മഹേഷ് നാരായണന്‍ ഫഹദ് ഫാസിലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന മാലിക് സിനിമയുടെ ട്രെയ്ലർ റിലീസ് ചെയ്തു. സുലൈമാൻ എന്ന ഫഹദ് ഫാസിൽ അവതരിപ്പിക്കുന്ന കഥാപാത്രത്തെ വധിക്കുവാനുള്ള ഗൂഡാലോചനയാണ് ട്രെയിലറിൽ നിന്നും വെളിപ്പെടുന്നത്. മാലിക് എന്ന സിനിമ ഒരു പ്രദേശത്തിന്റെ വളര്‍ച്ച നേരിട്ട് കണ്ട, അതില്‍ ഇടപെട്ട ഒരാളുടെ കഥയാണെന്ന് ഫഹദ് ഫാസില്‍ ദ ക്യുവിനോട് പറഞ്ഞിരുന്നു. ഫഹദ് ഫാസില്‍ 64കാരനായി ആദ്യമായി സ്‌ക്രീനിലെത്തുന്ന സിനിമയുമാണ് മാലിക്. മെയ് പതിമൂന്നിന് സിനിമ തീയറ്ററുകളിൽ റിലീസ് ചെയ്യും
ന്യൂനപക്ഷങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലമാണ് എന്ന സംഭാഷണത്തോടെയാണ് സിനിമയുടെ ട്രെയ്‌ലർ ആരംഭിക്കുന്നത്. തുടർന്ന് സുലൈമാൻ എന്ന ആളെ വധിക്കുവാനായി പോലീസ് തന്നെ ഒരാളെ തിരഞ്ഞെടുക്കുകയാണ്. അഞ്ച് നേരവും നിസ്കരിക്കുന്ന ആളാണ് സുലൈമാൻ. അതുകൊണ്ടു പിറകിൽ നിന്നും ഇങ്ങനെയൊരു പിടി പിടിച്ചാൽ മതി എന്ന് ഇന്ദ്രൻസ് അവതരിപ്പിക്കുന്ന കഥാപാത്രം പറയുന്നുണ്ട്. തുടർന്ന് ഫഹദ് ഫാസിൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ സ്വഭാവം വെളിപ്പെടുത്തുന്ന രീതിയിലുള്ള സംഭാഷങ്ങളിലേയ്ക്കും കഥാപാത്രങ്ങളിലേയ്ക്കുമാണ് ട്രെയ്‌ലർ കടന്നു പോകുന്നത്.
രാജ്യാന്തര ശ്രദ്ധ നേടിയ ടേക്ക് ഓഫ് എന്ന സിനിമക്ക് ശേഷം മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാലിക് . പൊളിറ്റിക്കല്‍ ത്രില്ലര്‍ സ്വഭാവത്തിലാണ് സിനിമ. ഫഹദിന്റെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രമായ മാലിക് ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് നിര്‍മ്മിക്കുന്നത്. 25 കോടി ബജറ്റില്‍ ഒരുങ്ങുന്ന സിനിമ കരിയറിലെ ഏറ്റവും വലിയ ബജറ്റിലുള്ള സിനിമയാണെന്ന് ഫഹദ് ഫാസില്‍ പറഞ്ഞിരുന്നു. മഹേഷ് നാരായണന്‍ ആണ് തിരക്കഥയും എഡിറ്റിംഗും. നിമിഷ സജയന്‍ ആണ് നായിക. ബിജു മേനോൻ, ദിലീഷ് പോത്തൻ, വിനയ് ഫോർട്ട് , ജലജ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ട്രാന്‍സ് പൂര്‍ത്തിയാക്കിയ ശേഷം ഫഹദ് അഭിനയിക്കുന്ന സിനിമയുമാണ് മാലിക്. ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് നിര്‍മ്മാണം.
സാനു ജോണ്‍ വര്‍ഗീസ് ആണ് ക്യാമറ. സുഷിന്‍ ശ്യാം സംഗീതം. സന്തോഷ് രാമന്‍ പ്രൊഡക്ഷന്‍ ഡിസൈനിംഗും നിര്‍വഹിക്കുന്നു. വിഷ്ണു ഗോവിന്ദ് ശ്രീശങ്കര്‍ എന്നിവരാണ് സൗണ്ട് ഡിസൈന്‍. അന്‍വര്‍ അലി ഗാന രചന നിര്‍വഹിക്കുന്നു.
ആരാണ് സുലൈമാന്‍, ഫഹദ് ഫാസില്‍ ദ ക്യുവിനോട്
എന്റെ പ്രായം വിട്ടൊരു കഥാപാത്രവും ഇതുവരെ ചെയ്തിട്ടില്ല. മാലിക് ഒരാളുടെ 25 മുതല്‍ 64 വയസ് വരെയുള്ള കഥയാണ് പറയുന്നത്. ഇത്രയും കാലഘട്ടത്തില്‍ ഒരാളുടെ ജീവിതത്തിലുണ്ടായിരുന്ന കഥ പറയണം. സാധാരണ ഒരുപാട് മേക്കപ്പ് ഒക്കെ വേണമെങ്കില്‍ ഞാന്‍ സിനിമ വിട്ടുകളയാറുണ്ട്. പക്ഷെ മാലിക്കിന്റെ കഥ എനിക്ക് വല്ലാതെയങ്ങ് ഇഷ്ടപ്പെട്ടു. എനിക്കത് ചെയ്യണം. പിന്നെ പ്രായം തോന്നിപ്പിക്കാന്‍ വേണ്ടി കുറേയധികം മേക്കപ്പ് ടെസ്റ്റുകള്‍ മഹേഷ് നാരായണന്‍ ചെയ്ത് തുടങ്ങി. അതൊന്നും കണ്‍വിന്‍സ്ഡായില്ല. അങ്ങനെ ഞാനെന്റെ മുത്തശ്ശന്റെ ഫോട്ടോ രഞ്ജിത്ത് അമ്പാടിയെ കാണിച്ചു. എനിക്ക് ഏഴെട്ട് വയസുള്ളപ്പോള്‍ മരിച്ചുപോയതാണ് പുള്ളി. അത് രഞ്ജിത്ത് നോക്കിയിട്ട് പെട്ടെന്നൊരു സാധനം എനിക്ക് സെറ്റ് ചെയ്ത് തന്നു. അതില്‍ തൃപ്തനാണോയെന്ന് മഹേഷ് ചോദിച്ചു. കോസ്റ്റ്യൂം ഇട്ട് നോക്കിയിട്ട് പറയാമെന്ന് ഞാന്‍ പറഞ്ഞു. രണ്ട് മൂന്ന് ദിവസം അതൊക്ക ഇട്ട് കണ്ണാടിയിലൊക്കെ നോക്കി. ആ കോസ്റ്റ്യൂമില്‍ ഒരു ഫോട്ടോയെടുത്ത് ഞാനെന്റെ മദറിന് അയച്ചുകൊടുത്തു. മുത്തശ്ശന്റെ നല്ല ഛായ ഉണ്ടെന്ന് മദര്‍ പറഞ്ഞു. അതോടെ ഞാനും കോണ്‍ഫിഡന്റായി. പക്ഷെ അതിനേക്കാള്‍ ചലഞ്ചിങ് ആയിരുന്നു ചെറുപ്പം അഭിനയിക്കുക എന്നത്. തൂക്കം കുറയ്‌ക്കേണ്ടതുണ്ട്. മുന്‍പൊരു സിനിമക്കും ഞാന്‍ ഭാരം കുറച്ചിട്ടില്ല. മാലിക്കിലേത് ഒരു നഗരത്തിന്റെ വളര്‍ച്ചയോ, ഗ്രാമത്തിന്റെ വളര്‍ച്ചയോ ഒക്കെ നേരിട്ട് കാണുന്ന ഒരാളുടെ കഥയാണ്.