മലൈക്കോട്ടൈ വാലിബൻ ഒരു അബദ്ധമല്ലെന്ന് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. കൂട്ടം കൂടിയിരുന്ന് മുത്തശ്ശിക്കഥ കേൾക്കുന്ന ബാല്യകാലത്തിന്റെ ഓർമ്മയ്ക്കും അത് അനുഭവിക്കാൻ സാധിക്കാത്ത കുട്ടികൾക്കും ഇനി വരാനിരിക്കുന്ന തലമുറയിലെ കുട്ടികൾക്കും വേണ്ടി ഞാൻ കൊടുത്ത ഒരു ട്രിബ്യൂട്ടാണ് വാലിബൻ എന്നും ലിജോ പറയുന്നു. സിനിമ കണ്ട് അഭിപ്രായം പറയണമെന്നും നെഗറ്റീവ് റിവ്യൂവിനെപ്പറ്റി ചിന്തിക്കുന്നില്ല എന്നും ലിജോ പറഞ്ഞു. വാലിബൻ ഫെരാരി എൻജിൻ വച്ച് ഓടുന്നൊരു വണ്ടിയല്ല, ഇതൊരു മുത്തശ്ശിക്കഥയുടെ വേഗത മാത്രമുള്ള സിനിമയാണ്. അതിൽ നമ്മൾ ഒളിപ്പിച്ചിരിക്കുന്ന വലിയ കാഴ്ചകളുണ്ട്. സിനിമയുടെ വേഗത, കഥ പറയുന്ന രീതി ഇതെല്ലം നമ്മൾ കണ്ടു ശീലിച്ച സിനിമയിലെ പോലെ തന്നെ ആകണമെന്ന് എന്തുകൊണ്ട് വാശി പിടിക്കണം? സിനിമയുടെ വേഗത പോര എന്ന് പറയുന്നതിൽ എനിക്ക് അഭിപ്രായവ്യത്യാസം ഉണ്ട് എന്നും ലിജോ പറഞ്ഞു. നമ്മുടെ കാഴ്ച മറ്റൊരാളുടെ വാക്കിനെ അടിസ്ഥാനപ്പെടുത്തിയാകരുത്. നമ്മുടെ കാഴ്ച നമ്മുടേത് മാത്രമാണ്. സിനിമ സ്വീകരിക്കപ്പെട്ടില്ലെങ്കിൽ സീക്വലും പ്രീക്വലും ആലോചിക്കാൻ കഴിയില്ലെന്നും വിളിച്ചു ചേർത്ത പ്രസ്സ് മീറ്റിൽ ലിജോ വ്യക്തമാക്കി.
ലിജോ ജോസ് പറഞ്ഞത്:
എന്റെയൊക്കെ ചെറുപ്പത്തിൽ നമ്മുടെ അമ്മൂമ്മമാരുടെ ചുറ്റുമിരുന്ന് കഥ കേൾക്കുന്ന ഒരു അനുഭവമുണ്ട് എനിക്ക്. അത്തരത്തിൽ ഒരു അനുഭവം ഇല്ലാത്ത ജനറേഷനിൽക്കൂടിയാണ് അല്ലെങ്കിൽ ഇനി വരുന്ന ജനറേഷൻ ഒരിക്കലും അത്തരത്തിൽ ഒരു അനുഭവം കിട്ടാൻ പോകുന്ന ആളുകളല്ല. അന്നത്തെ കഥകൾ കുട്ടികളിൽ ഉണ്ടാക്കിയിരുന്ന ഒരു എക്സെെറ്റ്മെന്റുണ്ട്. അതിലുണ്ടാകുന്ന അതിമാനുഷികരായ ഹീറോസ് ഭൂതങ്ങളുടെ കഥ, നിധിയുടെ കഥ, കള്ളന്മാരുടെ കഥ, എന്നൊക്കെ പറഞ്ഞ് ഒരുപാട് കഥകൾ ഞാനൊക്കെ ചെറുപ്പത്തിൽ കേട്ടിട്ടുണ്ട്. അത്തരം ഒരു അനുഭവം എന്റെ ഉള്ളിൽ കിടക്കുന്നത് കൊണ്ടും അത്തരത്തിലുള്ള ഒരു ചെറിയ കുട്ടിക്ക് വേണ്ടി ഞാൻ കൊടുത്ത ഒരു ട്രിബ്യൂട്ട് പോലൊരു സിനിമയാണ് അത്. ആ കഥ കേൾക്കുന്നൊരു സുഖമുണ്ടാക്കാൻ ഈ സിനിമയ്ക്ക് കഴിയും. അതിൽ പൂർണ്ണമായും വിശ്വസിച്ചാണ് ഈ സിനിമ എടുത്തിരിക്കുന്നത്. ഇതൊരു അബദ്ധമല്ല.
ഴോണർ ലെസ്സ് ആയ ഒരു അമർചിത്രകഥ വായിക്കുന്നത് പോലെയുള്ള കഥയാണ് മലൈക്കോട്ടൈ വാലിബന്റേതെന്ന് മുമ്പ് തന്നെ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞിരുന്നു. ഈ കഥ എവിടെ വേണമെങ്കിലും നടക്കാവുന്നതാണ് അതുകൊണ്ട് തന്നെ ഴോണർ ലെസ്സ് ആണ് ചിത്രം. ആ കഥയെ നമ്മൾ ത്രില്ലറാണ്, ആക്ഷൻ ഫിലിം ആണ് എന്ന തരത്തിൽ ഴോണർ സ്പെസിഫിക് ആക്കാതെ പറയാനാണ് ശ്രമിച്ചിരിക്കുന്നത് എന്നും ലിജോ വ്യക്തമാക്കിയിരുന്നു. കാലങ്ങളും ദേശങ്ങളും ഇല്ലാത്തൊരു സിനിമയാണ് മലൈക്കോട്ടൈ വാലിബനെന്നാണ് മോഹൻലാൽ ചിത്രത്തിന്റെ പ്രസ് മീറ്റിൽ പറഞ്ഞത്. ഒരു കഥ പറയുമ്പോൾ എന്തൊക്കെ വേണോ അതെല്ലാം ഈ സിനിമയിലുണ്ട്. അതിൽ പ്രണയമുണ്ട്, വിരഹമുണ്ട്, ദുഖമുണ്ട്, അസൂയയുണ്ട്, സന്തോഷമുണ്ട്, പ്രതികാരമുണ്ട് തുടങ്ങിയ ഹ്യൂമൻ ഇമോഷൻസ് എല്ലാമുള്ള സിനിമയാണിതെന്നും പല ഭാഷകളിലേക്ക് ഡബ്ബ് ചെയ്യുന്ന സമയത്ത് അവിടത്തെ ആളുകൾ പറഞ്ഞത് അവരാരും ഇത്തരത്തിൽ ഒരു സിനിമ കണ്ടിട്ടില്ല എന്നുമാണെന്ന് മോഹൻലാൽ പറഞ്ഞിരുന്നു.