നടന്‍ മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള സിനിമാ നിര്‍മാണ കമ്പനിയായ മമ്മൂട്ടി കമ്പനി പുതിയ ലോഗോ പുറത്തിറക്കി. നേരത്തെ ഉപയോഗിച്ചുകൊണ്ടിരുന്ന ലോഗോ ഒറിജിനല്‍ ഡിസൈനല്ലെന്നും സ്റ്റോക്ക് ഇമേജില്‍ നിന്ന് ക്രിയേറ്റ് ചെയതതാണെന്നുമുള്ള ചര്‍ച്ചകള്‍ ഫേസ്ബുക്കില്‍ വൈറലായതിന് തൊട്ടുപിന്നാലെ പഴയ ലോഗോ കമ്പനി പിന്‍വലിച്ചിരുന്നു. 'ഞങ്ങളെ നിങ്ങളുടെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തിയതിനു നിങ്ങള്‍ ഓരോരുത്തര്‍ക്കും ഞങ്ങള്‍ നന്ദി പറയുന്നു' എന്ന് കുറിച്ചുകൊണ്ടാണ് പുതിയ ലോഗോ അവതരിപ്പിച്ചിരിക്കുന്നത്. ആഷിഫ് സലിമാണ് ഈ പുതിയ ലോഗോ മമ്മൂട്ടി കമ്പനിക്കായി ഡിസൈന്‍ ചെയ്തിരിക്കുന്നത്.
മലയാളത്തിലെ സിനിമാ ചര്‍ച്ചകള്‍ നടത്തുന്ന ഫേസ്ബുക്ക് കൂട്ടായ്മയായ മലയാളം മൂവി ആന്‍ഡ് മ്യൂസിക്ക് ഡാറ്റാ ബേസിലായിരുന്നു ജോസ്മോന്‍ വാഴയില്‍ എന്നൊരാള്‍ ലോഗോയിലെ സാമ്യതകള്‍ ചൂണ്ടിക്കാണിച്ചത്. 2021 ല്‍ ഡോ. സംഗീത ചേനംപുല്ലി എഴുതിയ 'മങ്ങിയും തെളിഞ്ഞും-ചില സിനിമ കാഴ്ച്ചകള്‍' എന്ന പുസ്തകത്തിന്റെ കവറിലും ഇതേ ഡിസൈന്‍ തന്നെയാണെന്നായിരുന്നുവെന്നും പോസ്റ്റില്‍ കുറിച്ചിരുന്നു.
ഷട്ടര്‍സ്റ്റോക്, ഗെറ്റി ഇമേജ്സ്, ഐസ്റ്റോക് ഫോട്ടോസ്, തുടങ്ങി ഒരുപാട് ഇമേജ് ബാങ്കുകളില്‍ നിന്ന് ഡിസൈനര്‍മാര്‍ പണം നല്‍കിയും അല്ലാതെയും ആവശ്യമുള്ള ചിത്രങ്ങളോ ഇല്ലസ്ട്രേഷനുകളോ ഉപയോഗിക്കാറുണ്ട്. അതുപോലെയെടുത്ത ഒരു ഫോട്ടോയിനകത്ത് മമ്മൂട്ടി കമ്പനി എന്ന് എഴുതിച്ചേര്‍ക്കുക മാത്രമാണ് ചെയ്തിരിക്കുന്നതെന്നായിരുന്നു പോസ്റ്റില്‍ പറഞ്ഞത്. തുടര്‍ന്ന് പോസ്റ്റ് ചര്‍ച്ചയാകുകയും പലരും മമ്മൂട്ടി കമ്പനിക്ക് ഒരു ഒറിജിനല്‍ ഡിസൈന്‍ ആവശ്യമാണെന്നും കമന്റ് ചെയ്യുകയും ചെയ്തിരുന്നു.