പഴയതിനെക്കാള്‍ അടിപൊളിയായി ഞാന്‍ തിരിച്ചുവരും: മഹേഷ് കുഞ്ഞുമോന്‍

പഴയതിനെക്കാള്‍ അടിപൊളിയായി ഞാന്‍ തിരിച്ചുവരും: മഹേഷ് കുഞ്ഞുമോന്‍
Published on

വാഹാനാപകടത്തില്‍ പരിക്കേറ്റ മിമിക്രി കലാകാരനും ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റുമായ മഹേഷ് കുഞ്ഞുമോന്‍ ആശുപത്രി വിട്ടു. പല്ലിനും മുഖത്തിനും ഗുരുതരമായി പരിക്കേറ്റ് അമൃത ആശുപത്രിയില്‍ കഴിഞ്ഞിരുന്ന മഹേഷ് ഒമ്പത് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്. കോഴിക്കോട് നിന്ന് പ്രോഗ്രാം കഴിഞ്ഞ് കൊച്ചിയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് മഹേഷ് ഉൾപ്പെടെ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെടുകയും അപകടത്തില്‍ മിമിക്രി കലാകാരനും ചലച്ചിത്ര നടനുമായ കൊല്ലം സുധി മരണപ്പെടുകയും ചെയ്തത്.

അപകടത്തില്‍ മഹേഷിന്റെ മുഖത്തും പല്ലിനുമാണ് പരിക്കേറ്റിരുന്നത്. മുന്‍നിരയിലെ പല്ലുകള്‍ അടക്കം നഷ്ടപ്പെട്ടു. എല്ലുകള്‍ക്കും കൈയ്ക്കും പൊട്ടലുണ്ട്. മൂക്കിന്റെ ക്ഷതം ശബ്ദത്തെ തന്നെ മാറ്റി മറിച്ചു. താടിയെല്ലുകളുടെയും പല്ലുകളുടെയും ചികിത്സയ്ക്ക് ശേഷം മൂക്കിലെ ചതവും ശരിയാക്കാമെന്നാണ് ഡോക്ടര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും മഹേഷ് കുഞ്ഞുമോന്‍ പറയുന്നു. 24 ചാനലിൽ ആണ് പ്രതികരണം.

തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും മഹേഷ് നന്ദി പറയുന്നുണ്ട്. പഴയതിനെക്കാള്‍ അടിപൊളിയായി ഞാന്‍ തിരിച്ചുവരുമെന്നും അപ്പോഴും എല്ലാവരും കൂടെയുണ്ടാവണമെന്നും മഹേഷ് പറയുന്നു.

അപകടം നടക്കുമ്പോള്‍ താന്‍ ഉറക്കത്തിലായിരുന്നുവെന്നും, പിന്നെ ഉണരുന്നത് ആംബുലന്‍സിനുള്ളിലായിരുന്നെന്നും മഹേഷ് പറയുന്നു. ഞാൻ പോകേണ്ടിയിരുന്ന വാഹനമായിരുന്നില്ല അത്. എറണാകുളത്തേക്ക് അത്യാവശ്യമായി എത്തേണ്ടിയിരുന്ന ഒരു സാഹചര്യമായതിനാലായിരുന്നു സുധിക്കും ബിനുവിനുമൊപ്പം കാറില്‍ കയറിയത്. മുഖം മുഴുവന്‍ ചതഞ്ഞിരിക്കുന്നതിനാല്‍ തനിക്ക് സംസാരിക്കാന്‍ സാധിച്ചിരുന്നില്ലെന്നും മഹേഷ് കുഞ്ഞു മോന്‍ പറയുന്നു. എന്താണ് സംഭവിച്ചത് എന്ന് തനിക്ക് മനസ്സിലായിരുന്നില്ലെന്നും കൂടെയുള്ളവരോടെല്ലാം സുധിച്ചേട്ടനെക്കുറിക്കും ബിനു ചേട്ടനെക്കുറിച്ചും താന്‍ അന്വേഷിച്ചിരുന്നു എന്നും മഹേഷ് പറയുന്നു. സര്‍ജറി സമയത്ത് ഡോക്ടറന്മാര്‍ സംസാരിക്കുന്ന കേട്ടാണ് കൊല്ലം സുധിയുടെ മരണ വാര്‍ത്ത അറിഞ്ഞതെന്നും മഹേഷ് കുഞ്ഞുമോന്‍ പറയുന്നു.

കഴിഞ്ഞ ജൂണ്‍ അഞ്ചിനാണ് ഫ്ളവേഴ്സ് ചാനലിന്റെ കോഴിക്കോട് വടകരയില്‍ വച്ച് നടന്ന പരിപാടി കഴിഞ്ഞ് മടങ്ങവെ കൊല്ലം സുധിയും ബിനു അടിമാലിയും മഹേഷ് കുഞ്ഞുമോനും അടങ്ങുന്ന സംഘം സഞ്ചരിച്ചിരുന്ന കാറും പിക്കപ് വാനും കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടത്തില്‍ കൊല്ലം സുധി മരണപ്പെടുകയും കൂടെ യാത്ര ചെയ്തിരുന്ന ബിനു അടിമാലി, ഉല്ലാസ് അരൂര്‍, മഹേഷ് ഉള്‍പ്പടെയുള്ളവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in