വിവേകാനന്ദൻ വെെറലാണ് എന്ന ചിത്രം കണ്ട് പല സ്ത്രീകളുടെയും മെസേജ് വന്നു എന്നും ഇത് പറയേണ്ട കഥ തന്നെയായിരുന്നു എന്ന് നടി മാല പാർവ്വതി. കമലിന്റെ സംവിധാനത്തിൽ ഷെെൻ ടോം ചാക്കോ നായകനായെത്തിയ ചിത്രമാണ് വിവേകാനന്ദൻ വെെറലാണ്. മൃഗീയമായ സ്വഭാവമുള്ള വിവേകാനന്ദൻ എന്ന ഒരു വ്യക്തിയുടെ ജീവിതമാണ് ചിത്രത്തിലൂടെ തുറന്ന് കാട്ടുന്നത്. അയാളുടെ സ്വഭാവദൂഷ്യം കാരണം വലയുന്ന സ്ത്രീകളുടെ ഒരു പോരാട്ടമാണ് ചിത്രം. ചിത്രത്തിൽ വിവേകാനന്ദൻ എന്ന കഥാപാത്രത്തെയാണ് ഷെെൻ അവതരിപ്പിക്കുന്നത്. മലയാള സിനിമയിലെ മറ്റൊരു യുവ നടനും അഭിനയിക്കാനാവാത്ത കഥാപാത്രമാണ് ചിത്രത്തിൽ ഷെെൻ ചെയ്തിരിക്കുന്നത് എന്നും ഈ കഥാപാത്രം ധെെര്യമായി അഭിനയിക്കും എന്ന് എനിക്ക് പറയാൻ കഴിയുന്നത് ഷെെൻ ടോമിനെ മാത്രമാണെന്നുമാണ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ മുമ്പ് കമൽ പറഞ്ഞത്.
ചിത്രത്തിൽ വിവേകാനന്ദൻ്റെ അമ്മയുടെ വേഷമാണ് മലാ പാർവതി അവതരിപ്പിച്ചിരിക്കുന്നത്. ചിത്രം കണ്ട്, ചില സ്ത്രീകൾടെ മെസ്സേജുകൾ വന്നു. സമാനമായ അനുഭവങ്ങൾ ഉള്ള സുഹൃത്തുക്കൾ അവർക്കുണ്ട് എന്നാണ് മെസ്സേജിൻ്റെ ഉള്ളടക്കം. പറയേണ്ട കഥ തന്നെയായിരുന്നു എന്ന്. വിളിച്ചവർക്കും, മെസേജ് അയച്ചവർക്കും നന്ദി എന്നാണ് മലാ പാർവ്വതി ഫേസ്ബുക്കിൽ കുറിച്ചത്. ഒരു സാധാരണക്കാരനായ സർക്കാർ ഉദ്ധ്യോഗസ്ഥനായ വിവേകാനന്ദനും എന്നാൽ അയാൾക്കുള്ളിലെ മറ്റൊരു മുഖവുമാണ് സിനിമ കാണിക്കാൻ ശ്രമിക്കുന്നത് എന്നും വളരെ ഗൗരവകരമായ വിഷയത്തെ സറ്റയറിക്കലായിട്ടാണ് ഈ സിനിമയുടെ തിരക്കഥ സമീപിച്ചിരിക്കുന്നത് എന്നും കമൽ മുമ്പ് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയിരുന്ന അഭിമുഖത്തിൽ പറഞ്ഞിരുന്നു.
കമൽ പറഞ്ഞത് :
വിവേകാനന്ദനെ ആദ്യം നമ്മൾ അവതരിപ്പിക്കുമ്പോൾ, സാധാരണക്കാരനായ ഷർട്ട് ഒക്കെ ഇൻ ചെയ്തിടുന്ന ഒരു സർക്കാരുദ്ധ്യോഗസ്ഥൻ. ഫ്ലാസ്കിൽ വെള്ളം കൊണ്ടു പോകുന്ന, ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കാത്ത ,വീട്ടിൽ നിന്നും ഭക്ഷണം കൊണ്ടു പോകുന്ന, മദ്യപിക്കാത്ത ഇങ്ങനെ ഒരുപാട് പ്രത്യേകതകളുള്ള കഥാപാത്രമാണ് വിവേകാനന്ദൻ. അത് തന്നെ ഷെെനിന്റെ ഒരു ഇമേജിനെ പൊളിക്കുന്നതായിരുന്നു. ഷെെനിനെ മിക്ക സിനിമയിലും കാണിക്കുന്നത് മദ്യം കഴിക്കുന്ന സിഗരറ്റ് വലിക്കുന്ന ഒരാളായാണ്. അത് ആദ്യം ബ്രേക്ക് ചെയ്തു. ഷെെൻ തന്നെയാണ് എന്നോട് പറഞ്ഞത് സിഗരറ്റ് വലിക്കണ്ട എന്ന്. യാത്രയുടെ ഇടയിൽ ബസ്സിലിരുന്ന് ഭക്ഷണം കഴിക്കുന്ന പലരെയും നമ്മൾ കണ്ടിട്ടുണ്ട്. അങ്ങനെയുള്ള ഒരാളാണ് അയാൾ. പക്ഷേ ആ സമയത്തും അയാളിൽ മറ്റൊരു വിവേകാനന്ദൻ ഉണ്ട്. അടുത്തിരിക്കുന്ന ഒരു പെൺകുട്ടിയെ നോക്കുന്ന വിവേകാനന്ദൻ അയാളുടെ മറ്റൊരു മുഖമാണ്. അതാണ് നമ്മൾ ഈ സിനിമയിൽ കാണിക്കാൻ ശ്രമിക്കുന്നത്. അത് അയാളുടെ പേഴ്സണൽ ലെെഫിലേക്ക് വരുമ്പോഴാണ് ഈ ലേഹ്യം ഒക്കെ കഴിക്കുന്ന കാര്യം ചർച്ച ചെയ്യപ്പെടുന്നത്. ഞാൻ വിശ്വസിക്കുന്നത് ഒരു എൺമ്പത് ശതമാനം വരുന്ന ചെറുപ്പക്കാരിലും ലെെംഗീക തൃഷ്ണയ്ക്ക് വേണ്ടിയിട്ട് ഇത്തരത്തിൽ ലേഹ്യം കഴിക്കുന്നവരാണ്. ഇത് ഉപയോഗിക്കുന്ന ഒരു കഥാപാത്രം, അതിൽ വരുന്ന ഫൺ എലമെന്റുകൾ. അത് നമ്മൾ സിനിമയിലും ഉപയോഗിച്ചിട്ടുണ്ട്, എന്നാൽ ഒരു പ്രത്യേക ഘട്ടത്തിൽ എത്തുമ്പോൾ ഇയാളുടെ സ്ത്രീകളോടുള്ള ഒരു അപ്രോച്ച് എങ്ങനെയാണ് എന്ന് പറയുന്നിടത്താണ് സിനിമ മറ്റൊരു ഡയമെൻഷനിലേക്ക് വരുന്നത്. വിവേകാനന്ദന് ആ ഡയമെൻഷനിൽ ഡെപ്ത് വരികയാണ്. അത് വിവേകാനന്ദന്റെ കഥയോടൊപ്പം തന്നെ അയാൾ പരിചയപ്പെട്ട, അയാളോടൊപ്പം സഞ്ചരിക്കുന്ന സ്ത്രീകളുടെ കൂടി കഥയായി മാറുന്നു. ആ രീതിയിൽ ഈ കാലഘട്ടിൽ പറയേണ്ടുന്ന വളരെ പ്രസക്തമായ ഒരു വിഷയമായിട്ടാണ് എനിക്ക് ഇതിനെ തോന്നുന്നത്.