'ജനഗണമന' എന്ന ചിത്രത്തിന് ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന നിവിൻ പോളി ചിത്രം 'മലയാളി ഫ്രം ഇന്ത്യ'യുടെ ടീസർ പുറത്തു വിട്ട് അണിയറ പ്രവർത്തകർ. ആൽപ്പറമ്പിൽ ഗോപി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ നിവിൻ പോളി എത്തുന്നത്. നിവിന്റെ സ്റ്റൈലിലാണ് മലയാളീ ഫ്രം ഇന്ത്യയിലെ ആൽപറമ്പിൽ ഗോപി എന്ന കഥാപാത്രം എഴുതിയിരിക്കുന്നതെന്ന് മുമ്പ് സംവിധായകൻ ഡിജോ ജോസ് ആന്റണി പറഞ്ഞിരുന്നു. മുമ്പ് ചിത്രത്തിന്റേതായി പുറത്തുവന്ന പാട്ടുകളും പ്രമോകളും പ്രേക്ഷകരിൽ ചിരിയുണർത്തുകയാണ് ചെയ്യുന്നതെങ്കിൽ നിലവിൽ പുറത്തു വന്നിരിക്കുന്ന ടീസർ സിനിമയുടെ ഗൗരവകരമായ മറ്റൊരു മുഖമാണ് കാണിക്കുന്നത്.
ആൽപ്പറമ്പിൽ ഗോപി എന്ന കഥാപാത്രത്തിന്റെ ജീവിതത്തിൽ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം എന്ന സൂചനയാണ് ടീസർ നൽകുന്നത്. ഒരു കംപ്ലീറ്റ് സ്വഭാവത്തിൽ ഒരുങ്ങുന്ന ചിത്രം നിർമിക്കുന്നത് മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൽ സ്റ്റീഫൻ ആണ്. ക്വീൻ, ജനഗണമന എന്നീ ചിത്രങ്ങൾക്ക് ശേഷം ഡിജോ ജോസ് സംവിധാനം ചെയ്യുന്ന സിനിമയാണിത്. ജനഗണമന എന്ന ചിത്രത്തിന് ശേഷം ഷാരിസ് മുഹമ്മദ് തിരക്കഥയെഴുതുന്ന ചിത്രം കൂടിയാണ് മലയാളി ഫ്രം ഇന്ത്യ.
നിവിൻ പോളിക്കൊപ്പം അനശ്വര രാജൻ, ധ്യാൻ ശ്രീനിവാസൻ, മഞ്ജു പിള്ള, സലിം കുമാർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനപ്പെട്ട അഭിനേതാക്കൾ. കൃഷ്ണ എന്ന കഥാപാത്രത്തെയാണ് അനശ്വര അവതരിപ്പിക്കുന്നത്. ചിത്രം മെയ് 1ന് തിയറ്ററുകളിലെത്തും