'എം.ടിയുടെ സിനിമകളില്‍ അഭിനയിച്ചത് അഭിമാനം'; എല്ലാ പുരസ്‌കാരങ്ങളും ഗുരുദക്ഷിണയായി സമര്‍പ്പിക്കുന്നവെന്ന് മമ്മൂട്ടി

'എം.ടിയുടെ സിനിമകളില്‍ അഭിനയിച്ചത് അഭിമാനം';  എല്ലാ പുരസ്‌കാരങ്ങളും  ഗുരുദക്ഷിണയായി സമര്‍പ്പിക്കുന്നവെന്ന് മമ്മൂട്ടി
Published on

മലയാളത്തിന്റെ എം.ടിക്ക് സ്നേഹാദരങ്ങള്‍ അര്‍പ്പിച്ച് നടന്‍ മമ്മൂട്ടി. തന്നിലെ നടനെ പരിപോഷിപ്പിച്ചത് എം.ടിയുടെ കഥയും കഥാപാത്രങ്ങളും ആണെന്നും തനിക്ക് ഇതുവരെ ലഭിച്ച പുരസ്‌കാരങ്ങളെല്ലാം ഗുരുദക്ഷിണയായി അദ്ദേഹത്തിന് സമര്‍പ്പിക്കുന്നുവെന്നും മമ്മൂട്ടി പറഞ്ഞു. നാലഞ്ച് മാസം മുന്‍പ് അദ്ദേഹത്തിന്റെ എഴുത്തിലെ കഥാപാത്രമായി അഭിനയിച്ച് തീര്‍ത്തിട്ടേയുള്ളൂ. ഇനിയും ഒരുപാട് കഥാപാത്രങ്ങള്‍ അദ്ദേഹത്തിന്റെ പുസ്തകങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്നുണ്ട്. ഇനിയും ഒരുപാട് നല്ല കഥാപാത്രങ്ങള്‍ക്കായി കാത്തിരിക്കുന്ന ഒരാളാണ് താനെന്നും മമ്മൂട്ടി പറഞ്ഞു.

നവതി ആഘോഷിക്കുന്ന എം.ടി വാസുദേവന്‍ നായരെ തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനും മമ്മൂട്ടിയും ചേര്‍ന്ന് ആദരിക്കുന്ന ചടങ്ങിലായിരുന്നു മമ്മൂട്ടി എംടിയെ കുറിച്ച് സംസാരിച്ചത്.

മമ്മൂട്ടി പറഞ്ഞത്

എന്നിലെ നടനെ ഒരുപാട് പരിപോഷിപ്പിച്ച കഥാപാത്രങ്ങളും കഥകളുമാണ് എംടിയുടേത്. വായിച്ച് തുടങ്ങുമ്പോള്‍ കഥകളോടും കഥാപാത്രങ്ങളോടും ഉള്ള എന്റെ ആഗ്രഹങ്ങള്‍ നവനീയമായി പുറത്തുവന്നിട്ടുള്ളതാണ്. എം.ടിയുടെ ചുരുക്കം ചില കഥാപാത്രങ്ങളായിട്ടേ നിങ്ങളെന്നെ കണ്ടിട്ടുള്ളൂ. എന്നാല്‍ ഞാന്‍ മനസ്സില്‍ കണ്ടിട്ടുള്ളത് അദ്ദേഹത്തിന്റെ ഒരുപാട് ഒരുപാട് കഥാപാത്രങ്ങളാണ്. അദ്ദേഹത്താല്‍ എഴുതപ്പെട്ടിട്ടുള്ള സംസാരിക്കുന്ന, ജീവിക്കുന്ന കഥാപാത്രങ്ങളായിട്ട് ഞാന്‍ ആലോചിച്ചിട്ടും സ്വപ്നം കണ്ടിട്ടും ഉണ്ട്.

ഒരുപക്ഷേ ആരും കാണാതെ കണ്ണാടിയിലോ വെള്ളത്തിലോ ഒക്കെ നോക്കി എന്റെ മുഖം കഥാപാത്രങ്ങളാക്കി മാറ്റി പരിശീലിച്ചിട്ടുണ്ട്. എംടിയെ എന്നെങ്കിലും പരിചയപ്പെടാന്‍ സാധിക്കുമെന്ന് കുട്ടിക്കാലത്തെ ഞാന്‍ ആഗ്രഹിച്ചിരുന്നു. ഒരു ചലച്ചിത്രോത്സവത്തിന്റെ സായാഹ്നത്തില്‍ അദ്ദേഹത്തെ കാണാനും പരിചയപ്പെടാനും സാധിച്ചു. അതിന് ശേഷമാണ് എനിക്ക് സിനിമയില്‍ അവരസങ്ങള്‍ ഉണ്ടാകുന്നത്. ഇത്രയും കാലം നിങ്ങള്‍ക്ക് മുന്നില്‍ ഇങ്ങനെ നില്‍ക്കാന്‍ ഇടയാക്കിയതും അതു തന്നെയാണ്. ഇത്രയും വര്‍ഷക്കാലം സിനിമയില്‍ നിങ്ങളുടെ സ്നേഹാദരങ്ങള്‍ ഏറ്റുവാങ്ങി ആസ്വദിച്ച് നിലനിന്ന് പോകുന്നു. നവീകരിക്കപ്പെട്ട സാഹിത്യ രചനകളുള്ള അപൂര്‍വ്വം എഴുത്തുകാരില്‍ ഒരാളാണ് എം.ടി. അദ്ദേഹത്തിന്റെ സിനിമകളില്‍ അഭിനയിച്ച ആളാണ് ഞാന്‍ എന്ന് പറയുമ്പോള്‍ തന്നെ എനിക്ക് കിട്ടുന്ന പ്രത്യേക അംഗീകാരവും ബഹുമാനവും ആസ്വദിക്കുന്ന ഒരാളാണ് ഞാന്‍. അതിനെല്ലാം കാരണം അന്ന് ആ ചലചിത്രോത്സവത്തിന്റെ സായാഹ്നത്തില്‍ ഞാന്‍ അദ്ദേഹത്തോട് ഒരു വാക്ക് സംസാരിച്ചപ്പോള്‍ ഉണ്ടായിട്ടുള്ളൊരു കണക്ഷനാണ് അതൊരു മാജിക്കല്‍ കണക്ഷനായി തന്നെ ഇപ്പോഴും നിലനില്‍ക്കുന്നു.

ഇക്കഴിഞ്ഞ നാലഞ്ച് മാസം മുന്‍പ് അദ്ദേഹത്തിന്റെ എഴുത്തിലെ കഥാപാത്രമായി അഭിനയിച്ച് തീര്‍ത്തിട്ടേയുള്ളൂ ഞാന്‍. ഇനിയും ഒരുപാട് കഥാപാത്രങ്ങള്‍ അദ്ദേഹത്തിന്റെ പുസ്തകങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്നുണ്ട്. ഇനിയും ഒരുപാട് നല്ല കഥാപാത്രങ്ങള്‍ക്കായി കാത്തിരിക്കുന്ന ഒരാളാണ് ഞാന്‍. അദ്ദേഹത്തിന്റെ സിനിമയില്‍ അഭിനയിച്ച് ഒരുപാട് പുരസ്‌കാരങ്ങള്‍ എനിക്ക് കിട്ടിയിട്ടുണ്ട്. എന്റെ എല്ലാ പുരസ്‌കാരങ്ങളും ഗുരുദക്ഷിണയായി അദ്ദേഹത്തിന്റെ കാല്‍ക്കീഴില്‍ സമര്‍പ്പിക്കുകയാണ് ഞാന്‍.

Related Stories

No stories found.
logo
The Cue
www.thecue.in