്കുന്നത്.