അന്ന് പൃഥ്വിയും അദ്ദേഹും തമ്മിലൊരു വല്ലാത്ത അടുപ്പം അനുഭവപ്പെട്ടു: മാലാ പാര്‍വതി

അന്ന് പൃഥ്വിയും അദ്ദേഹും തമ്മിലൊരു വല്ലാത്ത അടുപ്പം അനുഭവപ്പെട്ടു: മാലാ പാര്‍വതി
Published on

ഒരിക്കലെങ്കിലും പരിചയപ്പെട്ടിട്ടുള്ള ആര്‍ക്കും മറക്കാന്‍ സാധിക്കില്ലാത്ത ഒരാളായിരുന്നു പ്രതാപ് പോത്തനെന്ന് നടി മാലാ പാര്‍വ്വതി. അദ്ദേഹത്തെ കുറിച്ച് വളരെ നല്ല ഓര്‍മകളാണ് തനിക്കുളളതെന്ന് പറഞ്ഞ മാലാ പാര്‍വ്വതി ഇരുവരും ആദ്യമായി ഒന്നിച്ചഭിനയിച്ച അയാളും ഞാനും തമ്മില്‍ എന്ന സിനിമയിലെ ഷൂട്ടിംഗ് അനുഭവങ്ങള്‍ ദ ക്യുവിനോട് പങ്കുവെച്ചു.

മാലാ പാര്‍വതി പറഞ്ഞത് :

മൂന്നാറില്‍ ലാല്‍ ജോസിന്റെ അയാളും ഞാനും തമ്മില്‍ എന്ന സിനിമയില്‍ അഭിനയിക്കാനായി പോയിരുന്നു. അന്നാണ് ആദ്യമായി പ്രതാപ് പോത്തന്‍ സാറിനെ കാണുന്നത്. സിനിമയില്‍ പൃഥ്വിരാജിനെ ഒരു മെഡിക്കല്‍ ബോര്‍ഡിന് മുന്‍പില്‍ ചോദ്യം ചെയ്യാന്‍ കൊണ്ട് വരുന്ന സീക്വന്‍സാണ് ചെയ്തത്. അതില്‍ ഒരു ബോര്‍ഡ് മെമ്പര്‍ ഞാനായിരുന്നു. അവിടെ വന്ന് പ്രതാപ് പോത്തന്‍ സാര്‍ സംസാരിക്കുന്ന ഒരു സീക്വന്‍സാണ് ഷൂട്ട് ചെയ്തിരുന്നത്. ഒരുപാട് ലൈന്‍സ് ഉള്ളത് കൊണ്ട് അത് പ്രോംമ്പ്റ്റ് ചെയ്ത് കൊടുക്കുന്നത് ലാല്‍ ജോസിന്റെ അസിസ്റ്റന്‍സായിരുന്നു. പക്ഷെ അദ്ദേഹത്തിന് അത് ഇഷ്ടപെടുന്നുണ്ടായിരുന്നില്ല. അപ്പോള്‍ പൃഥ്വി പറഞ്ഞു, ഞാന്‍ പ്രോംട് ചെയ്ത് തരാമെന്ന്. പ്രോംമ്പ്റ്റ് ചെയ്ത് പൃഥ്വിയുടെ ഷോട്ട് കഴിഞ്ഞു. അപ്പോള്‍ സാര്‍ പൃഥ്വിയോട്, പോവുകയാണോ എന്ന് ചോദിച്ചു. അപ്പോള്‍ പൃഥ്വി പറഞ്ഞു, പോകുന്നില്ല എന്ന്. എന്നിട്ട് മുഴുവന്‍ സീനും പ്രോമ്പ്റ്റ് ചെയ്ത് കഴിഞ്ഞിട്ടാണ് രാജു പോയത്. അന്ന് അവര്‍ തമ്മിലുള്ള വല്ലാത്തൊരു ബന്ധവും അടുപ്പവുമെല്ലാം അനുഭവപ്പെട്ടു. അദ്ദേഹം വളരെ നല്ലൊരു മനുഷ്യനായിരുന്നു.

ഒരു കാലഘട്ടത്തിലെ നല്ല സിനിമകള്‍ ഒക്കെ നമ്മള്‍ ഇവരിലൂടെയാണല്ലോ കണ്ടത്. ചാമരം, തകര തുടങ്ങി ഒരുപാട് സിനിമകള്‍. ഭരതന്‍, പത്മരാജന്‍, നെടുമുടി വേണു ചേട്ടന്‍ അങ്ങനെ ഒരു കാലഘട്ടമായിരുന്നല്ലോ ഇവര്‍. അപ്പോള്‍ ആ തലമുറയിലെ ഒരുപാട് കാര്യങ്ങളെ കുറിച്ചും ഫിലിം മേക്കിംഗിനെ കുറിച്ചുമെല്ലാം സാര്‍ സംസാരിക്കുമായിരുന്നു. ഇവര്‍ നമ്മലുള്ള നല്ല ബന്ധങ്ങള്‍ കൊണ്ട് ഉണ്ടായ ഒരുപാട് നല്ല സീക്വന്‍സുകളെ കുറിച്ചുമെല്ലാം അദ്ദേഹം പറഞ്ഞിട്ടുണ്ട്.

എനിക്ക് അദ്ദേഹത്തിനൊപ്പം വളരെ നല്ല ഓര്‍മ്മകളാണ് ഉള്ളത്. അതിന് ശേഷം മറ്റൊരു സിനിമയില്‍ ഞാന്‍ അദ്ദേഹത്തിന്റെ ഭാര്യയായി ഫോട്ടോയില്‍ മാത്രമാണ് വന്നത്. ആ സീക്വന്‍സ് ഡബ്ബ് ചെയ്തിട്ട് എന്നെ അദ്ദേഹം ഫോണ്‍ ചെയ്തു. ഫോട്ടോ തന്നതിന് നന്ദിയൊക്കെ പറഞ്ഞു. ഒരിക്കലെങ്കിലും പരിചയപ്പെട്ട ആര്‍ക്കും അദ്ദേഹത്തെ മറക്കാന്‍ സാധിക്കില്ല.

Related Stories

No stories found.
logo
The Cue
www.thecue.in