സിനിമയുടെ കളക്ഷനെക്കുറിച്ച് മറ്റ് താരങ്ങള്‍ക്കുള്ള വേവലാതികള്‍ ഇല്ലാത്ത നടനാണ് മമ്മൂട്ടിയെന്ന് സംവിധായകന്‍ മഹേഷ് നാരായണന്‍. ചെറിയ കഥാപാത്രം ആണെങ്കിലും പുതിയതായി എന്താണ് ചെയ്യാനുള്ളത് എന്നാണ് അദ്ദേഹം നോക്കുന്നത്. വലിയ താരങ്ങള്‍ക്കുള്ള ഉത്കണ്ഠകള്‍ മമ്മൂട്ടിയെന്ന നടനില്‍ കാണാനാകില്ല. സ്വന്തം സിനിമകളില്‍ വിശ്വാസമുള്ള വ്യക്തിയാണ് മമ്മൂട്ടിയെന്ന് ഹോളിവുഡ് റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ മഹേഷ് നാരായണന്‍ പറഞ്ഞു. അഭിമുഖത്തില്‍ പങ്കെടുത്ത മറ്റ് സിനിമാ സംവിധായകരും മമ്മൂട്ടിയെക്കുറിച്ച് വാചാലരായി. മോഹന്‍ലാലിനെയും മമ്മൂട്ടിയെയും പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് നാരായണ്‍ ഒരുക്കുന്ന സിനിമ പണിപ്പുരയിലാണ്. ഈ സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി സംവിധായകന്‍ ശ്രീലങ്കയുടെ പ്രധാനമന്ത്രിയായ ദിനേഷ് ഗുണവര്‍ധനയെ കണ്ടത് വാര്‍ത്തയായിരുന്നു.
മഹേഷ് നാരായണ്‍ പറഞ്ഞത്:
വലിയ സ്റ്റാറുകള്‍ക്കുള്ള പ്രശ്നം എന്താണെന്നുവെച്ചാല്‍, സിനിമയുടെ കളക്ഷന്‍ ഉള്‍പ്പെടെയുള്ള ഭാരങ്ങള്‍ അവര്‍ക്കുണ്ടാകും എന്നുള്ളതാണ്. വലിയ കളക്ഷന്‍ നേടുന്ന മാസ്സീവായ ചിത്രങ്ങള്‍ ചെയ്യാനാണ് അവര്‍ ശ്രമിക്കുന്നത്. മമ്മൂട്ടി എന്ന നടന്‍ ഇതിനെ പരിഗണിക്കുന്നില്ല. 40 ദിവസത്തെ ചിത്രമാണെങ്കിലും അദ്ദേഹം അത് ചെയ്യും. ചെറിയ റോളാണെങ്കിലും അദ്ദേഹത്തിന് മടിയില്ല. കഥാപാത്രത്തില്‍ പുതിയതായി എന്താണ് ചെയ്യാനുള്ളത് എന്നാണ് അദ്ദേഹം നോക്കുന്നത്. എല്ലാത്തരത്തിലുള്ള റോളുകളും അദ്ദേഹം ചെയ്തു കഴിഞ്ഞു. അമിതാഭ് ബച്ചന്‍ എല്ലാത്തരം കഥാപാത്രങ്ങളും നേരത്തെ ചെയ്തിട്ടുണ്ടാകും എന്ന് പറയുന്ന പോലെയാണ് ഇവിടെയും. അതുകൊണ്ട് തന്നെ എന്താണ് പുതിയതായുള്ളത്. ആ രീതിയിലുള്ള അന്വേഷണമാണ് മമ്മൂട്ടി എന്ന നടന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. അദ്ദേഹം ഒരു സീനിയര്‍ നടന്‍ കൂടിയാണ്.
മമ്മൂട്ടിയുടേതായി അവസാനമെത്തിയ ആക്ഷന്‍ ത്രില്ലര്‍ 'ടര്‍ബോ' തിയറ്ററില്‍ വലിയ വിജയമായിരുന്നു. മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ സംവിധാനം വൈശാഖായിരുന്നു. എം ടി വാസുദേവന്‍ നായരുടെ കഥകളെ ആസ്പദമാക്കി നിര്‍മ്മിച്ച മനോരഥങ്ങള്‍ എന്ന ആന്തോളജി സീരീസിലും മമ്മൂട്ടി അഭിനയിച്ചിരുന്നു. ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തില്‍ പുറത്തിറങ്ങാനിരിക്കുന്ന ഡൊമിനിക് & ദി ലേഡീസ് പേഴ്‌സ് ആണ് മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം. നവാഗതനായ ഡീനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ബസൂക്കയും പണിപ്പുരയിലാണ്. ഗൗതം വാസുദേവ് മേനോന്‍ ബസൂക്കയില്‍ ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.