എല്ലാ ശക്തികൾക്കും മുകളിലാണ് സ്നേഹം, അതാണ് ബ്രഹ്മാസ്ത്ര; പ്രശംസയുമായി രാജമൗലി

എല്ലാ ശക്തികൾക്കും മുകളിലാണ് സ്നേഹം, അതാണ് ബ്രഹ്മാസ്ത്ര; പ്രശംസയുമായി രാജമൗലി
Published on

അമിഷിന്റെ ഇമ്മോർട്ടൽസ്‌ ഓഫ് മെലൂഹ എന്ന നോവലിനെ അടിസ്ഥാനപ്പെടുത്തി അയാൻ മുഖർജി സംവിധാനം ചെയ്യുന്ന ബ്രഹ്മാസ്ത്ര എന്ന സിനിമയെ പ്രശംസിച്ച് തെന്നിന്ത്യൻ സംവിധായകൻ എസ് എസ് രാജമൗലി. ബാഹുബലി പൂർത്തിയാക്കാൻ അഞ്ചു വർഷമാണ് തനിക്ക് വേണ്ടിവന്നത്, അതേസമയം ജീവിതത്തിന്റെ പത്തുവർഷക്കാലം താൻ കണ്ട സ്വപ്നത്തിനായി ഇറങ്ങിത്തിരിച്ച വ്യക്തിയുടെ സിനിമയോടുള്ള അഭിനിവേശം ചെറുതായിരിക്കില്ല, അതിനെ എങ്ങനെ പിന്തുണക്കുമെന്ന ചിന്തയിലാണ് സിനിമ പ്രെസെന്റ്‌ചെയ്യാൻ തീരുമാനിച്ചതെന്ന് രാജമൗലി പറഞ്ഞു. സിനിമയുടെ പ്രചരണപരിപാടികളോടനുബന്ധിച്ച് നടന്ന ചടങ്ങിലായിരുന്നു രാജമൗലിയുടെ പ്രതികരണം.

'ബ്രഹ്മാസ്ത്ര' ചിത്രീകരിക്കുന്നത് അത്ര എളുപ്പമുള്ള ഒരു കാര്യമല്ല. കഥാപാത്രത്തിന് ഇത്രയും പവർ കൊടുത്തിട്ട് ചിത്രമൊരുക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. അയാൻ ഇവിടെ ഒരുക്കിയിരിക്കുന്നത് കുറ്റമറ്റ ശക്തികളല്ല. പകരം കഥാപാത്രങ്ങൾക്ക് ഒരേ സമയം പരിധികൾ കൂടെ നൽകുന്നുണ്ട്. അതുകൊണ്ടുതന്നെ ഇവിടെ ഒരു ശക്തനായ വില്ലനെ അവതരിപ്പിക്കാനും, നന്മയ്ക്കു തിന്മയെ ജയിക്കാൻ വേണ്ട നിരന്തര ശ്രമങ്ങളെ അവതരിപ്പിക്കാനുമുള്ള അവസരങ്ങൾ ഉണ്ടാവുകയാണ്. ഇത് വെറുമൊരു കെട്ടുകഥയല്ല. മറിച്ച് വാണിജ്യാടിസ്ഥാനത്തിലുള്ള കഥാവതരണമാണ്. ബ്രഹ്മാസ്ത്രത്തിലേക്ക് കൂടുതൽ ആകർഷിച്ചത് ഇതെല്ലാമാണെന്ന് രാജമൗലി അഭിപ്രായപ്പെട്ടു.

വാനരസ്ത്ര, നന്ദിയസ്ത്ര, അഗ്നിയസ്ത്ര, ജലാസ്ത്ര, ബ്രഹ്മാസ്ത്ര തുടങ്ങി നിരവധി അസ്ത്രങ്ങളെ അവതരിപ്പിക്കുമ്പോഴും, എല്ലാ അസ്ത്രങ്ങൾക്കും ഉപരിയായാണ് സ്നേഹം എന്ന് പറഞ്ഞുവെക്കാൻ സിനിമയ്ക്കു സാധിക്കുന്നുണ്ട്. അത് സംഭാഷണങ്ങളിലൂടെ പറഞ്ഞു വെക്കുക മാത്രമല്ല, എല്ലായിടത്തും സ്നേഹം തന്നെയാണ് ജയിക്കുന്നത് എന്ന് പറഞ്ഞുവെക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. സിനിമയുടെ പ്രധാന ആശയം തന്നെ അതാണ്. പ്രേക്ഷകരിലേക്ക് കൃത്യമായ രീതിയിൽ അതെത്തിക്കാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. അതിനുവേണ്ടി ഏറ്റവും മികച്ച രണ്ട് താരങ്ങളെ തന്നെയാണ് അദ്ദേഹത്തിന് ലഭിച്ചിട്ടുള്ളതെന്നും ആലിയയെയും രൺബീറിനെയും ചൂണ്ടിക്കാട്ടി രാജമൗലി പറഞ്ഞു.

എനിക്ക് ബാഹുബലി പൂർത്തിയാക്കാൻ അഞ്ചു വർഷം സമയം വേണ്ടി വന്നു. അന്നെന്നോട് പറഞ്ഞിരുന്നത് അത്രയും അഭിനിവേശം എനിക്കാ സിനിമയോട് ഉണ്ടെന്നായിരുന്നു. എന്നാലിനിവിടെ ജീവിതത്തിലെ പത്തു വർഷം ഒരൊറ്റ സിനിമയ്ക്ക് വേണ്ടി ഉപയോഗിച്ചിരിക്കുന്ന വ്യക്തിയെ നമുക്ക് കാണാം. അപ്പോൾ ഈ സിനിമയോടുള്ള അദ്ധേഹത്തിന്റെ വികാരമെന്താണെന്ന് നമുക്ക് മനസ്സിലാക്കാം. അതിനെ ഏതുവിധത്തിൽ പിന്തുണക്കാൻ കഴിയുമെന്നാണ് ഞാൻ ആലോചിച്ചതെന്ന് രാജമൗലി കൂട്ടിച്ചേർത്തു.

ഇന്ത്യൻ സാഹിത്യത്തിലെ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട 'ശിവ നോവൽത്രയ'ങ്ങളിലെ ആദ്യത്തേതിന്റെ സിനിമ അവതരണമാണ് ബ്രഹ്മാസ്ത്ര. രൺബീർ കപൂർ, ആലിയ ഭട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളാവുന്ന സിനിമ സെപ്റ്റംബർ ഒമ്പതിന് തീയറ്ററുകളിലെത്തും. സ്റ്റാർട്ട് സ്റ്റുഡിയോസ്, വാൾട്ട് ഡിസ്നി സ്റ്റുഡിയോസ് മോഷൻ പിക്ചേഴ്‌സ് എന്നിവർ ചേർന്ന് വിതരണം ചെയ്യുന്ന സിനിമ ധർമ്മ പ്രൊഡക്ഷൻസ്, വാൾട്ട് ഡിസ്നി സ്റ്റുഡിയോസ് മോഷൻ പിക്ചേഴ്‌സ്, ഫോക്സ് സ്റ്റാർ സ്റ്റുഡിയോ എന്നീ പ്രൊഡക്ഷൻ ഹൗസുകൾ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in