വളരെ ലൗഡ് ആയ കഥാപാത്രത്തിലേക്ക് എല്ലാ ഇമോഷനെയും കൊണ്ടുവരുക എന്ന വെല്ലുവിളി ആദ്യ ചെയ്യുന്ന ആൾ ഞാനല്ല, മമ്മൂക്കയാണെന്ന് ഫഹദ് ഫാസിൽ. രാജമാണിക്യം എന്ന ചിത്രത്തിൽ മമ്മൂക്ക അത് ചെയ്തിട്ടുണ്ടെന്നും ഫഹദ് ഫാസിൽ പറഞ്ഞു. രങ്ക വളരെ ലൗഡ് ആണ് എന്നാൽ അതേ സമയം അയാളിൽ സ്നേഹമുണ്ട്, ആശങ്കയുണ്ട്, ഒരു സങ്കടമുണ്ട് അങ്ങനെ മറ്റൊരു വശമുണ്ട്. ഒരു പഴയ സിനിമ കാണുന്ന എക്സെെറ്റ്മെന്റ് തിയറ്ററിലേക്ക് തിരികെ കൊണ്ട് വരാനാണ് ആവേശത്തിലൂടെ താൻ ശ്രമിച്ചതെന്നും ഗലാട്ട പ്ലസ്സിൽ ഭരദ്വാജ് രംഗനുമായി നടത്തിയ അഭിമുഖത്തിൽ ഫഹദ് പറഞ്ഞു.
ഫഹദ് പറഞ്ഞത് :
രങ്ക വളരെ ലൗഡ് ആണ് എന്നാൽ അതേ സമയം അയാളിൽ സ്നേഹമുണ്ട്, ആശങ്കയുണ്ട്, ഒരു സങ്കടമുണ്ട് അങ്ങനെ മറ്റൊരു വശമുണ്ട്. അങ്ങനെ ഒരു കഥാപാത്രത്തിലേക്ക് അതെല്ലാം തുന്നിച്ചേർക്കാനും ഈ ഘടകങ്ങളെല്ലാം അങ്ങനെ ലൗഡ് ആയ ഒരാളിലേക്ക് കൊണ്ടുവരുന്നത് അൽപ്പം വെല്ലുവിളി നിറഞ്ഞതായിരുന്നു. അങ്ങനെ ആദ്യം ചെയ്യുന്ന ആൾ ഞാനല്ല. 20 വർഷം മുമ്പ് രാജമാണിക്യത്തിൽ മമ്മൂക്ക അത് ചെയ്തിട്ടുണ്ട്. ആ കഥാപാത്രത്തെ ഓർമ്മിപ്പിക്കാനായിരുന്നു ഞങ്ങളുടെ ശ്രമം. തിയറ്ററിൽ ഒരു പഴയ സിനിമ കാണുന്ന എക്സെെറ്റ്മെന്റ് തിരികെ കൊണ്ട് വരണമെന്ന് ഞാൻ ആഗ്രഹിച്ചു. വളരെ കൊമേർഷ്യൽ ആയ സ്ക്രിപ്റ്റുമായി ആണ് ജിതു എന്റെയടുത്ത് വന്നത്. അത്തരത്തിൽ മറ്റൊരു കഥാപാത്രത്തെയും ഞാൻ സമീപിച്ചിട്ടില്ല എന്നതാണ് ആവേശത്തിൽ എനിക്ക് തോന്നിയ പുതുമ.
ഏപ്രിൽ പതിനൊന്നിന് തിയറ്ററുകളിലെത്തിയ ആവേശത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. ചിത്രമിതുവരെ 90 കോടിക്കും മുകളിൽ ആഗോള ബോക്സ് ഓഫീസിൽ നിന്ന് നേടിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒരു കളർഫുൾ ആക്ഷൻ കോമഡി വിഭാഗത്തിൽ ഉൾപ്പെടുന്ന സിനിമയിൽ ഫഹദിന്റെ വൺമാൻ ഷോയാണ് കാണാനാവുക. അൻവർ റഷീദ് എന്റെർറ്റൈന്മെന്റ്സ് ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സിന്റെ ബാനറിൽ അൻവർ റഷീദ്, നസ്രിയ നാസിം എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. സുഷിൻ ശ്യാമിന്റേതാണ് സംഗീതം. സമീർ താഹിറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം