ഓസ്‌കാര്‍ അക്കാദമിയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജില്‍ ഇടം പിടിച്ച് മലയാള ചിത്രം ജൂണിലെ രംഗം. ലോക സിനിമയിലുള്ള സ്ത്രീ കഥാപാത്രങ്ങളെ ഫീച്ചര്‍ ചെയ്യുന്ന വിഡിയോയിലാണ് ചിത്രത്തിലെ ഒരു ഭാഗം ഇടം നേടിയത്. 'ജൂണ്‍' ഉള്‍പ്പെടെ വിഡിയോയിലുള്ള 23 സിനിമകളുടെ പേരും പ്രസ്തുത പോസ്റ്റില്‍ അക്കാദമി പരാമര്‍ശിച്ചിട്ടുണ്ട്. സിനിമയില്‍ രജിഷ വിജയന്റെ കഥാപാത്രം പൊട്ടിച്ചിരിക്കുന്ന ഭാഗമാണ് വിഡിയോയില്‍ ചേര്‍ത്തിരിക്കുന്നത്. തന്നെയും ചിത്രത്തെയും വീഡിയോയുടെ ഭാഗമാക്കിയതില്‍ രജിഷ വിജയന്‍ അക്കാദമിയോട് സാമൂഹ്യമാധ്യമത്തിലൂടെ നന്ദിയും ആഹ്ലാദവും അറിയിച്ചു. കൂടാതെ ഇതേ വീഡിയോ സ്വന്തം അക്കൗണ്ടിലൂടെ നടി പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. 'യാത്രയാണ് ഏറ്റവും മികച്ച കാര്യം' എന്ന അടിക്കുറിപ്പോടുകൂടിയാണ് അക്കാദമി വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഓസ്‌കാര്‍ ജേതാവായ എമ്മ സ്റ്റോണ്‍, സ്‌കാര്‍ലെറ്റ് ജൊഹാന്‍സന്‍, മാര്‍ഗോട്ട് റോബിന്‍, എമ്മ വാട്‌സണ്‍ എന്നിവരാണ് വിഡിയോയിലുള്ള മറ്റ് അഭിനേതാക്കള്‍.
ചിത്രത്തിന്റെ സംവിധായകന്‍ അഹമ്മദ് കബീറും നിര്‍മ്മാതാവ് വിജയ് ബാബുവും രജിഷ വിജയനും ചേര്‍ന്നാണ് അക്കാദമിയുടെ വിഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. സിനിമ ഫീച്ചര്‍ ചെയ്യപ്പെട്ടതിനെക്കുറിച്ച് സംവിധായകന്റെ കുറിപ്പും ഈ പോസ്റ്റിലുണ്ട്. 'നമ്മളുടെ സിനിമ ഓസ്‌കാര്‍ അക്കാദമിയുടെ പേജില്‍ ഫീച്ചര്‍ ചെയ്യപ്പെട്ടിരിക്കുന്നു. സിനിമയിലെ വളരെ ചെറിയ ഒരു ഷോട്ടാണ് വിഡിയോയില്‍ ഉപയോഗിച്ചിട്ടുള്ളത്. പക്ഷെ എന്റെ ഹൃദയമിടിപ്പ് ഇരട്ടി വേഗത്തിലായി. എനിക്ക് ഇപ്പോള്‍ വാക്കുകള്‍ കിട്ടുന്നില്ല. അത്രയധികം സന്തോഷത്തിലാണ് ഞാനുള്ളത്. ദൈവത്തിന് നന്ദി'. ജൂണിന്റെ ഭാഗമായ എല്ലാവര്‍ക്കും നന്ദി എന്ന് പറഞ്ഞുകൊണ്ടാണ് സംവിധായകന്‍ അഹമ്മദ് കബീര്‍ കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്. നിരവധി അഭിനേതാക്കളും പ്രമുഖരുമാണ് ഇപ്പോള്‍ പോസ്റ്റിന് ആശംസകളുമായി എത്തുന്നത്.
രജിഷ വിജയന്‍, സണ്ണി വെയ്ന്‍, സര്‍ജാനോ ഖാലിദ്, അര്‍ജുന്‍ അശോകന്‍, ജോജു ജോര്‍ജ്ജ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി 2019 ല്‍ പുറത്തുവന്ന ചിത്രമാണ് 'ജൂണ്‍'. സംവിധായകന്‍ അഹമ്മദ് കബീറിന്റെ ആദ്യ ചിത്രം കൂടിയായിരുന്നു ഇത്. തിയറ്ററില്‍ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.