ലിജോ ജോസ് പെല്ലിശേരിയെ സംവിധായകന്‍ ഫാസിലിന് പരിചയപ്പെടുത്തിയ കഥ പറഞ്ഞ് ആലപ്പി അഷ്‌റഫ്. ജെല്ലിക്കെട്ടിലൂടെ ലിജോ പെല്ലിശേരി മികച്ച സംവിധാനത്തിന് സംസ്ഥാന പുരസ്‌കാരം നേടിയ പശ്ചാത്തലത്തിലാണ് സംവിധായകന്‍ ആലപ്പി അഷ്‌റഫിന്റെ രസകരമായ കുറിപ്പ്. ഫഹദ് ഫാസിലിനെ ആമേന്‍ എന്ന സിനിമയില്‍ കാസ്റ്റ് ചെയ്യാന്‍ ലിജോ പെല്ലിശേരി ഡേറ്റ് ചോദിച്ചിട്ടുണ്ടെന്ന് ഫാസില്‍ പറഞ്ഞപ്പോഴാണ് ആരാണ് ഈ സംവിധായകനെന്ന് തിരക്കിയത്. ലിജോയുടെ ആദ്യ സിനിമയായ നായകന്‍ സെന്‍സര്‍ ചെയ്ത കാര്യവും ആലപ്പി അഷ്‌റഫ് വിശദീകരിക്കുന്നു.
ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകന് തികച്ചും അർഹതയ്ക്കുള്ള അംഗീകാരമാണ് സ്റ്റേറ്റ് അവാർഡ് .
ഞാൻ സെൻസർ ബോർഡ് മെംബറായിരുന്നപ്പോൾ അദ്ദേഹത്തിന്റെ 'നായകൻ' എന്ന ആദ്യ ചിത്രം സെൻസർ ചെയ്തതിലൊരാളായിരുന്നു ഞാൻ.
ഇരുത്തംവന്ന ഒരു സംവിധായകന്റെ മികവ് ആ ചിത്രത്തിൽ കൂടി എനിക്ക് കാണാൻ കഴിഞ്ഞു..എന്നാൽ പടം ബോക്സോഫീസിൽ പരാജയമായിരുന്നു.
ഇനിയൊരു ഫ്ലാഷ് ബാക്ക്..
നിർമ്മാതാവ് ഹസീബിന്റെ വീടിന്റെ പാലുകാച്ച് ..
എറണാകുളത്ത് നിന്നും ഞാനും എത്തി. ആലപ്പുഴയിലെ സിനിമാക്കാർ എല്ലാവരുമുണ്ടയിരുന്നു.
ഞാനും പ്രോഡക്ഷൻ കൺട്രോളർ കബീറുമായി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ എൻ്റെ പിന്നിൽ വന്ന് തട്ടി സംവിധായകൻ ഫാസിൽ പറഞ്ഞു .
" നീ തിരിച്ചു പോകുന്നവഴി വീട്ടിലൊന്നു കയറണേ" .
" ശരി ഞാൻ വരാം "
തിരികെ പോകും വഴി ഞാൻ പാച്ചിക്കായുടെ വീട്ടിൽ കയറി.
ചായ കുടിച്ച് കൊണ്ടിരിക്കുമ്പോൾ അദ്ദേഹം പറഞ്ഞു..
"എടാ നിന്നെ വരാൻ പറഞ്ഞതേ.. എനിക്ക് ഇപ്പോഴത്തെ പുതിയ സംവിധായകരെക്കുറിച്ചൊന്നും കൂടുതൽ അറിയില്ല."
ഒന്ന്നിർത്തി ...എന്നിട്ട്
"ആരാണി ലിജോ ജോസ്പല്ലിശ്ശേരി ...?
ഷാനു (ഫഹദ് ) ൻ്റെ ഡേറ്റ് ചോദിച്ച് വന്നിട്ടുണ്ടു്.. ".
ഞാൻ പറഞ്ഞു.
"നല്ലൊരു ഭാവിയുള്ള ടെക്നീഷ്യനാണ് .."
" നിനക്കെങ്ങിനെ അറിയാം...?"
ആദ്യ ചിത്രം സെൻസർ ചെയ്ത വിവരവും , അതിൽ സംവിധായകന്‍റെ കഴിവുകളും ഞാൻ വിവരിച്ചു..
"എന്നിട്ടാണോ പടം എട്ടു നിലയിൽ പൊട്ടിയത് "അതെക്കുറിച്ചല്ലല്ലോ ഞാൻ പറഞ്ഞത് സംവിധായകൻ കഴിവുള്ളവനാണന്ന് ഉറപ്പാ.അദ്ദേഹം പിന്നീട് ഒന്നും മിണ്ടിയില്ല.
പിന്നീട് അറിയുന്നു ഫഹദ് ലിജോയുടെ ആമേൻ എന്ന ചിത്രത്തിൽ അഭിനയിക്കുന്നുവെന്ന്.ചിത്രം ബംബർ ഹിറ്റ്..
ഞാനാ ചിത്രം രണ്ടു പ്രാവിശ്യം തിയേറ്ററിൽ പോയി കണ്ടു...ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഉയരങ്ങളിലേക്കുള്ള കുതിപ്പ് ദൂരെ നിന്നു കാണുമ്പോൾ...മനസ്സ് കൊണ്ടു അഭിനന്ദനങ്ങളും അനുഗ്രഹങ്ങളും നേരുകയാണ് ഞാൻ. ലിജോയുടെ എല്ലാ സിനിമകളും കണ്ടിട്ടുണ്ടങ്കിലും അദ്ദേഹത്തെ ഇതുവരെ നേരിട്ട് ഞാൻ കണ്ടിട്ടില്ല എന്നുള്ളത് മറ്റൊരു സത്യം.
രാജ്യാന്തര പുരസ്‌കാരങ്ങള്‍ക്ക് പിന്നാലെയാണ് ജെല്ലിക്കെട്ട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡിലും മികച്ച സംവിധാനത്തിന് പുരസ്‌കാരം നേടുന്നത്. ചെമ്പന്‍ വിനോദ് ജോസും ആന്റണി വര്‍ഗീസും ശാന്തി ബാലചന്ദ്രനുമാണ് ജല്ലിക്കട്ടിലെ പ്രധാന താരങ്ങള്‍. ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണം. എസ് ഹരീഷും ജയകുമാറും ചേര്‍ന്ന് തിരക്കഥ.