കമൽഹാസൻ സാറിന് തന്റെ ക്രാഫ്റ്റിനോടുള്ള പ്രതിബദ്ധതയുടെ തെളിവാണ് 'ഇന്ത്യൻ 2' എന്ന് സംവിധായകൻ ലോകേഷ് കനകരാജ്. കമൽ ഹാസൻ സേനാപതിയായി വീണ്ടും തിയറ്ററുകളിലേക്ക് എത്തിയ ചിത്രമാണ് ഷങ്കറിന്റെ ഇന്ത്യൻ 2. 1996 ൽ ശങ്കറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ കമൽഹാസൻ ചിത്രം ഇന്ത്യന്റെ രണ്ടാം ഭാഗമാണ് ഇത്. സമൂഹത്തിൽ പെരുകി വരുന്ന അഴിമതി തടയാനായി വീണ്ടും സേനാപതി തിരിച്ചെത്തുന്നതാണ് ഇന്ത്യൻ 2 വിന്റെ പ്രമേയം. സ്വയം പുതുക്കിക്കൊണ്ടിരിക്കുന്ന നടനാണ് കമൽ ഹാസൻ എന്ന് മുമ്പ് സംവിധായകൻ ഷങ്കറും പറഞ്ഞിരുന്നു. ഒരുപാട് മുതിർന്ന അഭിനേതാക്കൾക്ക് വർഷങ്ങൾ കഴിയുമ്പോൾ ഒരേ പ്രകാരമുള്ള ഒരു അഭിനയ ശെെലി വരും. പക്ഷേ കമൽ സാറിന് ഇപ്പോഴും നമുക്ക് ഇഷ്ടപ്പെടുന്ന തരത്തിലുള്ള പുതുക്കിയ അഭിനയം സ്വായത്തമാണ് എന്നും അതാണ് അദ്ദേഹത്തിന്റെ പ്രത്യേകത എന്നുമാണ് ഇന്ത്യൻ 2 വിന്റെ ഓഡിയോ ലോഞ്ചിൽ ഷങ്കർ പറഞ്ഞത്. സംവിധായകൻ ഷങ്കറിനും സംഗീത സംവിധായകൻ അനിരുദ്ധിനും ലോകേഷ് അഭിനന്ദനങ്ങൾ അറിയിച്ചിട്ടുണ്ട്.
ലോകേഷ് കനകരാജിന്റെ പോസ്റ്റ്:
ഉലക നായകൻ കമൽ ഹാസൻ സാറിന്റെ തന്റെ ക്രാഫ്റ്റിനോടുള്ള പ്രതിബദ്ധതയുടെ തെളിവാണ് ഇന്ത്യൻ 2. വലിയൊരു വിഷൻ മാസ്സീവായ ഒരു സ്കെയിലിൽ യാഥാർത്ഥ്യമാക്കിയതിന് ഷങ്കർ സാറിന് അഭിനന്ദനങ്ങൾ. അനിരുദ്ധ് നിങ്ങൾ സിനിമയിൽ ചെയ്തിരിക്കുന്നത് ഉജ്ജ്വലമായ പശ്ചാത്തല സംഗീതമാണ്. ഇന്ത്യൻ 3 യ്ക്ക് വേണ്ടി അക്ഷമയോടെ കാത്തിരിക്കുന്നു
ബിഗ് ബഡ്ജറ്റിൽ ഒരുങ്ങിയ ഇന്ത്യൻ 2 വിന്റെ നിർമാണം ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരനും റെഡ് ജയന്റ് മൂവീസിന്റെ ബാനറില്‍ ഉദയനിധി സ്റ്റാലിനും ചേര്‍ന്നാണ് നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിൽ കാജല്‍ അഗര്‍വാള്‍, രാകുല്‍ പ്രീത്, ബോബി സിംഹ, സിദ്ധാര്‍ത്ഥ്, ഗുരു സോമസുന്ദരം, സമുദ്രക്കനി, എസ് ജെ സൂര്യ, കാളിദാസ് ജയറാം, പ്രിയ ഭവാനി ശങ്കർ, വിവേക്, നെടുമുടി വേണു എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആർ. രത്നവേലു, രവിവർമൻ എന്നിവരാണ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീതം അനിരുദ്ധാണ്. 'വിക്രം' എന്ന ചിത്രത്തിന് ശേഷം അനിരുദ്ധ് രവിചന്ദറും കമൽ ഹാസനും ഒന്നിച്ച ചിത്രം കൂടിയാണ് ഇന്ത്യൻ 2. ചിത്രത്തിന്റെ ഒ.ടി.ടി അവകാശം 200 കോടി രൂപയ്ക്ക് വിറ്റു പോയെന്ന് മുമ്പ് ടെെംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരുന്നു. കമൽ ഹാസന്റെ കൾട്ട് ക്ലാസിക് ചിത്രമാണ് ശങ്കർ സംവിധാനം ചെയ്ത ഇന്ത്യൻ. എ എം രത്‌നം നിർമിച്ച ചിത്രത്തിൽ മനീഷ കൊയ്‌രാള, നെടുമുടി വേണു,സുകന്യ , ഊർമിള ഊര്‍മിള മണ്ഡോദ്കർ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.