'മാമന്നൻ ലോകമെമ്പാടുമുള്ള തമിഴർക്കിടയിൽ ചർച്ചാ വിഷയം' ; മാരി സെൽവരാജിനു മിനി കൂപ്പർ സമ്മാനിച്ച് ഉദയനിധി സ്റ്റാലിൻ

'മാമന്നൻ ലോകമെമ്പാടുമുള്ള തമിഴർക്കിടയിൽ ചർച്ചാ വിഷയം' ; മാരി സെൽവരാജിനു മിനി കൂപ്പർ സമ്മാനിച്ച് ഉദയനിധി സ്റ്റാലിൻ
Published on

ഫഹദ് ഫാസിൽ, വടിവേലു, കീർത്തി സുരേഷ്, ഉദയനിധി സ്റ്റാലിൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മാരി സെൽവരാജ് സംവിധാനം ചെയ്ത ചിത്രമാണ് 'മാമന്നൻ'. സിനിമയുടെ വിജയത്തോടനുബന്ധിച്ചു സംവിധായകൻ മാരി സെൽവരാജിന് മിനി കൂപ്പർ കാർ സമ്മാനമായി നൽകി ഉദയനിധി സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള റെഡ് ജയന്റ് മൂവീസ്. കാറിന്റെ താക്കോൽ നടൻ ഉദയനിധി സ്റ്റാലിൻ മാരി സെൽവരാജിന് കൈമാറി. മാമന്നന് ലോകം ചുറ്റാൻ ചിറകുകൾ നൽകിയ മാരി സെൽവരാജ് സാറിന് നന്ദിയെന്നും ലോകമെമ്പാടുമുള്ള തമിഴർക്കിടയിൽ സിനിമ ചൂടേറിയ ചർച്ചാ വിഷയമായി മാറിയിരിക്കുന്നുവെന്നും ഉദയനിധി സ്റ്റാലിൻ ട്വിറ്ററിൽ കുറിച്ചു. ജൂൺ 29ന് റീലീസ്‌ ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ലഭിക്കുന്നത്.

ഉദയനിധി സ്റ്റാലിന്റെ ട്വീറ്റിന്റെ പൂർണ്ണ രൂപം :

എല്ലാവരും സിനിമയെ വ്യത്യസ്തമായി ചർച്ച ചെയ്യുന്നു. അവർ തങ്ങളുടെ ചിന്തകളെ കഥയുമായും ഫീൽഡുമായും ബന്ധപ്പെടുത്തി ആശയങ്ങൾ പങ്കിടുന്നു. ലോകമെമ്പാടുമുള്ള തമിഴർക്കിടയിൽ ഇത് ചൂടേറിയ ചർച്ചാ വിഷയമായി മാറിയിരിക്കുന്നു. കഥയും കഥാപരിസരങ്ങളെയും ബന്ധപ്പെടുത്തിയ ആശയങ്ങളെ അവർ പരസ്പരം പങ്കുവക്കുന്നു. അംബേദ്കർ, പെരിയാർ, അണ്ണാ, കലൈഞ്ജർ തുടങ്ങിയ നമ്മുടെ നേതാക്കൾ യുവതലമുറയിൽ ആത്മാഭിമാന ബോധവും സാമൂഹിക നീതിയും വളർത്തിയെടുത്തു. മിനി കൂപ്പർ മാരി സെൽവരാജിനു സമ്മാനിക്കാനായതിൽ കമ്പനിക്ക് സന്തോഷമുണ്ട്. മാമന്നന് ലോകം ചുറ്റാൻ ചിറകുകൾ നൽകിയ മരി സെൽവരാജ് സാറിന് നന്ദി.

മാമന്നൻ ഏതു പോയിന്റ്റിൽ നിന്നാണോ തുടങ്ങിയത് അവിടെ തന്നെ നിന്നുകൊണ്ട് വളരെ മികച്ചതാക്കി സമൂഹത്തിനോട് പറയാൻ പറ്റി, അതിനു ഉദയനിധി സ്റ്റാലിൻ സാറിനോടുള്ള നന്ദിയും സ്നേഹവും താൻ അറിയിക്കുന്നു എന്നാണ് മാരി സെൽവരാജ് മറുപടിയായി ട്വിറ്ററിൽ കുറിച്ചു.

മാരി സെല്‍വരാജിന്റെ മുന്‍ ചിത്രങ്ങളായ 'പരിയേറും പെരുമാൾ', 'കർണ്ണൻ' പോലെ തന്നെ ശക്തമായ രാഷ്ട്രീയം സംസാരിക്കുന്ന ചിത്രമാണ് മാമന്നൻ. രത്നവേലു എന്ന വില്ലൻ കഥാപാത്രത്തെയാണ് ഫഹദ് ഫാസിൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഉദയനിധി സ്റ്റാലിന്‍ അഭിനയിക്കുന്ന അവസാന ചിത്രമായിരിക്കും 'മാമന്നന്‍' എന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഉദയനിധി സ്റ്റാലിന്റെ കീഴിലുള്ള റെഡ് ജയന്റ് മൂവിസ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. എ.ആര്‍ റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് തേനി ഈശ്വര്‍ ആണ്. മാരി സെല്‍വരാജിന്റെ 'പരിയേറും പെരുമാളും', 'കര്‍ണ്ണനും' എഡിറ്റ് ചെയ്തിട്ടുള്ള സെല്‍വയാണ് 'മാമന്നന്റെ'യും എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. കലാസംവിധാനം ദിലീപ് സുബ്ബരയ്യയും കൈകാര്യം ചെയ്യുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in