ഇന്ത്യയുടെ ചൊവ്വാ ദൗത്യത്തില്‍ റോക്കറ്റ് അയച്ചത് പഞ്ചാംഗം നോക്കിയാണെന്ന് നടനും സംവിധായകനുമായ ആര്‍ മാധവന്‍. മാധവന്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം 'റോക്കറ്റ്രി'യുടെ പ്രചാരണപരിപാടികള്‍ക്കിടെയായിരുന്നു മാധവന്റെ പരാമര്‍ശം. ഐഎസ്ആര്‍ഒയുടെ 'മാര്‍സ് ഓര്‍ബിറ്റര്‍ മിഷനിലാണ്' ഇന്ത്യന്‍ ശാസ്ത്രജ്ഞന്മാര്‍ പഞ്ചാംഗത്തെ ആശ്രയിച്ച് റോക്കറ്റ് അയച്ചതെന്നാണ് മാധവന്റെ വാദം. ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിതം പ്രമേയമാകുന്ന ചിത്രമാണ് റോക്കറ്റ്രി.
ഇന്ത്യയുടെ ചൊവ്വാ ദൗത്യങ്ങളില്‍ പലതരത്തില്‍ ശ്രമിച്ചിരുന്നുവെങ്കിലും ചൊവ്വയിലേക്ക് റോക്കറ്റ് അയക്കാന്‍ കഴിഞ്ഞിരുന്നില്ല. നമ്മുടെ പഞ്ചാംഗത്തില്‍ പറയുന്ന തരത്തില്‍ ഗ്രഹങ്ങള്‍ എവിടെയാണെന്നും സൂര്യന്‍ എവിടെയാണെന്നും അവയുടെ ഗുരുത്വാകര്‍ഷണ ബലവുമെല്ലാം ആയിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് കണക്ക് കൂട്ടിവെച്ചിരിക്കുകയാണ്. 2014ല്‍ ഈ മാപ്പ് വെച്ച് കൊണ്ട് ഇന്ത്യയുടെ സാറ്റ്‌ലൈറ്റ് ബഹിരാകാശത്തേക്ക് അയച്ച് സാറ്റ്‌ലൈറ്റ് ഒരു കളിപ്പാട്ടം പോലെ ഓരോ ഗ്രഹങ്ങളും ചുറ്റിയാണ് ചൊവ്വയിലെത്തിയത്. മാധവന്‍ പറയുന്നു. നമ്പി നാരായണന്റെ മരുമകനും ഐഎസ്ആര്‍ഒയുടെ മാര്‍സ് മിഷന്‍ ഡയറക്ടറുമായ അരുണന്‍ ഈ കഥ പറഞ്ഞപ്പോള്‍ രോമാഞ്ചം കൊണ്ടെന്നും മാധവന്‍ പ്രസംഗത്തില്‍ പറയുന്നുണ്ട്.
പ്രസംഗം പുറത്ത് വന്നതിന് പിന്നാലെ മാധവനെ ട്രോളി ട്വിറ്ററില്‍ പലരും രംഗത്തെത്തി. സംഗീതജ്ഞന്‍ ടി എം കൃഷ്ണ, മാധവന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് കളിയാക്കിക്കൊണ്ട്, ഇത്രയും സുപ്രധാനമായ വിവരം ഐഎസ്ആര്‍ഒ ഇതുവരെ പുറത്ത് വിടാത്തതില്‍ നിരാശയുണ്ടെന്ന് ട്വീറ്റ് ചെയ്തു. ചാവ്വക്ക് വേണ്ടിയും ഒരു പഞ്ചാംഗം തുടങ്ങുവാന്‍ സമയമായെന്നും ടി എം കൃഷ്ണ ട്വിറ്ററില്‍ കുറിച്ചു. വാട്‌സ് ആപ്പ് അമ്മാവന്‍ വിളികളും മാധവന്‍ പുതിയ കങ്കണ റണാവത്താണെന്നുമെല്ലാമാണ് ട്വീറ്റുകള്‍. എന്നാല്‍ മാധവനെ അനുകൂലിച്ചും പലരും രംഗത്തെത്തുന്നുണ്ട്. മാധവന്‍ പറഞ്ഞത് തെറ്റാണെങ്കില്‍ അത് നിഷേധിക്കേണ്ടത് ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞരാണെന്നാണ് ചിലര്‍ പറയുന്നത്.
നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി ആര്‍. മാധവന്‍ ഒരുക്കുന്ന 'റോക്കട്രി ദി നമ്പി എഫ്ക്ട്' ജൂലായ് ഒന്നിനാണ് റിലീസ് ചെയ്യുന്നത്. നമ്പി നാരായണന്റെ 27 വയസ്സു മുതല്‍ 70 വയസ് വരെയുള്ള കാലഘട്ടമാണ് സിനിമയുടെ പ്രമേയം. വിവിധ കാലങ്ങട്ടങ്ങളിലെ നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി ശാരീരികമായും മാധവന്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിരുന്നു. സിമ്രാന്‍ ആണ് ചിത്രത്തില്‍ മാധവന്റെ നായികയായി എത്തുന്നത്. ഇരുവരും പതിനഞ്ച് വര്‍ഷത്തിന് ശേഷമാണ് സിനിമയില്‍ ഒന്നിക്കുന്നത്.