എംടിയുടെ തനിക്ക് ഇന്നും മനസ്സിലാകാത്ത പ്രത്യേകത അദ്ദേഹത്തിന്റെ ചെറുപ്പമാണ് എന്ന് നടൻ മമ്മൂട്ടി. സമകാലീന സംഭവങ്ങളെക്കുറിച്ചും രാഷ്ട്രീയ-സാമുദായിക-സാംസ്‌കാരിക-സാമ്പത്തിക-സാഹിത്യ കാര്യങ്ങളെക്കുറിച്ചെല്ലാം പുതുക്കിയ അറിവ് അദ്ദേഹത്തിനുണ്ട് എന്നും എല്ലാ കാര്യങ്ങളിലും ചെറുപ്പം സൂക്ഷിക്കുന്നയാളാണ് എംടി എന്നും മമ്മൂട്ടി പറഞ്ഞു. മലയാള സിനിമയിൽ ആന്തോളജി ചിത്രങ്ങൾ വളരെ അപൂർവ്വമായി അപൂർവ്വമായി മാത്രമേ ഉണ്ടാകാറുള്ളൂ. പക്ഷേ ആരുടെ മുന്നിലും നമുക്ക് ധെെര്യമായിട്ട് പറയാൻ പറ്റുന്ന ഒരു ആന്തോളജി ആയിരിക്കും 'മനോരഥങ്ങൾ' എന്നും മമ്മൂട്ടി പറഞ്ഞു. എം.ടിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് കൊച്ചിയിൽ സംഘടിപ്പിച്ച 'മനോരഥങ്ങൾ' എന്ന സിനിമയുടെ ട്രെയ്ലർ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മമ്മൂട്ടി പറഞ്ഞത്:
വ്യക്തിപരമായി എംടിയുമായി അടുപ്പമുള്ള ഒരാളാണ് ഞാൻ. പക്ഷേ അദ്ദേഹത്തിന്റെ എനിക്കും ഇന്നും മനസ്സിലാക്കാൻ സാധിക്കാത്ത ഒരു പ്രത്യേകത എന്തെന്നാൽ അദ്ദേഹത്തിലുള്ള ചെറുപ്പമാണ്. ചെറുപ്പം എന്ന് പറയുമ്പോൾ എല്ലാ കാര്യങ്ങളിലും. സമകാലീക സംഭവങ്ങളെക്കുറിച്ച് രാഷ്ട്രീയ സാമുദായിക സാമൂഹിക സംഭവങ്ങളെക്കുറിച്ച് എല്ലാ കാര്യങ്ങളെക്കുറിച്ചും അദ്ദേഹത്തിന് പുതുക്കപ്പെട്ട അറിവുണ്ട്. പുതിയ പുസ്തകങ്ങൾ പുതിയ സാഹിത്യകാരന്മാർ, സാഹിത്യലോകത്ത് നടക്കുന്ന കാര്യങ്ങൾ, ലോകത്ത് വിവിധ ഭാഷകളിൽ ഇറങ്ങുന്ന പുസ്തകങ്ങൾ തുടങ്ങി എല്ലാ കാര്യങ്ങളെക്കുറിച്ചും അദ്ദേഹത്തിന് അറിവുണ്ട്. അത് വായിക്കാറുമുണ്ട് അദ്ദേഹം. ഈ അടുത്ത കാലത്ത് എനിക്കൊരു പുസ്തകം അദ്ദേഹം കൊടുത്ത് അയച്ചിരുന്നു. അതിന്റെ പേര് നോക്കാൻ നിന്നപ്പോഴാണ് എന്നെ വേദിയിലേക്ക് വിളിച്ചത്. അത് രണ്ടാം ലോക മഹായുദ്ധ കാലത്ത് നടന്ന ഒരു സംഭവത്തെക്കുറിച്ചുള്ള ഡോക്യുഫിക്ഷനാണ്. ഈ പുസ്തകം എനിക്ക് അശ്വതി കൊടുത്തയച്ചു. എനിക്ക് തന്നയക്കാൽ ഏൽപ്പിച്ച രണ്ട് പുസ്തകങ്ങളിൽ ഒന്ന് അതാണ്. ഞാൻ അത് വീട്ടിൽ കൊണ്ട് വച്ചിരുന്നു, കുറേ കഴിഞ്ഞ് എന്റെ മോൾ അതെടുത്ത് പൂർണ്ണമായും വായിച്ചു. എന്റെ മകൾ വായിച്ച് ഇഷ്ടപ്പെടുന്ന പുസ്തകങ്ങൾ വായിക്കുന്ന ആളാണ് അദ്ദേഹം. ഞാനും അദ്ദേഹവും തമ്മിൽ വളരെ ദൂരമില്ലെങ്കിലും അദ്ദേഹവും എന്റെ മകളും തമ്മിൽ വലിയ ദൂരമുണ്ട്. അവർ വായിക്കുന്ന സാഹിത്യ രംഗത്ത് ജീവിക്കുന്ന ഒരാളാണ് അദ്ദേഹം. അത്രത്തോളം അപ്ഡേറ്റഡാണ് അദ്ദേഹം.
എം. ടി വാസുദേവൻ നായരുടെ പത്ത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജി ചിത്രത്തിന്റെ ട്രെയിലർ ചടങ്ങിൽ പുറത്തുവിട്ടിട്ടുണ്ട്. സീ 5 ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലൂടെ ഓണക്കാലത്ത് ചിത്രം പുറത്തിറങ്ങും.മമ്മൂട്ടി,മോഹൻലാൽ, ആസിഫ് അലി, ഫഹദ് ഫാസില്‍, ബിജു മേനോൻ, ഇന്ദ്രജിത്ത് സുകുമാരൻ, പാർവതി തിരുവോത്ത്, വിനീത്, സുരഭി ലക്ഷ്മി, ആൻ അഗസ്റ്റിൻ തുടങ്ങിവരാണ് ചിത്രത്തിന്റെ ഭാഗമാകുന്നത്.
സംവിധായകരായ പ്രിയദര്‍ശന്‍, ജയരാജ്, ശ്യാമപ്രസാദ്, സന്തോഷ് ശിവന്‍, മഹേഷ് നാരായണന്‍, രഞ്ജിത്ത്,രതീഷ് അമ്പാട്ട് തുടങ്ങിയവരാണ് ചിത്രങ്ങളൊരുക്കിയിരിക്കുന്നത്. ഇതിൽ രണ്ട് ചിത്രങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത് പ്രിയദര്‍ശനാണ്. ഓളവും തീരവും എന്ന ചിത്രത്തിൽ മോഹൻലാൽ ആണ് നായകൻ. ‘ശിലാലിഖിതം’ എന്ന ചിത്രത്തിൽ ബിജു മേനോനാണ് നായകൻ.
ആന്തോളജിയിലെ 'കടുഗണ്ണാവ ഒരു യാത്രക്കുറിപ്പ്' എന്ന സിനിമ സംവിധായകന്‍ രഞ്ജിത്താണ് ഒരുക്കിയിരിക്കുന്നത്. എം.ടി വാസുദേവന്‍ നായരുടെ ആത്മകഥാംശമുള്ള പികെ വേണുഗോപാല്‍ എന്ന കഥാപാത്രത്തെ മമ്മൂട്ടിയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. നിന്റെ ഓര്‍മ്മക്ക് എന്ന ചെറുകഥയുടെ തുടര്‍ച്ചയെന്ന നിലക്ക് എം.ടി വാസുദേവന്‍ നായര്‍ എഴുതിയ യാത്രാക്കുറിപ്പാണ് കടുഗണ്ണാവ ഒരു യാത്രക്കുറിപ്പ്.
ഷെർലക്ക് എന്ന ചെറുകഥ സിനിമയാക്കുന്നത് മഹേഷ് നാരായണനാണ്. ഫഹദ് ഫാസിലാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിദ്ദിഖ് മുഖ്യവേഷത്തിലെത്തുന്ന 'അഭയം തേടി വീണ്ടും’ സന്തോഷ് ശിവനും, നെടുമുടി വേണു, സുരഭി, ഇന്ദ്രൻസ് എന്നിവരഭിനയിച്ച ‘സ്വർഗം തുറക്കുന്ന സമയം’ ജയരാജും സംവിധാനം ചെയ്തു. പാർവതി തിരുവോത്ത് അഭിനയിച്ച ‘കാഴ്ച’യുടെ സംവിധായകൻ ശ്യാമപ്രസാദ് ആണ്. രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത കടൽക്കാറ്റ് എന്ന ചിത്രത്തിൽ ഇന്ദ്രജിത്തും അപർണ്ണ ബാലമുരളിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
എംടിയുടെ മകള്‍ അശ്വതി വി നായർ ക്രിയേറ്റീവ് പ്രൊഡ്യൂസറുടെ ചുമതലക്കൊപ്പം ഒരു ചിത്രവും സംവിധാനം ചെയ്യുന്നുണ്ട്. അശ്വതി സംവിധാനം ചെയ്ത ചിത്രത്തില്‍ ആസിഫ് അലിയും മധുബാലയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എം.ടിയുടെ വിൽപ്പന എന്ന ചെറുകഥയാണ് അശ്വതി സംവിധാനം ചെയ്യുന്നത്.