മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത് ചിത്രം മാലികില്‍ ഇസ്ലാമോഫോബിയ കണ്ടില്ലെന്നും ഇസ്ലാമോഫോബിയ ഉണ്ടാക്കിയെടുക്കുകയാണെന്നും നടി മാല പാര്‍വതി. ചരിത്രമാണെന്ന് മഹേഷ് ഒരിടത്തും പറഞ്ഞിട്ടില്ലെന്നും വിഷയം പത്രത്തില്‍ വായിച്ചോ ഇന്‍സ്പയര്‍ ചെയ്‌തോ ഒരാള്‍ക്ക് സിനിമ ചെയ്യാന്‍ പാടില്ലേയെന്നും മാല പാര്‍വതി ചോദിച്ചു.
''മഹേഷിന് ചെയ്യാന്‍ പറ്റുന്ന, പറയാന്‍ തോന്നുന്ന രീതിയില്‍ സിനിമ ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്. വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യവുമുണ്ട്, വിമര്‍ശിക്കട്ടെ സിനിമകളുണ്ടാകട്ടെ. വിമര്‍ശനവും ചര്‍ച്ചയും നമ്മുടെ നാട്ടിലുള്ളതാണ്.
അദ്ദേഹം പറയുന്നത് ഇവിടെ വര്‍ഗീയ കലാപമുണ്ടാക്കുന്നത് സര്‍ക്കാരും പൊലീസും ചേര്‍ന്നിട്ടാണ് അല്ലാതെ മനുഷ്യര്‍ തമ്മില്‍ അങ്ങനെ യുദ്ധങ്ങളൊന്നും ഉണ്ടായിട്ടില്ല എന്നാണ്,'' മാല പാര്‍വതി പറഞ്ഞു. മീഡിയ വണ്ണിനോടായിരുന്നു മാലാ പാര്‍വതിയുടെ പ്രതികരണം.
നേരത്തെ ആഷിഖ് അബു ചെയ്യാനിരുന്ന സിനിമക്ക് നേരെ സംഘപരിവാര്‍ എന്തൊരു ബഹളമായിരുന്നു. സിനിമ തുടങ്ങും മുമ്പേ വിമര്‍ശനമുണ്ടായില്ലേ.
ഇതൊരു ജനാധിപത്യ രാജ്യമാണ്. ഇവിടെ ആള്‍ക്കാര്‍ക്ക് സിനിമ ചെയ്യാമല്ലോ! നിങ്ങള്‍ വിമര്‍ശിക്കൂ, ചോദ്യങ്ങള്‍ ഉന്നയിക്കൂ, പക്ഷേ സിനിമ ചെയ്യരുത് എന്ന് പറയരുത്. സിനിമയുടെ ഉള്ളടക്കം അദ്ദേഹത്തിന്റെ മാത്രം സ്വാതന്ത്രൃമല്ലേയെന്നും മാല പാര്‍വതി ചോദിച്ചു.