'മദ്യപാനവും പുകവലിയും കുറിച്ചുള്ള വരികൾ നീക്കം ചെയ്ത് വിജയ്‌യുടെ നാ റെഡി' ; മാറ്റങ്ങൾ നിർദ്ദേശിച്ച് സി ബി എഫ് സി

'മദ്യപാനവും പുകവലിയും കുറിച്ചുള്ള വരികൾ നീക്കം ചെയ്ത് വിജയ്‌യുടെ നാ റെഡി' ; മാറ്റങ്ങൾ നിർദ്ദേശിച്ച് സി ബി എഫ് സി
Published on

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് വിജയ് നായകനാകുന്ന 'ലിയോ'യിലെ 'നാ റെഡി' എന്ന ഗാനത്തിൽ മാറ്റങ്ങൾ വരുത്തി സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സി ബി എഫ് സി). ഗാനത്തിൽ പുകവലി, മദ്യപാനം എന്നിവയെക്കുറിച്ച് പരാമർശിക്കുന്ന ചില വരികളാണ് മാറ്റം വരുത്താൻ ഉത്തരവിട്ടത്. ''പത്താത്തു ബോട്ടിൽ നാ കുടിക ആണ്ടാവ കൊണ്ടാ ചിയേർസ് അടിക്കെ' , 'പത്തവച്ചു പോഗയ്യ ഉട്ടാ പവർ കിക്കു, പൊഗൈയാല പോഗൈയാല പവർ കിക്കു' തുടങ്ങിയ വരികളാണ് നീക്കം ചെയ്യുന്നത്. ഒപ്പം "മില്ലി ഉല്ല പോണ പോധും ഗില്ലി വെള്ള വരുവണ്ട' എന്ന വരിയും നീക്കം ചെയ്യാൻ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ ഉത്തരവിട്ടിട്ടുണ്ട്. മാറ്റം വരുത്തികൊണ്ടുള്ള ഓർഡർ സിനിമയുടെ നിർമാതാക്കളായ സെവൻ സ്ക്രീൻ സ്റ്റുഡിയോക്ക് സി ബി എഫ് സി അയച്ചു.

വിജയ് സ്ക്രീനിൽ മദ്യപാനവും പുകവലിയും പ്രോത്സാഹിപ്പിക്കുന്നു എന്നാരോപിച്ച് അനൈതു മക്കൾ അരസിയൽ കക്ഷി പ്രസിഡന്റ് രാജേശ്വരിപ്രിയ നൽകിയ പരാതിയിലാണ് സിബിഎഫ് സിയുടെ ഈ നടപടി. വരികൾ നീക്കം ചെയ്യുന്നതിനോടൊപ്പം നായകനായ വിജയ് ഗാനത്തിൽ പുകവലിക്കുന്നതിന്റെ ക്ലോസ് അപ്പ് ഷോട്ടുകളും സീനുകളും കുറക്കാനും മാറ്റം വരുത്താനും നിർദേശമുണ്ട്. ഒപ്പം ഗാനത്തിലെ പുകവലി മുന്നറിയിപ്പിന്റെ വലിപ്പം കൂട്ടുകയും വായിക്കാൻ പറ്റുന്ന തരത്തിൽ വ്യക്തവും വെളുത്ത പശ്ചാത്തലത്തിൽ ബോൾഡ് ബ്ലാക്ക് ഫോണ്ടിലും ആയിരിക്കണം എന്നും ഓർഡറിൽ പറയുന്നു.

ഇതിന് മുൻപ് ലിയോയിലെ ഗാനം വിവാദങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട്. പുകവലി, മയക്കുമരുന്ന് ഉപയോഗം, റൗഡിസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നു എന്ന ആക്ടിവിസ്റ്റായ സെൽവയുടെ പരാതിയെത്തുടർന്ന് ഗാനത്തിൽ പുകവലി രംഗങ്ങൾ വരുന്ന ഭാഗങ്ങളിൽ ലഹരി ഉപയോഗം ആരോഗ്യത്തിന് ഹാനികരം എന്ന നിയമപരമായ മുന്നറിയിപ്പ് കൂട്ടിച്ചേർത്തിരുന്നു. കൂടാതെ ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുന്നുവെന്നാരോപിച്ച് ചെന്നൈ സ്വദേശിയായ സാമൂഹ്യ പ്രവര്‍ത്തകൻ വിജയ്‌ക്കെതിരെ കേസ് ഫയൽ ചെയ്തിരുന്നു. വീഡിയോയില്‍ വിജയ് സിഗരറ്റ് വലിക്കുന്നതും, നൃത്തരംഗങ്ങളില്‍ ചുറ്റുമുള്ളവരുടെ കയ്യില്‍ ബിയര്‍ ഗ്ലാസുകള്‍ കാണിക്കുന്നതും ലഹരി ഉപയോഗത്തെ ഗ്ലോറിഫൈ ചെയ്യുന്നുവെന്നാണ് ആരോപണം. പിഎംകെ പ്രസിഡന്റും എംപിയുമായ അന്‍പുമണി രാമദോസും വിജയ്‌ക്കെതിരെ രംഗത്ത് വന്നിരുന്നു.

ഒക്ടോബർ 19 ന് പുറത്തിറങ്ങുന്ന ലിയോയിൽ തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം വാസുദേവ് മേനോന്‍, മന്‍സൂര്‍ അലി ഖാന്‍, മാത്യു തോമസ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം മനോജ് പരമഹംസ, ആക്ഷന്‍ അന്‍പറിവ് , എഡിറ്റിങ് ഫിലോമിന്‍ രാജ്, ആര്‍ട്ട് എന്‍. സതീഷ് കുമാര്‍ , കൊറിയോഗ്രാഫി ദിനേഷ്, ഡയലോഗ് ലോകേഷ് കനകരാജ്,രത്നകുമാര്‍ & ധീരജ് വൈദി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ രാം കുമാര്‍ ബാലസുബ്രഹ്മണ്യന്‍. പി ആര്‍ ഓ പ്രതീഷ് ശേഖര്‍.

Related Stories

No stories found.
logo
The Cue
www.thecue.in