കൊവിഡ് സ്തംഭിപ്പിച്ച ആറ് മാസത്തിന് ശേഷം മലയാള സിനിമയിൽ ചിത്രീകരണവും സിനിമാ നിർമ്മാണവും ഭാഗികമായി പുനരാരംഭിക്കുന്നു. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ റോജിൻ സംവിധാനം ചെയ്യുന്ന 'ഹോം', സുരാജ് വെഞ്ഞാറമ്മൂടിനെ നായകനാക്കി സുനിൽ ഇബ്രാഹിം സംവിധാനം ചെയ്യുന്ന 'റോയ്', ടൊവിനോ തോമസ് നായകനായ 'കള' എന്നീ സിനിമകളാണ് ചിത്രീകരണത്തിലേക്ക് കടന്നത്. കൂടുതൽ സിനിമകൾ നവംബറിൽ ചിത്രീകരണം തുടങ്ങാനും ആലോചിക്കുന്നുണ്ട്. നിലവിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് കർശന നിയന്ത്രണങ്ങളോടെയാണ് ഷൂട്ടിംഗെന്ന് അണിയറക്കാർ പറയുന്നു.
കൊവിഡിനിടയിൽ ചിത്രീകരണം ആരംഭിച്ച ചിത്രം 'ഹോമി'ന്റെ പ്രൊഡക്ഷൻ കൺട്രോളർ ഷിബു ജി സുശീലൻ 'ദ ക്യു'വിനോട്,
മുൻകരുതലുകളും ലോക്കേഷനുള്ളിലെ നിയന്ത്രണങ്ങളും
ഷൂട്ടിങ് തുടങ്ങുന്നതിന് കുറച്ച് മുമ്പ് തന്നെ ആർട്ട്, കോസ്റ്റ്യൂംസ്, അങ്ങനെ കൂടുതൽ ആളുകൾ ജോലി ചെയ്യേണ്ട ഇടങ്ങളിലെ പണികളെല്ലാം മുമ്പേ തീർത്തിരുന്നു. ഷൂട്ട് തുടങ്ങിയപ്പോൾ ലൊക്കേഷനിൽ ആളുകളുടെ എണ്ണം കുറച്ചു. സാധാരണ ഷൂട്ടിങ് സമയത്ത് കോസ്റ്റ്യൂംസ് എല്ലാം പാരലലി ചെയ്യലായിരുന്നു പതിവ്. അത് പൂർണ്ണമായും ഒഴിവാക്കി. ക്രെയ്നിൽ 4 പേരും യൂണിറ്റിൽ 5 പേരും പ്രൊഡക്ഷനിൽ 3 പേരുമാണ് ഇപ്പോൾ ഉളളത്. സാധാരണ ക്രെയ്നിൽ 7 പേരും പ്രൊഡക്ഷനിൽ 9 പേരും യൂണിറ്റിൽ 12 മുതൽ 13 വരെ ആളുകളും വർക്ക് ചെയ്തിരുന്ന ഇടത്താണ് ഇപ്പോൾ ആകെ 13 പേർ ജോലി ചെയ്യുന്നത്. ഫുഡ് കണ്ടൈനറിൽ പാഴ്സലായി സൈറ്റ്ലേയ്ക്ക് എത്തും. ഓരോരുത്തർക്കും ഓരോ പാഴ്സൽ വീതം നൽകുന്നു. റൂമിലേയ്ക്ക് ഒരു കാൻ കുടിവെള്ളവും കൊടുത്തുവിടുന്നു. അതാണ് ഇപ്പോൾ ഉള്ള രീതി. മുമ്പ് റൂമിലേയ്ക്ക് സേർവ് ചെയ്യുമായിരുന്നു. ഇപ്പോൾ അതില്ല. ചായ ഇടാൻ മാത്രമാണ് പ്രൊഡക്ഷനിൽ ആളുളളത്. സാധാരണ ലൊക്കേഷനിൽ റണ്ട് വാഹനങ്ങൾ ഉപയോഗിക്കുന്നിടത്ത് ഇപ്പോൾ ഒന്നു മാത്രമാണ് ഉണ്ടാവുന്നുള്ളു. അങ്ങനെ വണ്ടികളുടെ എണ്ണവും കുറഞ്ഞു.
പുതിയ ഷൂട്ടിങ് രീതി കൊണ്ടുളള ലാഭം
ഈ സമയം സിനിമ നടക്കണമെങ്കിൽ ചിലവുചുരുക്കൽ അനിവാര്യമാണ്. സാധാരണ 100 മുതൽ 120 വരെ ആളുകളാണ് സൈറ്റിൽ ഉണ്ടാവാറ്. ഈ ചിത്രത്തിന് 63 പേർ മാത്രമാണ് ലൊക്കേഷനിൽ ഉളളത്. ഇതൊരു ചെറിയ സിനിമ ആയതുകൊണ്ടും കോവിഡിന്റെ സമയത്ത് ചിത്രീകരണം നടക്കുന്നതുകൊണ്ടും ആർട്ടിസ്റ്റുകൾക്കും ടെക്നീഷ്യൻസിനും മറ്റ് ജോലി ചെയ്യുന്നവർക്കുമെല്ലാം ഒരുമിച്ച് ഒരിടത്താണ് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. സാഹചര്യങ്ങൾ മനസിലാക്കി ചെറിയ സൗകര്യങ്ങളിൽ താമസിക്കാൻ ഇന്ദ്രൻസേട്ടനും മറ്റ് ആക്ടേഴ്സും തയ്യാറായി. മൊത്തം തൊഴിലാളികൾക്കും ജോലി കൊടുക്കാൻ കഴിയുന്നില്ല. ചിലവ് ചുരുക്കി നല്ല സിനിമ എടുക്കുക എന്നത് മാത്രമാണ് ഇപ്പോൾ നോക്കുന്നത്. അങ്ങനെ എല്ലാവരും എടുത്തു തുടങ്ങുമ്പോൾ സാവധാനം എല്ലാവർക്കും ജോലി ആകുമെന്ന് കരുതുന്നു. ഇപ്പോൾ ആർട്ടിസ്റ്റ്സും സഹകരിക്കുന്നുണ്ട്. മുമ്പ് 20, 25 ലക്ഷം പ്രതിഫലം വാങ്ങിയിരുന്നവർ 10നും 15നും ചെയ്യാൻ തയ്യാറാവുന്നുണ്ട്. കുറഞ്ഞ ചിലവിൽ മുമ്പത്തിനേക്കാൾ നന്നായി കാര്യങ്ങൾ നടക്കുന്നു എന്നതാണ് എടുത്തു പറയേണ്ട ലാഭം.
കോവിഡ് കാരണം സ്ക്രിപ്റ്റിൽ മാറ്റം?
2017ൽ സെലക്ട് ചെയ്ത സ്ക്രിപ്റ്റ് ആണ്. കോവിഡ് കാരണം സ്ക്രിപ്റ്റിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. ക്രൗഡ് വരുന്ന 2 ദിവസത്തെ ഔട്ട് ഡോർ ഷൂട്ടുകളാണ് നടക്കാനുളളത്. ആ 2 ദിവസം ഒഴികെയുളള ഷൂട്ട് ഇപ്പോൾ തീർക്കും. പിന്നീട് ഡബ്ബിങും മറ്റ് കാര്യങ്ങളും നടക്കുന്നതിനിടയിൽ ഗവൺമെന്റിന്റെ പെർമിഷൻ ലഭിച്ചതിന് ശേഷം ക്രൗഡ് ഷൂട്ടും പൂർത്തിയാക്കും.
സംവിധായകൻ ഉൾപ്പടെ പുതുമുഖങ്ങളാകുന്ന ഫഹദ് ഫാസിൽ ചിത്രം അടുത്ത ആഴ്ച ചിത്രീകരണം ആരംഭിക്കും. ജോജുവിനെ നായകനാക്കി ഡൊമിൻ ഡി സിൽവ സംവിധാനം ചെയ്യുന്ന ചിത്രവും ഈ മാസം പകുതിയോടെ ചിത്രീകരണം തുടങ്ങും. മോഹൻലാൽ നായകനാകുന്ന 'ദൃശ്യം 2' ആണ് ഈ അടുത്ത ആഴ്ച ആരംഭിക്കുന്ന മറ്റൊരു ചിത്രം. ആലുവയിൽ ചിത്രത്തിന്റെ ഇന്റോർ ഷൂട്ടിന് ആവശ്യമായ ആർട്ട് വർക്കുകൾ തുടങ്ങി എന്നാണ് ലഭിക്കുന്ന വിവരം. സിബി മലയിൽ സംവിധായകനാകുന്ന ചിത്രം ഒക്ടോബറിൽ ഷൂട്ടിങ് ആരംഭിക്കും. നായകനെ കുറിച്ചോ മറ്റ് കഥാപാത്രങ്ങളെ കുറിച്ചോ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. 'ടോൾഫ്രീ-1600-600-60' എന്ന എക്സ്പിരിമെന്റൽ ത്രില്ലർ ചിത്രവും ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കും. ടൊവിനോ തോമസിന്റെ ആദ്യചിത്രം 'പ്രഭുവിന്റെ മക്കൾ' സംവിധാനം ചെയ്ത ശ്രീ. സജീവൻ അന്തിക്കാടാണ് സംവിധായകൻ.