'ഒരു കമൽ ആരാധകൻ രജിനികാന്തിന് വേണ്ടി ചെയ്യുന്ന സിനിമയാണ് 'കൂലി', അവർ തമ്മിലുള്ള പ്രധാന വ്യത്യാസം ഇതൊക്കെയാണ്': ലോകേഷ് കനകരാജ്

'ഒരു കമൽ ആരാധകൻ രജിനികാന്തിന് വേണ്ടി ചെയ്യുന്ന സിനിമയാണ് 'കൂലി', അവർ തമ്മിലുള്ള പ്രധാന വ്യത്യാസം ഇതൊക്കെയാണ്': ലോകേഷ് കനകരാജ്
Published on

ഒരു കമൽ ആരാധകൻ രജിനികാന്തിന് വേണ്ടി ചെയ്യുന്ന സിനിമയാണ് കൂലി എന്ന് സംവിധായകൻ ലോകേഷ് കനകരാജ്. അവരെ രണ്ട് പേരെയും സംവിധാനം ചെയ്യുമ്പോൾ ധാരാളം കാര്യങ്ങളിൽ അവർക്ക് വ്യത്യാസങ്ങളുള്ളതായി തോന്നിയിട്ടുണ്ട്. രജിനികാന്ത് സംവിധായകന് ചേരുന്ന ഒരു നടനാണ്. സീനിൽ വിശ്രമമില്ലാതെ ജോലി ചെയ്യുന്ന നടനാണ് രജിനികാന്ത്. എന്നാൽ കമൽ ഹാസൻ നടൻ എന്നതിനേക്കാൾ ഉപരി ഒരു ടെക്‌നീഷ്യൻ ആണ്. അവരോടു ഒരു സീനിനെ കുറിച്ച് പറഞ്ഞു കൊടുക്കുമ്പോൾ ഉണ്ടാകുന്ന പ്രധാന വ്യത്യാസം അതൊക്കെയാണെന്നും ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ ലോകേഷ് കനകരാജ് പറഞ്ഞു.

കമൽ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം തിയറ്ററിൽ വലിയ വിജയമായിരുന്നു. ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകും എന്നും സംവിധായകൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ലോകേഷ് യൂണിവേഴ്‌സിൽ ധാരാളം ചിത്രങ്ങളാണ് ഇനിയും പ്രേക്ഷകരിലേക്ക് എത്താനിരിക്കുന്നത്. രജിനികാന്ത് നായകനായി എത്തുന്ന കൂലിയാണ് ലോകേഷ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം.

ലോകേഷ് കനകരാജ് പറഞ്ഞത്:

രജിനി സാറിനൊപ്പം സിനിമ ചെയ്യുന്നത് ഒരു സ്വപ്നം പോലെയാണ് തോന്നുന്നത്. കമൽ സാറിനും രജിനി സാറിനൊപ്പവും ജോലി ചെയ്തു എന്നുള്ളത് വലിയ അനുഗ്രഹമായിട്ടാണ് കാണുന്നത്. എല്ലാവർക്കും അറിയാവുന്നത് പോലെ ഞാനൊരു വലിയ കമൽ ഹാസൻ ഫാനാണ്. രജിനി സാറിന്റെ സിനിമയ്ക്ക് വേണ്ടി ഒരു കമൽ ആരാധകന് എന്ത് ചെയ്യാൻ കഴിയും എന്നുള്ളതാണ് കൂലിയിൽ അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്നത്. നമ്മളെല്ലാം ഈ സൂപ്പർ സ്റ്റാറുകളുടെ എല്ലാവരുടേം ഫാനാണ്. കമൽ സാറിന്റെ ഫാനായിരിക്കുമ്പോൾ തന്നെ എനിക്ക് രജിനി സാറിന്റെ സിനിമകളും ഇഷ്ടമാണ്. അദ്ദേഹത്തിന്റെ സിനിമകൾ ആഘോഷിച്ചാണ് നമ്മൾ വളർന്നു വന്നിട്ടുള്ളത്.

സംവിധാനം ചെയ്യുമ്പോൾ ഇരുവരും തമ്മിൽ വലിയ വ്യത്യാസങ്ങളുണ്ട്. രജിനി സാറിനൊപ്പം കൂലി സിനിമയുടെ 50 ദിവസത്തെ ഷൂട്ടാണ് ഇപ്പോൾ പൂർത്തിയാക്കിയിട്ടുള്ളത്. കഴിഞ്ഞ ഒരു വർഷമായി അദ്ദേഹത്തോട് കഥയെ കുറിച്ച് സംസാരിക്കുന്നുണ്ട്. സംവിധായകന് ചേരുന്ന ഒരു നടനായിട്ടാണ് രജിനി സാറിനെ തോന്നിയിട്ടുള്ളത്. സ്‌ക്രീനിൽ അദ്ദേഹം കൊണ്ടുവരുന്ന മാജിക്ക് എന്ന് പറയുന്നത് നിത്യ ജീവിതത്തിലും അദ്ദേഹത്തിനുണ്ട്. സീനിനെ കുറിച്ച് എപ്പോഴും ഒരുപാട് ആലോചിക്കുന്ന ഒരാളാണ് രജിനിസാർ. താൻ അഭിനയിക്കുമ്പോൾ തൊട്ടടുത്തുള്ള അഭിനേതാവ് എങ്ങനെ പെരുമാറും എന്നുള്ള രീതിയിലാണ് അദ്ദേഹം ആലോചിക്കാറുള്ളത്. അതുകൊണ്ട് തന്നെ എവിടെയും ഇരുന്ന് വിശ്രമിക്കുന്ന ഒരാളല്ല രജിനിസാർ. സജഷൻ ഷോട്ടുകളിൽ മറ്റാരെയെങ്കിലും വെച്ച് ഷൂട്ട് ചെയ്യാം എന്നുണ്ടെങ്കിൽ പോലും അദ്ദേഹം തന്നെ അവിടെ വന്ന് നിൽക്കും.

കമൽ സാറിലേക്ക് വരുമ്പോൾ വളരെ വ്യത്യസ്തമായ മറ്റൊരു സ്‌കൂളാണ്. അഭിനേതാവ് എന്നതിനേക്കാൾ താൻ ഒരു ടെക്‌നീഷ്യൻ ആണെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. അപ്പോൾ നിങ്ങൾക്ക് അവർ തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാം. ചെയ്യാൻ പോകുന്ന സീനിനെ കുറിച്ച് ഒരു നടനോടും ടെക്‌നീഷ്യനോടും പറയുന്ന വ്യത്യാസമാണത്. അഭിനയത്തിന്റെ കാര്യത്തിൽ എന്താണ് വ്യത്യാസം എന്നുള്ളത് എനിക്ക് പറഞ്ഞു തരാൻ കഴിയില്ല. നിങ്ങൾ തന്നെ നേരിട്ട് കണ്ട് അനുഭവിക്കേണ്ട ഒന്നാണത്. രണ്ട് ഇതിഹാസങ്ങൾക്ക് ആക്ഷനും കാറ്റും പറയുക എന്നത് ഇപ്പോഴും സർ റിയൽ അനുഭവമാണ്.

Related Stories

No stories found.
logo
The Cue
www.thecue.in