കേരളം ലിജോയുടെ പോത്തിന് പിന്നാലെ ; ‘ജല്ലിക്കട്ട്’ മിനിമല്‍ പോസ്റ്റര്‍
ലിജോ ജോസ് പെല്ലിശേരിയുടെ ജല്ലിക്കട്ടിന്റെ റിലീസിനായി പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്. ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലെ ചിത്രത്തിന് ലഭിച്ച മികച്ച പ്രതികരണത്തിന് പിന്നാലെ റിലീസ് ചെയ്ത ടീസറും ഇന്നലെ അപ്രതീക്ഷിതമായെത്തിയ ട്രെയിലറും പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. ട്രെയിലര്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ യൂട്യൂബില്‍ ട്രെന്‍ഡിങ്ങായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ മറ്റൊരു പോസ്റ്ററും സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്.
ചിത്രത്തിന്റെ ആദ്യം പുറത്തു വന്ന പോസ്റ്ററുകളിലും പോത്തു മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് ടൊറന്റോയില്‍ തെരഞ്ഞെടുത്തപ്പോഴായിരുന്നു മറ്റ് കഥാപാത്രങ്ങളുടെ ചിത്രങ്ങളടക്കം പുറത്തു വരുന്നത്. കയറുപൊട്ടിച്ചോടുന്ന പോത്ത് കേന്ദ്രകഥാപാത്രമാകുന്ന സിനിമയുടെ ട്രെയിലറിലെയും ടീസറിലെയും ദൃശ്യങ്ങള്‍ കൊണ്ട് പോത്തിന്റെ രൂപം സൃഷ്ടിച്ച ഒരു മിനിമല്‍ പോസ്റ്ററാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ജയറാം രാമചന്ദ്രന്‍ ഡിസൈന്‍ ചെയ്ത പോസ്റ്റര്‍ ഗിരീഷ് ഗംഗാധരനും ആന്റണി വര്‍ഗീസുമടക്കമുള്ളവര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.
പ്രേക്ഷകര്‍ റിലീസ് ദിനങ്ങളെണ്ണി കാത്തിരിക്കെ ജല്ലിക്കട്ടിന്റെ അപ്രതീക്ഷിത ട്രെയിലര്‍. ലണ്ടന്‍ ഫിലിം ഫെസ്റ്റിവലിലെ യൂറോപ്യന്‍ പ്രീമിയറിന് മുന്നോടിയായി ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടാണ് ട്രെയിലര്‍ പുറത്തുവിട്ടത്. 'കേരളത്തിന്റെ ബാഡ്ബോയ് ഡയറക്ടര്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ഡാര്‍കസ്റ്റ് ഫിലിം' എന്ന ക്യാപ്ഷനാണ് ബിഎഫ്ഐ ട്രെയിലറിന് നല്‍കിയിരിക്കുന്നത്. ഗ്രാമം പോത്തിന്റെ പിന്നാലെ ഓടുന്ന ദൃശ്യങ്ങളോടെയിറങ്ങിയ ത്രില്ലര്‍ മൂഡ് ടീസറിന്റെ തുടര്‍ച്ചയാണ് ട്രെയിലറും.
ടൊറന്റോ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലിലില്‍ സമകാലീന ലോക സിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ കിട്ടിയ വരവേല്‍പ്പും അന്താരാഷ്ട്ര ഫിലിം റിവ്യൂ അഗ്രഗേറ്റര്‍ വെബ് സൈറ്റ് ആയ റോട്ടന്‍ ടൊമറ്റോസില്‍ പ്രധാന ലോക സിനിമയെന്ന് വിശേഷിപ്പിച്ച നിരൂപണങ്ങള്‍ ഉള്‍പ്പെടുത്തിയതും കേരളത്തിന് പുറത്തും ജല്ലിക്കട്ട് റിലീസിന് കാത്തിരിപ്പ് ഉണ്ടാക്കിയിട്ടുണ്ട്.
ചെമ്പന്‍ വിനോദ് ജോസ്, ആന്റണി വര്‍ഗീസ്, സാബുമോന്‍ അബ്ദുസമദ്, ജാഫര്‍ ഇടുക്കി, ശാന്തി ബാലചന്ദ്രന്‍ തുടങ്ങിയവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കള്‍. ചെമ്പന്‍ വിനോദ് ജോസിന്റെ ചെമ്പോസ്‌കി, ലിജോ പെല്ലിശേരിയുടെ ലിജോ പെല്ലിശേരി മുവീ ഹൗസ് എന്നീ ബാനറുകള്‍ തോമസ് പണിക്കര്‍ക്കൊപ്പം ജല്ലിക്കട്ടില്‍ നിര്‍മ്മാണ പങ്കാളികളാണ്. മാവോയിസ്റ്റ് എന്ന തന്റെ ചെറുകഥയെ ആധാരമാക്കി എസ് ഹരീഷ് ആര്‍ ജയകുമാറിനൊപ്പം എഴുതിയ തിരക്കഥയിലാണ് ചിത്രം.
അങ്കമാലി ഡയറീസിന് ശേഷം ഗിരീഷ് ഗംഗാധരന്‍ ലിജോ പെല്ലിശേരിക്കായി ക്യാമറ ചലിപ്പിച്ചിരിക്കുന്നു. ക്രൗഡ് കൊറിയോഗ്രഫിയിലും വിഷ്വല്‍ ട്രീറ്റ്‌മെന്റിലും ഗിരീഷിന് രാജ്യാന്തര ശ്രദ്ധ നേടിക്കൊടുക്കുന്ന ചിത്രമായിരിക്കും ജല്ലിക്കട്ട് എന്നറിയുന്നു. ദീപു ജോസഫ് എഡിറ്റിംഗും പ്രശാന്ത് പിള്ള സംഗീതവും. രംഗനാഥ് രവി സൗണ്ട് ഡിസൈനും കണ്ണന്‍ ഗണപത് സൗണ്ട് മിക്‌സിംഗും. ഗോകുല്‍ ദാസ് ആണ് ആര്‍ട്ട് ഡയറക്ടര്‍. റോണക്‌സ് സേവ്യര്‍ മേക്കപ്പ്. മാഷര്‍ ഹംസ കോസ്റ്റിയൂംസ്. ടിനു പാപ്പച്ചന്‍ ചീഫ് അസോസിയേറ്റ്. ആന്‍സണ്‍ ആന്റണിയും സുനില്‍ സിംഗും ആണ് ലൈന്‍ പ്രൊഡ്യൂസേഴ്‌സ്. സുപ്രീം സുന്ദര്‍ ആക്ഷനും അര്‍ജുന്‍ കല്ലിങ്കല്‍ സ്റ്റില്‍സും ഓള്‍ഡ് മങ്ക്‌സ് മീഡിയാ ഡിസൈനും. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് സിനിമ തിയറ്ററുകളിലെത്തിക്കുന്നത്.