രണ്ട് കുടുംബങ്ങളുടെ കഥയുമായി വിഷ്ണു ഉണ്ണികൃഷ്ണൻ; വി സി അഭിലാഷ് സംവിധാനം ചെയ്യുന്ന എ പാൻ ഇന്ത്യൻ സ്റ്റോറി

രണ്ട് കുടുംബങ്ങളുടെ കഥയുമായി വിഷ്ണു ഉണ്ണികൃഷ്ണൻ; വി സി അഭിലാഷ് സംവിധാനം ചെയ്യുന്ന എ പാൻ ഇന്ത്യൻ സ്റ്റോറി
Published on

വിഷ്ണു ഉണ്ണികൃഷ്ണനെ പ്രധാന കഥാപാത്രമാക്കി ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് വി സി അഭിലാഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് എ പാൻ ഇന്ത്യൻ സ്റ്റോറി. അമേരിക്ക കേന്ദ്രമാക്കിയുള്ള മലയാള ചലച്ചിത്ര നിർമ്മാണ കമ്പനിയായ നല്ല സിനിമ പ്രൊഡക്ഷൻസിന്റെ ബാനറിൽ അമേരിക്കൻ മലയാളിയും നടനുമായ ഫഹദ് സിദ്ദിക്കാണ് ചിത്രം നിർമിക്കുന്നത്. രണ്ട് കുടുംബങ്ങളും പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പുതുമുഖം വിസ്മയ ശശികുമാറാണ്.

ആളൊരുക്കം എന്ന ആദ്യ ചിത്രത്തിലൂടെ നടൻ ഇന്ദ്രൻസിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് ആദ്യമായി നേടിക്കൊടുത്തതിലൂടെയാണ് വി സി അഭിലാഷ് ശ്രദ്ധിക്കപ്പെടുന്നത്. ഒട്ടേറെ ദേശീയ അന്തർദേശീയ പുരസ്കാരങ്ങൾ നേടിയ ആളൊരുക്കം ബ്രിക്സ് ഇൻ്റർ നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് ഇന്ത്യയുടെ ഒഫിഷ്യൽ എൻട്രി നേടിയ ആദ്യ മലയാള ചിത്രമാണ്. ആളൊരുക്കത്തിന് ശേഷം വി സി അഭിലാഷ് ഒരുക്കിയ ചിത്രമായിരുന്നു സബാഷ് ചന്ദ്രബോസ്. സബാഷ് ചന്ദ്രബോസി'ലും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് വിഷ്ണു ഉണ്ണികൃഷ്ണനായിരുന്നു. ആഫ്രിക്ക ഇൻ്റർ നാഷണൽ ഫിലിം ഫെസ്റ്റിവല്ലിൽ തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ സിനിമ കൂടിയായിരുന്നു സബാഷ് ചന്ദ്രബോസ്.

ജോണി ആൻ്റണി, ധർമ്മജൻ ബോൾഗാട്ടി, രമ്യ സുരേഷ്, ശൈലജ അമ്പു, സംസ്ഥാന അവാർഡ് ജേതാവായ ബാലതാരം ഡാവിഞ്ചി, പാർവണ ദാസ്, ഋതുപർണ്ണ, വിജയനുണ്ണി, ഡോ. ഷിറിൽ എന്നിവരാണ് എ പാൻ ഇന്ത്യൻ സ്റ്റോറിയിലെ മറ്റ് പ്രധാന അഭിനേതാക്കൾ. എൽദോ ഐസക്ക് ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റർ: വിഷ്ണു വേണുഗോപാൽ, സംഗീതം: ഭൂമി, സൗണ്ട് ഡിസൈനർ: ഷൈജു എം, ആർട്ട്: റെജു, കളറിംഗ്: വിഎഫെക്സ്: ഷിനു, പ്രൊഡക്ഷൻ കൺട്രോളർ: വിജയനുണ്ണി.

ശ്രീജിത്ത് വിജയൻ എഴുതി സംവിധാനം ചെയ്ത 'ഇടിയൻ ചന്തു' ആണ് വിഷ്ണു ഉണ്ണികൃഷ്ണന്റേതായി ഒടുവിലായി തിയറ്ററുകളിലെത്തിയ ചിത്രം. ആക്ഷനോടൊപ്പം നർമ്മവും വൈകാരിക ജീവിത മുഹൂർത്തങ്ങളും പ്രമേയമാക്കി എത്തിയ ചിത്രമായിരുന്നു ഇടിയൻ ചന്തു. ഹാപ്പി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ സുബൈർ, റയിസ്, ഷഫീക്ക്, വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീജിത്ത് വിജയൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in