സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റ് ആയി വീണ്ടും ലിസ്റ്റിൻ സ്റ്റീഫനെ തിരഞ്ഞെടുത്തു. കൊച്ചിയിൽ നടന്ന ജനറൽ ബോഡി കമ്മിറ്റിയിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. ലിസ്റ്റിൻ സ്റ്റീഫന്റെ നേതൃത്വത്തിൽ ഉള്ള കമ്മറ്റിയെ ഒരു വർഷത്തേക്ക് കൂടിയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ജനറൽ സെക്രട്ടറി എസ്. എസ്.ടി സുബ്രഹ്മണ്യൻ. മുരളി മൂവീസ് ഉടമ വി.പി. മാധവൻ നായർ ട്രഷറർ.
നിരവധി ഹിറ്റ് ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച മാജിക് ഫ്രെയിംസ് എന്ന നിർമാണ-വിതരണ കമ്പനി, സൗത്ത് സ്റ്റുഡിയോസിന്റെയും ഉടമയാണ് ലിസ്റ്റിൻ സ്റ്റീഫൻ. സിനിമാ അക്കാദമിയായ SIFA യും ലിസ്റ്റിൻ സ്റ്റീഫന്റെ സംരംഭമാണ്.
2011 ൽ ‘ട്രാഫിക്’ എന്ന സിനിമ നിർമിച്ചാണ് ലിസ്റ്റിൻ നിർമാണ രംഗത്തെത്തുന്നത്. തുടർന്ന് ഉസ്താദ് ഹോട്ടൽ, ഹൗ ഓൾഡ് ആർ യു തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളിലൂടെ മലയാളത്തിലെ മുൻനിര നിർമാണക്കമ്പനികളിലൊന്നായി മാറി. ഡ്രൈവിങ് ലൈസൻസ് എന്ന ചിത്രത്തിലൂടെ പൃഥ്വിരാജിനൊപ്പം നിർമാണത്തിൽ പങ്കാളിയായി. കടുവ, ജനഗണമന എന്നീ സിനിമകൾ ഒന്നിച്ചു നിർമിച്ചു. കൂടാതെ കെജിഎഫ് 2, മാസ്റ്റർ, പേട്ട തുടങ്ങിയ സിനിമകളുടെ കേരള വിതരണവും ഇവർ ഒന്നിച്ചാണ് ഏറ്റെടുത്തത്. നിവിൻ പോളി നായകനായി എത്തിയ "മലയാളി ഫ്രം ഇന്ത്യ"യാണ് ലിസ്റ്റിന്റേതായി പുറത്തിറങ്ങിയ പുതിയ ചിത്രം. ദിലീപ് നായകനായ എത്തുന്ന ഒരു ചിത്രവും സുരാജ് വെഞ്ഞാറമൂടിന്റെ വിലാസിനി മൂവിസുമായി സഹകരിച്ച് മറ്റൊരു ചിത്രവും നിർമ്മാണത്തിലുണ്ട്. ടോവിനോ തോമസ് നായകനാക്കി നിർമ്മിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ARM ഉടൻ പുറത്തിറങ്ങും
സിനിമകൾ സംഭവിക്കുന്നതാണ്, ലിസ്റ്റിൻ സ്റ്റീഫൻ മുമ്പ് ക്യു സ്റ്റുഡിയോയോട് സംസാരിച്ചത്
സിനിമകൾ സംഭവിക്കുന്നതാണ്. ട്രാഫിക് എന്ന സിനിമ ഞാൻ നിർമിക്കുന്നതിന് മുൻപ് പല ആളുകളുടെ അടുത്തും സമീപിച്ചതാണ്. പക്ഷെ അവർക്കാർക്കും അത് ഇഷ്ട്ടപെട്ടിട്ടിലായിരുന്നു അല്ലെങ്കിൽ അവർ ഓക്കേ പറഞ്ഞില്ല. പക്ഷെ എന്റെ സമയമായിട്ടുണ്ടാകും അതുകൊണ്ട് ഞാനത് കേൾക്കുകയും അതിനകത്ത് ഒരു താല്പര്യം പ്രകടിപ്പിച്ച് രാജേഷ് പിള്ളയെ വിളിക്കുകയും ചെയ്തു. രാജേഷ് പിള്ളക്ക് അങ്ങനെ അഡ്വാൻസ് കൊടുത്തു സഞ്ജയ്‌ക്കൊക്കെ അത് കഴിഞ്ഞാണ് അഡ്വാൻസ് കൊടുക്കുന്നത്. ട്രാഫിക്കിലൂടെ വരാൻ കഴിഞ്ഞതൊരു ഭാഗ്യമാണ്. അടുത്ത പടത്തിലും ഫ്രം ദി പ്രൊഡ്യൂസഴ്സ് ഓഫ് ട്രാഫിക് എന്നാണ് ടൈറ്റിൽ വച്ചത്. പിന്നെ കമൽ ഹാസൻ എന്ന വ്യക്തിയുമായി സിനിമ ഡിസ്‌കസ് ചെയ്യാനും കാണാനും പറ്റി. തമിഴിൽ കമൽ ഹാസനുമായിട്ടായിരുന്നു ട്രാഫിക് ചെയ്യേണ്ടിയിരുന്നത്. അദ്ദേഹം ട്രാഫിക്കിന്റെ 100 ദിനം സെലിബ്രേഷന് കേരളത്തിൽ വരുകയും മൊമെന്റോസ് ഒക്കെ നൽകി. പിന്നെ ആ പ്രൊജക്റ്റ് തമിഴിൽ ശരത്കുമാറും രാധിക ശരത്കുമാറും ആയി ചേർന്നാണ് ചെന്നൈയിൽ ഒരു നാൾ എന്ന സിനിമ ചെയ്യുന്നത്. അതും അവിടെ നല്ല വിജയമായിരുന്നു. അതിനെത്തുടർന്ന് തമിഴിൽ കുറച്ച് സിനിമകൾ ചെയ്യാൻ പറ്റി. പിന്നെ തിരിച്ചിവിടെ വന്നു ഉസ്താദ് ഹോട്ടലും, ചാപ്പ കുരിശും, ഹൗ ഓൾഡ് ആർ യൂ ചെയ്തു.
സഞ്ജയ്യുടെ അവതരണരീതിയും കഥ കേട്ടപ്പോഴുള്ള ഫ്രഷ്‌നെസ്സും അതാണ് ട്രാഫിക്കിലേക്ക് അടുപ്പിച്ചത്. സിനിമ വർക്ക് ആകും എന്ന തോന്നൽ മാത്രമേ ഉണ്ടായിരുന്നുള്ളു അല്ലാതെ ഇത് 100 ശതമാനം ഓടും എന്നൊന്നും അപ്പൊ ഫീൽ ചെയ്തില്ല. ഒരു ക്രിക്കറ്റ് ലൈവ് കണ്ടോണ്ടിരിക്കുന്ന രീതിയിൽ പുള്ളി കഥ പറഞ്ഞപ്പോൾ നമ്മുക്കൊരു അറ്റാച്ച്മെന്റ് തോന്നി. ചില നല്ല സിനിമകൾ ഓടാതെ ഇരുന്നിട്ടുണ്ട് അത്ര വല്യ മഹത്തരമല്ലാത്ത സിനിമകൾ ഭയങ്കരമായി ഓടിയിട്ടുമുണ്ട്.