ഒരുപാട് കഷ്ടതകൾക്കിടയിലും ടീം വർക്കും ടീം സ്പിരിറ്റും കൊണ്ട് മുന്നോട്ട് പോയി പൂർത്തിയാക്കിയ ചിത്രമാണ് 'മലൈക്കോട്ടൈ വാലിബൻ' എന്ന് നിർമാതാവ് ഷിബു ബേബി ജോൺ. ഷൂട്ടിങ് തീർന്നു പിരിയുമ്പോൾ എല്ലാവർക്കും ഒരു നൊമ്പരമായിരുന്നു. കാരണം നിരവധി സ്ട്രെയിനുകൾക്കിടയിലും എല്ലാവർക്കുമിടയിൽ വല്ലാത്തൊരു ആത്മബന്ധം രൂപപ്പെട്ടിരുന്നു. 2023 അവസാനത്തോടെ മലൈക്കോട്ടൈ വാലിബൻ തിയറ്ററുകളിൽ റിലീസ് ചെയ്യും. റിലീസിന്റെ കാര്യത്തിൽ അന്തിമ തീരുമാനങ്ങൾ ഒന്നും ഇപ്പോൾ എടുത്തിട്ടില്ലെന്നും ഷിബു ബേബി ജോൺ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.
ഷിബു ബേബി ജോൺ ക്യു സ്റ്റുഡിയോയോട്
രാജസ്ഥാനിലെ മരുഭൂമിയിൽ കൊടും തണുപ്പ് കാരണം ഷൂട്ടിങ് പലതവണ നിർത്തിവക്കേണ്ടി വന്നിട്ടുണ്ട്. ചെന്നൈയിലെ കൊടും ചൂടും ഷൂട്ടിംഗിന് വെല്ലുവിളിയായിരുന്നു. 'മലൈക്കോട്ടൈ വാലിബൻ' ഒരു കംപ്ലീറ്റ് ആക്ഷൻ സിനിമയാണ്. ഈ ഘട്ടത്തിൽ ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിടാത്തത് ബോധപൂർവമാണ്.
മലൈക്കോട്ടൈ വാലിബൻ ദി ഗ്രേറ്റ് ഗാമയെന്ന ഗുസ്തിക്കാരനെ കുറിച്ചാണെന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്നും, അതൊക്കെ ഓരോരുത്തരുടെ ഭാവന മാത്രമാണെന്നും ഷിബു ബേബി ജോൺ മുൻപ് വെളിപ്പെടുത്തിയിരുന്നു.
ലിജോ എന്താണെന്ന് നമ്മൾ പഠിച്ചോണ്ടിരിക്കുന്നേയുള്ളൂ, എല്ലാവർക്കും നന്ദി. സിനിമ ഓടുന്ന കാര്യം പിന്നെയാണ്. ഇന്ത്യൻ സ്ക്രീൻ ഇതുവരെ കാണാത്ത ഒന്നാണ് നാം ക്രിയേറ്റ് ചെയ്തിരിക്കുന്നതെന്നാണ് മോഹൻലാൽ പാക്കപ്പ് പാർട്ടിയിൽ സിനിമയേക്കുറിച്ചു പറഞ്ഞത്. 130 ദിവസം നീണ്ടു നിന്ന തീവ്രമായ ഷൂട്ടിങ്ങിനാണ് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി പാക്കപ്പ് പറഞ്ഞത്. രാജസ്ഥാൻ, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് ചിത്രത്തിന്റെ ചിത്രീകരണം നടന്നത്. മധു നീലകണ്ഠനാണ് ക്യാമറ. തിരക്കഥ എഴുതുന്നത് പി എസ് റഫീഖാണ്. ലിജോയുടേതാണ് കഥ. ആമേന് ശേഷം റഫീഖിന്റെ തിരക്കഥയിൽ ലിജോ സംവിധാനം ചെയ്യുന്ന ചിത്രവുമാണ് മലൈക്കോട്ടൈ വാലിബൻ.
മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ ചിത്രത്തിന്റെ ലൊക്കേഷൻ സ്റ്റില്ലും ഗ്ലിംപ്സും അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. സിനിമയുടെ നേരത്തെ പുറത്ത് വിട്ട പോസ്റ്ററിലെ പോലെ തന്നെ വടം കെട്ടി എന്തോ വലിച്ച് നീക്കുന്ന മോഹൻലാലിനെയാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. വീഡിയോയിലെ വടവും ആൾക്കൂട്ടവും അതിന് ശേഷമുള്ള 'അടിവാരത്ത് കേളു മല്ലന്റെ പതിനെട്ട് കളരി' എന്നൊരു മൈൽക്കുറ്റിയിലെ എഴുത്തുമെല്ലാം ഒരു മല്ലയുദ്ധത്തിന്റെയും ഗുസ്തിയുടെയുമെല്ലാം സ്വഭാവമുള്ളതാണ്.
മലൈക്കോട്ടൈ വാലിബനെക്കുറിച്ച് തിരക്കഥാകൃത്ത് പി.എസ് റഫീഖ് പറഞ്ഞത്
എല്ലാ അർത്ഥത്തിലും, മോഹൻലാൽ ആരാധകരെയും മലയാളി പ്രേക്ഷകനെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന സിനിമ തന്നെയായിരിക്കും ഇതെന്നാണ് എന്റെ വിശ്വാസം. മലയാള സിനിമയെ സംബന്ധിച്ച് മാത്രമല്ല, ഈ സിനിമയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാവരുടെയും കരിയറിലെ ഒരു ടേണിംഗ് പോയിന്റായിരിക്കും ഈ സിനിമ.
ജോൺ മേരി ക്രിയേറ്റിവിന്റെ ബാനറിൽ ഷിബു ബേബി ജോൺ, സെഞ്ച്വറി ഫിലിംസിന്റെ ബാനറിൽ കൊച്ചുമോൻ, മാക്‌സ് ലാബിന്റെ അനൂപ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. സൊണാലി കുൽക്കർണി, ഹരീഷ് പേരടി,ഡാനിഷ് സെയ്ത്, രാജീവ് പിള്ളൈ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. മലയാളം, തമിഴ്, തെലുങ്ക് കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ ആണ് ചിത്രം പുറത്തിറങ്ങുന്നത്.