മോഹന്‍ലാല്‍ നായകനായെത്തിയ ‘മരക്കാര്‍: അറബിക്കടലിന്‍റെ സിംഹം’ സിനിമയിലെ കപ്പൽ ഉണ്ടാക്കുന്നതിന്‍റെയും കടല്‍ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിന്‍റെയും മേക്കിങ് വിഡിയോ പുറത്ത്‍. സാബു സിറിലിന്റെ നേതൃത്വത്തിലുള്ള ടീം മൂന്ന് വമ്പന്‍ കപ്പലുകളാണ് ചിത്രത്തിനു വേണ്ടി നിർമ്മിച്ചത്. ഒന്നര ഏക്കറോളം വിസ്തൃതിയുള്ള ഒരു ടാങ്ക് നിര്‍മ്മിച്ച ശേഷം അതിലേക്ക് കപ്പലുകള്‍ ഇറക്കിയാണ് കടല്‍ രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. ആ ടാങ്കില്‍ വെളളം നിറച്ചാണ് കടലും തിരയും കൊടുങ്കാറ്റുമെല്ലാം സിനിമയ്ക്കായി സൃഷ്ടിച്ചെടുത്തത്. കപ്പലിനുതന്നെ 60 അടി ഉയരവും 100 അടി നീളവുമുണ്ട്.
20 അടി ഉയരമുള്ള ടാങ്കുകളിൽ വെള്ളം നിറച്ച് ഒരുമിച്ചു തുറന്നുവിട്ടാണ് തിരയുണ്ടാക്കിയത്. മീൻപിടുത്തക്കാർ ഉപയോഗിക്കുന്ന യമഹ എൻജിനുകൾ ഒരുമിച്ചു പ്രവർത്തിപ്പിച്ച് തിരയ്ക്ക് ശക്തി കൂട്ടി. ജെസിബിയുടെ കൈകളിൽ ഡ്രമ്മുകൾ കെട്ടിവച്ച് ആഞ്ഞടിച്ചു തിരയുടെ ഇളക്കമുണ്ടാക്കി.
ടൺ കണക്കിനു സോപ്പുപൊടിയിട്ട് അതിൽ കടലിലെ വെളുത്ത പതയുണ്ടാക്കി. നൂറുകണക്കിനു പേരുടെ അധ്വാനത്തിന്റെ ഫലമായിരുന്നു കപ്പലിലെ ആ യുദ്ധരംഗങ്ങളെന്ന് മേക്കിങ് വീഡിയോ കാണിച്ചുതരുന്നു.