റോഷാക്, നന്‍പകല്‍ നേരത്ത് മയക്കം, കണ്ണൂർ സ്ക്വാഡ് എന്നീ സിനിമകള്‍ക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രമാണ് കാതൽ ദി കോർ. മമ്മൂട്ടി ജ്യോതിക എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി ജിയോ ബേബി സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. കഥ കേട്ട് ഇഷ്ടപ്പെട്ട് എടുക്കുന്നു എന്നല്ലാതെ ഇങ്ങനത്തെ സിനിമ ആയിരിക്കണം എടുക്കുന്നതെന്ന വാശി മമ്മൂട്ടി കമ്പനിക്ക് ഇല്ലെന്ന് നടൻ മമ്മൂട്ടി. ഒരു സിനിമ എടുത്തുകഴിഞ്ഞാൽ അടുത്തതിന് സമയയമെടുക്കും കാരണം പൈസ വേണം. എല്ലാം പതുക്കെപ്പതുക്കെ കിട്ടുകയുള്ളു. കണ്ണൂർ സ്‌ക്വാഡിന്റെ പൈസ വരാൻ ഇനിയും സമയമെടുക്കുമെന്ന് മമ്മൂട്ടി ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
മമ്മൂട്ടി പറഞ്ഞത് :
മമ്മൂട്ടി കമ്പനിക്ക് അങ്ങനെ പ്രത്യേകിച്ച് നിർബന്ധങ്ങൾ ഒന്നുമില്ല. ഞങ്ങൾക്ക് ആ സിനിമ എടുക്കണം ഈ സിനിമ എടുക്കണം എന്നൊക്കെയുള്ളത് സംഭവിക്കുന്നതാണ്. നമ്മൾ കഥ കേട്ട് ഇഷ്ട്ടപ്പെടുന്നു നോക്കാം എന്നല്ലാതെ അത് ഇങ്ങനെയിരിക്കണം ഇങ്ങനത്തെ സിനിമ ആയിരിക്കണം എന്ന് ഞങ്ങൾ വാശി പിടിക്കുന്നതല്ല. അത് അങ്ങനെ സംഭവിക്കുന്നതാണ്. ഒരു സിനിമ എടുത്തുകഴിഞ്ഞാൽ അടുത്ത പ്രൊഡക്ഷന് എന്തായാലും സമയം എടുക്കും കാരണം പൈസ വേണമല്ലോ. ഒന്നിൽ കൊണ്ടിട്ട് അത് തിരിച്ചുവരണമല്ലോ. എല്ലാം പതുക്കെപ്പതുക്കെ കിട്ടുകയുള്ളു. കണ്ണൂർ സ്‌ക്വാഡിന്റെ പൈസ വരാൻ ഇനിയും സമയമെടുക്കും. ഭ്രമയുഗം ഒക്കെ വേണമെങ്കിൽ നമുക്കെടുക്കാവുന്ന സിനിമയാണ് പക്ഷെ അത് പറ്റാത്തത് കൊണ്ടാണ്.
ചിത്രത്തിൽ മാത്യു ദേവസ്സി എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം ജ്യോതിക മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് കാതൽ. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സ്‌കറിയയും ചേർന്നാണ്. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്.മുത്തുമണി, ജോജി ജോൺ, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ , ജോസി സിജോ, ആദര്‍ശ് സുകുമാരന്‍, അലക്സ് അലിസ്റ്റർ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ -ജോര്‍ജ് സെബാസ്റ്റ്യന്‍. സാലു കെ തോമസ് ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ സംഗീതം മാത്യൂസ് പുളിക്കൻ ആണ്.