ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് മോഹൻലാൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മലൈക്കോട്ടെെ വാലിബൻ ക്രിസ്മസ് റിലീസായി തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ തിയറ്റർ ചാർട്ടിങ്ങുകൾ ആരംഭിച്ചു. ഈ വർഷത്തെ ഏറെ പ്രതീക്ഷയുള്ള മലയാള ചിത്രങ്ങളിലൊന്നാണ് മലൈക്കോട്ടൈ വാലിബൻ. ചിത്രം എല്ലാ കളക്ഷൻ റെക്കോർഡുകളും ഭേദിക്കുമെന്ന് കരുതുന്ന സിനിമയാണെന്ന് തിയറ്ററുടമയും ഫിയോക് പ്രതിനിധിയുമായ സുരേഷ് ഷേണായ് ക്യു സ്റ്റുഡിയോയോട് പറഞ്ഞിരുന്നു.
അണിയറ പ്രവർത്തകർ മുമ്പ് പുറത്തുവിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഏറെ ശ്രദ്ധനേടിയിരുന്നു. ഒരു വെസ്റ്റേൺ ഫിലിമിന്റെ രീതിയിലാണ് മലൈക്കോട്ടൈ വാലിബനെ ട്രീറ്റ് ചെയ്തിരിക്കുന്നതെന്നും മ്യൂസിക്കും കളർ പാറ്റേൺസും സിറ്റുവേഷൻസും ആക്ഷൻസുമൊക്കെ മലയാളത്തിൽ ആദ്യമായി കാണുന്ന തരത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും മുമ്പ് മലൈക്കോട്ടെെ വാലിബനെക്കുറിച്ച് മോഹൻലാൽ പറഞ്ഞിരുന്നു. ജോണ്‍ മേരി ക്രിയേറ്റിവിന്റെ ബാനറില്‍ ഷിബു ബേബി ജോണ്‍, സെഞ്ച്വറി ഫിലിംസിന്റെ ബാനറില്‍ കൊച്ചുമോന്‍, മാക്സ് ലാബിന്റെ അനൂപ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്.
ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് പി എസ് റഫീക്കാണ്. ആമേന് ശേഷം റഫീഖിന്റെ തിരക്കഥയിൽ ലിജോ പെല്ലിശേരി സംവിധാനം ചെയ്യുന്ന ചിത്രവുമാണ് മലൈക്കോട്ടൈ വാലിബൻ. രാജസ്ഥാൻ, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് ചിത്രത്തിന്റെ ചിത്രീകരണം നടന്നത്. മധു നീലകണ്ഠനാണ് ക്യാമറ. ലിജോ ജോസ് പെല്ലിശ്ശേരിയുടെ തന്നെയാണ് കഥ. സൊണാലി കുൽക്കർണി, ഹരീഷ് പേരടി,ഡാനിഷ് സെയ്ത്, രാജീവ് പിള്ളൈ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. മലയാളം, തമിഴ്, തെലുങ്ക് കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ ആണ് ചിത്രം പുറത്തിറങ്ങുന്നത്.