ഉദയനിധി സ്റ്റാലിന്‍, വടിവേലു, ഫഹദ് ഫാസില്‍, കീര്‍ത്തി സുരേഷ് തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തുന്ന മാരി സെല്‍വരാജ് ചിത്രം മാമന്നെനെ പുകഴ്ത്തി കമല്‍ഹാസന്‍. 'മാമന്നന്‍' താന്‍ കണ്ടു ഈ സിനിമ വിജയിക്കാന്‍ ആഗ്രഹിക്കുന്നു. കാരണം ഈ സിനിമ പറയുന്ന കാര്യങ്ങള്‍ കേള്‍ക്കപ്പെടേണ്ടതുണ്ട്. ഇതിലെ രാഷ്ട്രീയം മാരി സെല്‍വരാജിന്റെ മാത്രമല്ല. തന്റേതുകൂടിയാണെന്നും കമല്‍ ഹാസന്‍ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ പറഞ്ഞു.
ഉദയനിധി എന്റെ പ്രൊഡക്ഷന് കീഴില്‍ ഒരു സിനിമ ചെയ്യാതിരുന്നതില്‍ ചെറിയ വിഷമമുണ്ടായിരുന്നു. പക്ഷേ അത് സാരമില്ല. കാരണം മാമന്നന്‍ എന്റെ ചിത്രമായി തന്നെയാണ് ഞാന്‍ കണക്കാക്കുന്നത്. അത് എന്റെ രാഷ്ട്രീയവും സംസാരിക്കുന്നു,
കമല്‍ഹാസന്‍
എ.ആര്‍ റഹ്‌മാന്‍ സംഗീതം നല്‍കിയ ഏഴ് ഗാനങ്ങള്‍ ഇന്നലെ നടന്ന ഓഡിയോ ലോഞ്ചില്‍ പുറത്തിറക്കിയിരുന്നു. ചിത്രത്തിലെ 'റാസാ കണ്ണ്' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് വടിവേലു ആണ്. തന്റെ മുന്‍ ചിത്രമായ 'പരിയേറും പെരുമാള്‍', 'കര്‍ണ്ണന്‍' തുടങ്ങിയവ പോലെ തന്നെ 'മാമന്നനും' ശക്തമായ രാഷ്ട്രീയം സംസാരിക്കുന്ന ചിത്രമായിരിക്കുമെന്നും കൂടാതെ വടിവേലുന്റെ കഥാപാത്രം എല്ലാവരെയും ഞെട്ടിക്കുമെന്നും സംവിധായകന്‍ മാരി സെല്‍വരാജ് മുന്‍പ് വെളിപ്പെടുത്തിയിരുന്നു.
ഉദയനിധി സ്റ്റാലിന്‍ അഭിനയിക്കുന്ന അവസാനചിത്രമായിരിക്കും 'മാമന്നന്‍' എന്നും അറിയിച്ചിരുന്നു. എന്നാല്‍ അടുത്ത മൂന്ന് വര്‍ഷത്തില്‍ സിനിമ ചെയ്യാന്‍ തനിക്ക് പ്ലാന്‍ ഇല്ലെന്നും തിരിച്ച് വരുകയാണെങ്കില്‍ അത് മാരി സെല്‍വരാജ് ചിത്രത്തിലൂടെയായിരിക്കുമെന്നും ഉദയനിധി വേദിയില്‍ പറഞ്ഞു.'വിക്രം' എന്ന ചിത്രത്തിന് ശേഷം ഫഹദ് ഫാസില്‍ അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണിത്. ചിത്രത്തില്‍ ഫഹദ് വില്ലനായാണ് എത്തുന്നതെന്ന് തമിഴ് മാധ്യമങ്ങള്‍ മുന്‍പുതന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ചിത്രത്തിന്റെ ഛായാഗ്രഹണം തേനി ഈശ്വര്‍ നിര്‍വഹിക്കുന്നു. മാരി സെല്‍വരാജിന്റെ 'പരിയേറും പെരുമാളും', 'കര്‍ണ്ണനും' എഡിറ്റ് ചെയ്തിട്ടുള്ള സെല്‍വയാണ് 'മാമന്നന്റെ'യും എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. കലാസംവിധാനം ദിലീപ് സുബ്ബരയ്യയും കൈകാര്യം ചെയ്യുന്നു. ഉദയനിധി സ്റ്റാലിന്റെ കീഴിലുള്ള റെഡ് ജയന്റ് മൂവി ആണ് ചിത്രത്തിന്റെ നിര്‍മാണം. ചിത്രം ജൂണ്‍ അവസാനം തിയറ്ററുകളിലെത്തും.