ബ്ലോക്ക്ബസ്റ്ററായി ദുൽഖറിന്റെ ലക്കി ഭാസ്കർ, 3 ദിവസത്തെ കളക്ഷൻ കണക്കുകൾ ഇങ്ങനെ

ബ്ലോക്ക്ബസ്റ്ററായി ദുൽഖറിന്റെ ലക്കി ഭാസ്കർ, 3 ദിവസത്തെ കളക്ഷൻ കണക്കുകൾ ഇങ്ങനെ
Published on

ഒക്ടോബർ 31 ന് ദീപാവലി റിലീസായി എത്തിയ ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ ആഗോള ബോക്സ് ഓഫീസിൽ വമ്പൻ കളക്ഷനിലേക്ക്. പ്രേക്ഷക പിന്തുണയോടെ മുന്നേറുന്ന ചിത്രം ആദ്യ മൂന്നു ദിനം കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ നിന്ന് നേടിയത് 39 കോടി 90 ലക്ഷത്തിലധികം രൂപയാണ്. കേരളത്തിൽ നിന്ന് മാത്രം മൂന്നാം ദിവസം ചിത്രം നേടിയത് 2 കോടി 30 ലക്ഷമാണ്. ആദ്യ ദിനം 12 കോടിക്ക് മുകളിൽ ആഗോള ഗ്രോസ് നേടിയ ചിത്രത്തിന് രണ്ടാം ദിനം 14 കോടിയോളമാണ് ലഭിച്ചത്. മൂന്നാം ദിനത്തിൽ 13 കോടിയോളം രൂപ ആഗോള തലത്തിൽ ചിത്രം സ്വന്തമാക്കിയിട്ടുണ്ട്. ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി ചിത്രം മാറുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകർ.

കേരളത്തിൽ ആദ്യ ദിനം 175 സ്‌ക്രീനുകളിൽ റിലീസ് ചെയ്ത ചിത്രം രണ്ടാം ദിനം 200 ലധികം സ്‌ക്രീനുകളിലേക്ക് ഉയർന്നിരുന്നു. കേരളത്തിൽ നിന്ന് മാത്രം ആദ്യ മൂന്നു ദിവസം കൊണ്ട് ചിത്രം ആറര കോടിയോളം ഗ്രോസ് നേടിക്കഴിഞ്ഞു. കേരളത്തിലും ഗൾഫിലും ചിത്രം വിതരണം ചെയ്തിരിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ്. എല്ലാത്തരം പ്രേക്ഷകരും ഒരുപോലെ സ്വീകരിക്കുന്ന ചിത്രം ഒരു പീരീഡ് ഡ്രാമ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്.

വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത ഈ ചിത്രം, 1992 ൽ ബോംബ സ്റ്റോക്ക് എക്സ്ചേഞ്ചിൽ നടന്ന കുപ്രസിദ്ധമായ തട്ടിപ്പിൻ്റെ പശ്‌ചാത്തലത്തിൽ ഭാസ്കർ എന്ന ഒരു സാധാരണ ബാങ്ക് ക്ലർക്കിന്റെ കഥയാണ് പറയുന്നത്.മഗധ ബാങ്കിൽ ജോലി ചെയ്യുന്ന ഒരു കാഷ്യറായാണ് ചിത്രത്തിൽ ദുൽഖർ സൽമാൻ എത്തുന്നത്. 90-കളിലെ ബോംബെയിലെ സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് ഒരു കാഷ്യർ കടന്നുപോവുന്ന പ്രതിസന്ധികളാണ് സിനിമയുടെ ഇതിവൃത്തം. ഫോര്‍ച്യൂണ്‍ ഫയര്‍ സിനിമാസിന്റെ ബാനറിൽ സിതാര എന്റെര്‍റ്റൈന്മെന്റ്‌സും നാഗ വംശി,സായി സൗജന്യാ എന്നിവരും ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്. മീനാക്ഷി ചൗധരിയാണ് ചിത്രത്തിൽ ദുൽഖറിന്റെ നായിക. തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി എന്നീ 4 ഭാഷകളിലായി ഒരുങ്ങുന്ന ചിത്രത്തിന്റെ സം​ഗീതസംവിധാനം നിർവഹിക്കുന്നത് സംഗീത സംവിധായകൻ ജി വി പ്രകാശ് കുമാറാണ്. ഛായാഗ്രഹണം നിർവഹിക്കുന്നത് നിമിഷ് രവി, ചിത്രസംയോജനം നവിൻ നൂലി, പിആർഒ: ശബരി. ദുൽഖറിന്റേതായി മുൻപ് പുറത്തു വന്ന തെലുങ്ക് ചിത്രം 'സീത രാമം' വലിയ വിജയമായിരുന്നു. 'കൽക്കി'യിലെ കാമിയോ റോളിനും വലിയ വരവേൽപാണ്‌ പ്രേക്ഷരിൽ നിന്നുണ്ടായത്.

Related Stories

No stories found.
logo
The Cue
www.thecue.in