മടപ്പള്ളിയിലെ ക്രിക്കറ്റ് ടീം കേരളത്തിന് പുറത്തേക്കും, മുംബെെ റിലീസ് 22ന്

മടപ്പള്ളിയിലെ ക്രിക്കറ്റ് ടീം കേരളത്തിന് പുറത്തേക്കും, മുംബെെ റിലീസ് 22ന്
Published on

അജയ് ഗോവിന്ദ് സംവിധാനം ചെയ്ത മടപ്പള്ളി യുണൈറ്റഡ് കേരളത്തിന് പുറത്ത് റിലീസിനൊരുങ്ങുന്നു. മുംബൈ, നോയിഡ, ബാംഗ്ലൂർ, ചെന്നൈ എന്നിവിടങ്ങളിലെ തിയേറ്ററുകളിൽ ചിത്രം ജൂലായ് 22ന് റിലീസ് ചെയ്യും. ചിത്രം നേരത്തെ മുംബൈയിൽ പ്രീമിയർ ചെയ്തിരുന്നു. മുംബെെയിലെ സണ്ണി സൂപ്പർ സൗണ്ടിൽ പ്രത്യേക പ്രീമിയറും ഇന്ത്യ ഹാബിറ്റാറ്റ് സെന്ററിൽ ഒരു സ്ക്രീനിംഗും ആയിരുന്നു അണിയറപ്രവർത്തകർ ചിത്രത്തിനായി ഒരുക്കിയിരുന്നത്.

സ്‌ക്രീനിംഗുകളിലും പാനൽ ചർച്ചകളിലും മുൻ ക്രിക്കറ്റ് താരം ആസിഫ് കരീം, ജാവേദ് ജാഫ്രി, ചിത്രാഷി റാവത്ത്, സയ്യിദ് കിർമാണി, രാഹുൽ മിത്ര, മുർതാസ അലി ഖാൻ തുടങ്ങി നിരവധി പ്രമുഖ അതിഥികൾ പങ്കെടുത്തു.

മടപ്പള്ളി യുണൈറ്റഡ് ഒരു സാധാരണ സ്പോർട്സ് ചിത്രമല്ലയെന്നും മറിച്ച് കളിക്കാനുള്ള അവകാശത്തെപ്പറ്റിയാണെന്നും യഥാർത്ഥ കായിക പ്രേമികൾ തീർച്ചയായും കാണേണ്ട ചിത്രമാണിതെന്നും സിനിമാ നിരൂപകൻ മുർതാസ അലി ഖാൻ ചിത്രത്തെക്കുറിച്ച് പറഞ്ഞു.

'സമയോചിതമായ സിനിമ. മടപ്പള്ളി യുണൈറ്റഡ് ടീമുകൾ തമ്മിൽ മത്സരിക്കുന്നതോ വിജയിക്കുന്നതിനെയോ പറ്റിയുള്ള ഒരു സാധാരണ കായിക ചിത്രമല്ല. അത് കളിക്കാനുള്ള അവകാശത്തെയും സൗഹൃദത്തെയും പരസ്പര ബഹുമാനത്തെയും കുറിച്ചാണ്! സ്പോർട്സ് അധ്യാപകരും യഥാർത്ഥ കായിക പ്രേമികളും തീർച്ചയായും കാണുക,' എന്ന് മുർതാസ അലി ഖാൻ പറഞ്ഞു.

'കോവിഡിന് ശേഷമുള്ള ലോകത്ത്, ഒരു സിനിമയ്ക്ക് തിയറ്റർ റിലീസ് ലഭിക്കുക എന്നത് ഒരു പ്രത്യേകതയാണ്. പ്രേക്ഷകർ ചിത്രം തിയറ്ററുകളിൽ കാണുമെന്നതിൽ എനിക്ക് സന്തോഷമുണ്ട്,' എന്ന് എഴുത്തുകാരനും സംവിധായകനുമായ അജയ് ഗോവിന്ദ് പറഞ്ഞു.

ഹരീഷ് പേരടി, ശ്രീകാന്ത് മുരളി, സാവിത്രി ശ്രീധരൻ എന്നിവർ കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന ചിത്രത്തിൽ 45 പുതുമുഖതാരങ്ങളുമുണ്ട്. ദേശീയ തലത്തിലും അന്തർദേശിയ തലത്തിലും ചിത്രത്തിന് നിരവിധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

തന്‍വീര്‍ അഹമ്മദ് ഛായാഗ്രഹണവും കൃഷ്ണപ്രസാദ് എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം മടപ്പള്ളി എന്ന കൊച്ചുഗ്രാമത്തിന്റെയും അവിടുത്ത കുട്ടികളുടെയും കഥയാണ് പറയുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in