യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഷൂട്ടിംഗ് തടസപ്പെടുത്തിയ വിഷയം; പ്രതിഷേധമറിയിച്ച് മാക്ട സംഘടന

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഷൂട്ടിംഗ് തടസപ്പെടുത്തിയ വിഷയം; പ്രതിഷേധമറിയിച്ച് മാക്ട സംഘടന
Published on

ജോജു ജോര്‍ജ് - കോണ്‍ഗ്രസ് വിഷയത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കടുവ സിനിമയുടെ ഷൂട്ടിംഗ് തടസപ്പെടുത്തിയിരുന്നു. സംഭവത്തില്‍ മലയാളം സിനി ടെക്‌നീഷ്യന്‍സ് അസോസിയേഷന്‍ (മാക്ട) പ്രതിഷേധമറിയിച്ച് പത്രക്കുറുപ്പ് പുറത്തിറക്കി. ചില വ്യക്തിപരമായ എതിര്‍പ്പുകളുടെ പേരില്‍ സിനിമ പ്രവര്‍ത്തകരെ ഒന്നാകെ പ്രതികൂട്ടിലാക്കി സിനിമ ഷൂട്ടിംഗ് തടയാനും പ്രവര്‍ത്തകരെ അധിക്ഷേപിക്കാനും ചില രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകര്‍ ശ്രമിക്കുന്നു. ഈ പ്രവൃത്തി അപലനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് മാക്ട ജനറല്‍ സെക്രട്ടറി സുന്ദര്‍ ദാസ് പത്രക്കുറുപ്പിലൂടെ അറിയിച്ചു.

പത്രക്കുറുപ്പിന്റെ പൂര്‍ണ്ണരൂപം:

ഷൂട്ടിംഗ് തടസപ്പെടുത്തരുത്

കൊവിഡ് സൃഷ്ടിച്ച ഭീതിനിറഞ്ഞ അനിശ്ചിതാവസ്ഥക്ക് ശേഷം മറ്റ് ജീവിതമേഖലകളിലെന്ന പോലെ സിനിമാരംഗവും ക്രിയാത്മകമായി വരികയാണ്. സിനിമ കൊണ്ടു ജീവിതം പുലര്‍ത്തുന്ന ഒട്ടേറെ തൊഴിലാളി കുടുംബങ്ങളില്‍ പ്രതീക്ഷയുടെ പ്രകാശം വീണ്ടും പരന്ന് തുടങ്ങുമ്പോഴാണ് ചില വ്യക്തിപരമായ എതിര്‍പ്പുകളുടെ പേരില്‍ സിനിമ പ്രവര്‍ത്തകരെ ഒന്നാകെ പ്രതികൂട്ടിലാക്കി സിനിമ ഷൂട്ടിംഗ് തടയാനും പ്രവര്‍ത്തകെ അധിക്ഷേപിക്കാനും ചില രാഷ്ട്രീയപാര്‍ട്ടികളുടെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ മുതിര്‍ന്നു കാണുന്നത്, ഇത് അങ്ങേയറ്റം അപലനീയവും പ്രതിഷേധാര്‍ഹവുമാണ്. ഇത്തരം അനാശാസ്യമായ പ്രവണതകള്‍ക്കെതിരെ മറ്റ് മലയാള ചലച്ചിത്രസംഘടനകള്‍ക്കൊപ്പം മാക്ടയും ശക്തമായി പ്രതിഷേധിക്കുന്നു.

വിശ്വാസപൂര്‍വ്വം,

ജനറല്‍ സെക്രട്ടറി

സുന്ദര്‍ ദാസ്

ഗതാഗത തടസമുണ്ടാക്കി ചിത്രീകരണം നടത്തിയെന്നാരോപിച്ചാണ് പൃഥ്വിരാജ്-ഷാജി കൈലാസ് ചിത്രം കടുവയുടെ ലൊക്കേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. ഞായറാഴ്ച വൈകിട്ട് 4 മണിയോടെ കാഞ്ഞിരപ്പള്ളി ടി.ബി റോഡില്‍ കുന്നുംഭാഗം ഗവ. സ്‌കൂളിന് സമീപമായിരുന്നു സംഭവം. അരമണിക്കൂറോളമാണ് ചിത്രീകരണം തടസപ്പെത്. യൂത്ത് കോണ്‍ഗ്രസ് ചിറക്കടവ് മണ്ഡലം കമ്മിറ്റിയാണ് പ്രതിഷേധം നടത്തിയത്. വൈറ്റിലയില്‍ കോണ്‍ഗ്രസ് നടത്തിയ വഴിതടയല്‍ സമരത്തിനെതിരെ പ്രതികരിച്ച ജോജു ജോര്‍ജിനെതിരെ മുദ്രാവാക്യം വിളിച്ചാണ് പ്രവര്‍ത്തകര്‍ എത്തിയത്.

Related Stories

No stories found.
logo
The Cue
www.thecue.in