എടുക്കണം എന്നാഗ്രഹിച്ച ആക്ഷൻ സിനിമ ചെയ്യാൻ ഇതുവരെയും സാധിച്ചിട്ടില്ലെന്ന് സംവിധായകൻ ലോകേഷ് കനകരാജ്. വലൻസുള്ള സിനിമകൾ ചെയ്യുമ്പോൾ കുടുംബ പ്രേക്ഷകരെ ഉൾപ്പെടെ പരിഗണിക്കേണ്ടതായി വരും. ഫിസിക്സിനെ മറികടക്കുന്ന ആക്ഷൻ രംഗങ്ങൾ സിനിമയിൽ ഉണ്ടാകരുതെന്ന് നിർബന്ധമുണ്ട്. കിൽ ബിൽ പോലെ ഒരു സിനിമ ചെയ്‌താൽ ഇവിടെ റിലീസ് ചെയ്യാനാകില്ല. പൾപ്പ് ഫിക്ഷൻ, കാസിനോ പോലെയുള്ള ചിത്രങ്ങൾ ഒടിടിയിൽ കണ്ട് ആസ്വദിക്കാം എന്നല്ലാതെ അതുപോലെ വയലൻസുള്ള സിനിമകൾ നമുക്കിവിടെ നിർമ്മിക്കാനോ റിലീസ് ചെയ്യാനോ കഴിയില്ല. ഇവിടെ നിർമ്മിക്കാൻ കഴിയുന്നത് പഴത്തിൽ സൂചി കയറ്റുന്ന വയലൻസാണ് എന്ന് ലോകേഷ് കനകരാജ് സിനിമാ വിദ്യാർത്ഥികളോട് സംവദിക്കുന്നതിനിടയിൽ പറഞ്ഞു. സംവിധായകനായ പാ രഞ്ജിത്ത് നേതൃത്വം നൽകുന്ന സിനിമാ മോഹികളായ 'കൂഗൈ ഫിലിം മൂവ്മെന്റി'ലെ വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു ലോകേഷ് കനകരാജ്. രജനികാന്ത് നായകനായി എത്തുന്ന 'കൂലി' യാണ് ലോകേഷിന്റെ ഏറ്റവും പുതിയ ചിത്രം.
ലോകേഷ് കനകരാജ് പറഞ്ഞത്:
മനസ്സിലുള്ള ഒരു ആക്ഷൻ സിനിമ ഇതുവരെയും എനിക്ക് എടുക്കാൻ കഴിഞ്ഞിട്ടില്ല. കൈതിയുടെ സെൻസറിങ് കഴിഞ്ഞപ്പോൾ തന്നെ എനിക്ക് ഈ വിഷയത്തിൽ പ്രശ്നം തോന്നിയിരുന്നു. വലിയ താരങ്ങളെ വെച്ച് നേരെ പോയി ഒരു ആക്ഷൻ സിനിമ എടുക്കാനാകില്ല. സിനിമയിലെ ആക്ഷനെയും വയലൻസിനെയും എത്രത്തോളം റൊമാന്റിസൈസ് ചെയ്യുന്നോ അതുപോലെ തന്നെ അതിനെ കുറച്ചുകൊണ്ടുവരാനും പഠിക്കണം.
കുടുംബ പ്രേക്ഷകർ ഉൾപ്പെടെയുള്ളവർ സിനിമ കാണാൻ വരുമെന്നുള്ളത് മനസ്സിലുണ്ടാകണം. ഫിസിക്സിനെ മറികടക്കുന്ന ആക്ഷൻ എന്റെ സിനിമയിൽ ഉണ്ടാകരുതെന്ന് എനിക്ക് വാശിയുണ്ട്. ആ നിർബന്ധം ഉണ്ടായിരുന്നത് കൊണ്ടാണ് 'മാസ്റ്റർ' സിനിമയിൽ വിജയ് സാർ ചെയ്യുന്ന ആക്ഷൻ സീനെല്ലാം കുറേക്കൂടെ ക്രൂരമായി അനുഭവപ്പെടുന്നത്. ഷൂട്ടിംഗ് സെറ്റിൽ റോപ്പുകൾ വരരുതെന്നാണ് മുൻപ് സ്റ്റണ്ട് മാസ്റ്റർമാരോട് പറയാറുള്ളത്. ഫിസിക്സിനെ റീ ഡിഫൈൻ ചെയ്യുന്ന രീതിയിൽ സിനിമ ചെയ്യണ്ടതില്ലെന്നാണ് കരുതുന്നത്. അപ്പോൾ തന്നെ റോ ആയ ഒരനുഭവം സിനിമയ്ക്കുണ്ടാകും.
'കിൽ ബിൽ' പോലെ ഒരു സിനിമ ഇവിടെ എടുത്താൽ അത് റിലീസ് ചെയ്യാനാകില്ല. സ്ത്രീ കേന്ദ്രീകൃതമായ രീതിയിൽ കിൽ ബില്ലിനെ അഡാപ്റ്റ് ചെയ്തുകൊണ്ട് ഒരു സിനിമ ചെയ്യണമെന്ന് ഒരുപാട് ആഗ്രഹമുണ്ട്. പക്ഷെ ഇവിടെ റിലീസ് ചെയ്യാനാകില്ല. ഒറ്റിറ്റി യിൽ പോലും റിലീസ് ചെയ്യാനാകില്ല. അതേ സമയം കിൽ ബിൽ നിങ്ങൾക്ക് ഒറ്റിറ്റിയിൽ കാണാനാകും. പൾപ്പ് ഫിക്ഷൻ, കാസിനോ, അങ്ങനെ ഒരുപാട് സിനിമകൾ കാണാം. അതെല്ലാം എത്ര ഓസ്കർ നേടിയിട്ടുണ്ടെന്ന് നോക്കാം. പക്ഷെ അങ്ങനെയുള്ള വയലൻസ് നമുക്കിവിടെ ചെയ്യാനേ കഴിയില്ല. അത് എടുക്കാനും കഴിയില്ല റിലീസുമാകില്ല. പഴത്തിൽ സൂചി കയറ്റുന്ന വയലൻസ് മാത്രമേ ഇവിടെ ചെയ്യാൻ കഴിയൂ.