'പരദൂഷണം സ്ത്രീകളുടെ കുത്തകയെന്ന ക്ളീഷേ എഴുതിതള്ളിയിട്ടുണ്ട് ഈ ചിത്രം'; 'നടന്ന സംഭവം' അതിഗംഭീരമായ സ്ത്രീപക്ഷ സിനിമയാണെന്ന് മാല പാർവതി

'പരദൂഷണം സ്ത്രീകളുടെ കുത്തകയെന്ന ക്ളീഷേ എഴുതിതള്ളിയിട്ടുണ്ട് ഈ ചിത്രം'; 'നടന്ന സംഭവം' അതിഗംഭീരമായ സ്ത്രീപക്ഷ സിനിമയാണെന്ന് മാല പാർവതി
Published on

അതി​ഗംഭീരമായ ഒരു സ്ത്രീപക്ഷ സിനിമയാണ് നടന്ന സംഭവം എന്ന് നടി മലാ പാർവതി. പുരുഷ സൗഹൃദത്തിൽ സംസാരിക്കേണ്ട അല്ലെങ്കിൽ സംസാരിക്കാവുന്ന വിഷയങ്ങൾക്ക് പോലും വിലക്കുള്ള നാടാണ് നമ്മുടേതെന്ന് ഈ ചിത്രം കാണിച്ചു തരുന്നുണ്ടെന്നും നമ്മുടെ ഉള്ളിലെ കപട സദാചാരത്തെയും, മനസ്സിൻ്റെ ഇടുങ്ങിയ ചിന്താഗതിയുടെയും മുന്നിൽ ഒരു കണ്ണാടി പിടിച്ചിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ വിഷ്ണു നാരായണൻ എന്നും മാല പാർവതി പറഞ്ഞു. പരദൂഷണം സ്ത്രീകളുടെ കുത്തകയാണെന്ന ക്ളീഷേ പഴഞ്ചൊല്ലിനെ ഈ ചിത്രം എഴുതിതള്ളിയിട്ടുണ്ട് എന്നും ഫേസ് ബുക്കിൽ പങ്കു വച്ച പോസ്റ്റിൽ മാല പാർവതി പറയുന്നു.

മാല പാർവതിയുടെ ഫേസ് ബുക്ക് പോസ്റ്റ്:

ഇന്ന് ഉള്ളൊഴുക്ക് കണ്ടിറങ്ങിയപ്പോഴാണ് " നടന്ന സംഭവവും" നല്ലതാണ് എന്നറിഞ്ഞത്. എന്നാൽ പിന്നെ അതും കാണാൻ തീരുമാനിച്ചു. ഒരു 'ഫാമിലി എൻ്റർടെയ്നർ " എന്ന ടാഗോടെ വന്ന ചിത്രമായത് കൊണ്ട് തരക്കേടില്ലാത്ത ഒരു സിനിമ പ്രതീക്ഷിച്ചാണ് കയറിയത്. പക്ഷേ നടന്ന സംഭവം വേറെയായിരുന്നു.പുരുഷന്മാരുടെ മദ്യപാന സദസ്സുകളിലെ ഗോസിപ്പ് കഥകളിലൂടെയാണ് ചിത്രം വികസിക്കുന്നത് .ഇന്ദിരാ നഗറിലെ പുരുഷന്മാരുടെ മദ്യപാന സദസ്സ് അജിത്തേട്ടന്റെ വീട്ടിലാണ്. സുരാജ് വെഞ്ഞാറമ്മൂട് ആണ് അജിത്തിനെ അവതരിപ്പിച്ചിരിക്കുന്നത്. ഒരു രാഗം വിസ്തരിക്കുമ്പോൾ.. രാഗത്തിൻ്റെ നിയതമായ സ്വരസ്ഥാനങ്ങളിൽ സ്പർശിച്ച് രാഗത്തിൻ്റെ വിവിധങ്ങളായ ഭാവങ്ങളെ ശ്രോതാവിലേക്ക് പകർന്ന് തരുന്നത് പോലെ അജി എന്ന വ്യക്തിയുടെ ആന്തരികമായ അവസ്ഥയെ സുരാജ് ഗംഭീരമായി അവതരിപ്പിച്ചിരിക്കുന്നു. ''ഭാര്യയുമായുള്ള യൂറോപ്യൻ ട്രിപ്പ് എങ്ങനെ എന്ന ചോദ്യത്തിന് ഉപ്പ് ചാക്കും തലയിൽ ചുമന്ന് തൃശ്ശൂർ പൂരം കണ്ട പോലെ എന്ന തമാശ പറയുന്ന അജി.. സുരാജ് എന്ന നടനിൽ ഭദ്രമായി. ഭർത്താവിനെ ഭയക്കുന്ന, കെട്ടുകാഴ്ചയായി നിൽക്കേണ്ടി വരുന്ന മടുപ്പും ഗതികേടും അസാധ്യമായി അവതരിപ്പിച്ചുട്ടുണ്ട് ലിജോ മോൾ അങ്ങനെയുള്ള ഇന്ദിരാ നഗറിലേക്ക്.. പുരുഷന്മാരുടെ മദ്യ സദസ്സിൽ ചേരാൻ താല്പര്യമില്ലാത്ത.. ഭാര്യയ്ക്ക് ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കി കൊടുക്കുന്ന, സ്വന്തം കാര്യവും, കുടുബ കാര്യവും നോക്കുന്നത് അന്തസ്സിന് കുറവാണെന്ന് കരുതാത്ത ഉണ്ണിയേട്ടൻ എത്തുന്നു. ബിജു മേനോൻ ആണ് ഉണ്ണിയേട്ടനെ അവതരിപ്പിച്ചിരിക്കുന്നത്. ശ്രുതി രാമചന്ദ്രൻ അവതരിപ്പിക്കുന്ന ആത്മാഭിമാനമുള്ള സ്ത്രിയുടെ ഭർത്താവ്. എന്നാൽ ഭർത്താവ് എന്നത് ഭരിക്കാനോ, അധികാരം കാണിക്കാനുള്ള സ്ഥാനമായല്ല ഉണ്ണിയേട്ടൻ കണക്കാക്കുന്നത്. സുഹൃത്തായി, പങ്കാളിയായി കൂട്ടുകാരനെ പോലെയാണ് വീട്ടിൽ. നാട്ടിൽ എല്ലാവരോടും ഉണ്ണിയേട്ടൻ അങ്ങനെയാണ്. ബിജു മേനോൻ ഉണ്ണിയേട്ടനായി അങ്ങ് ജീവിച്ചിട്ടുണ്ട്.

ഇന്ദിരാനഗറിലെ സ്ത്രീകളോടൊപ്പം പച്ചക്കറി വാങ്ങാനിറങ്ങുന്ന രസികനായ മറൈൻ എഞ്ചിനിയർ ഉണ്ണിയേട്ടൻ അജിത്തേട്ടന്റെ മദ്യപാന സദസ്സിലെ ഒരു പ്രശ്നമാകുന്നു. സുധി കോപ്പ അവതരിപ്പിക്കുന്ന ലിങ്കൻ എന്ന ഓൺലൈൻ പത്രക്കാരൻ ഉണ്ണിയേട്ടനെ സ്കെച്ച്‌ ചെയ്യുന്നതോടെ കഥ മാറുന്നു. അതിഗംഭീരമായ ഒരു സ്ത്രീപക്ഷ സിനിമയാണ് '' നടന്ന സംഭവം "സ്ത്രീ പുരുഷ സൗഹൃദത്തിൽ.. സംസാരിക്കേണ്ട, സംസാരിക്കാവുന്ന വിഷയങ്ങൾക്ക് പോലും വിലക്കുള്ള നാടാണ് നമ്മുടേതെന്ന് ചിത്രം നമ്മെ കാണിച്ചു തരുന്നു. നമ്മുടെ എല്ലാം ഉള്ളിലെ കപട സദാചാരത്തെയും, മനസ്സിൻ്റെ ഇടുങ്ങിയ ചിന്താഗതിയുടെയും മുന്നിൽ ഒരു കണ്ണാടി പിടിച്ചിരിക്കുകയാണ് സംവിധായകൻ വിഷ്ണു നാരായണൻ .രജീഷ് ​ഗോപിനാഥൻ ആണ് ചിത്രം എഴുതിരിക്കുന്നത്. പരദൂഷണം സ്ത്രീകളുടെ കുത്തകയാണെന്ന ക്ളീഷേ പഴഞ്ചൊല്ലിനെ എഴുതിതള്ളിയിട്ടുണ്ട് ഈ ചിത്രം.

ഒരു വില്ല കമ്യൂണിറ്റിയും അവിടുത്തെ താമസക്കാരും തമ്മിലുള്ള ചില പ്രശ്നങ്ങളിലൂടെ മുന്നോട്ട് പോകുന്ന ചിത്രമാണ് നടന്ന സംഭവം. ചിത്രത്തിൽ ഉണ്ണിയായി ബിജു മേനോനും അജിത്തായി സുരാജും വേഷമിടുന്നു. ജോ മോൾ, ശ്രുതി രാമചന്ദ്രൻ, ലാലു അലക്സ്, ജോണി ആന്റണി, സുധി കോപ്പ, നൗഷാദ് അലി, ആതിര ഹരികുമാർ, അനഘ അശോക്, ശ്രീജിത്ത് നായർ, എയ്തൾ അവ്ന ഷെറിൻ, ജെസ് സുജൻ തുടങ്ങിയവരും ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. മറഡോണ' എന്ന ചിത്രത്തിന് ശേഷം വിഷ്ണു നാരായണന്റെ സംവിധാനത്തിലെത്തുന്ന ചിത്രത്തിന്റെ നിർമാണം അനൂപ് കണ്ണൻ സ്റ്റോറീസിന്റെ ബാനറിൽ അനൂപ് കണ്ണൻ, രേണു എ എന്നിവർ ചേർന്നാണ്. ചിത്രം മികച്ച പ്രതികരണം നേടി തിയറ്ററിൽ മുന്നേറുകയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in