ഒരു സിനിമ ചെയ്ത് കഴിഞ്ഞാൽ എത്രയും പെട്ടെന്ന് അടുത്തതിലേക്ക് മൂവ് ചെയ്യാൻ താൻ ശ്രമിക്കാറുണ്ട് എന്ന് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. ഒരു സിനിമ ചെയ്തു കഴിഞ്ഞു ഇനി കുറച്ച് വർഷത്തേക്ക് ബ്രേക്ക് എടുക്കാം എന്ന് താൻ ചിന്തിക്കാറില്ലെന്നും എന്താണോ ഞാൻ ഇഷ്ടപ്പെടുന്നത് അതാണ് ഞാൻ ചെയ്യുന്നത് എന്നും ലിജോ പറഞ്ഞു. കോവിഡിന് ശേഷം സിവിയർ ഡിപ്രഷനിലൂടെ താൻ കടന്നു പോയിട്ടുണ്ട് എന്നും ആ സമയത്ത് സിനിമ കാണോനോ കഥ കേൾക്കാനോ താൽപര്യമുണ്ടായിരുന്നില്ല എന്നും ഫിലിം കമ്പാനിയന് നൽകിയ അഭിമുഖത്തിൽ ലിജോ പറഞ്ഞു.
ലിജോ പറഞ്ഞത്:
കോവിഡിന് ശേഷം ഒരു സിവിയർ ഡിപ്രഷൻ സ്റ്റേജിലൂടെ ഞാൻ കടന്നു പോയിട്ടുണ്ട്. ആ സമയത്ത് എനിക്ക് സിനിമകൾ കാണാൻ താൽപര്യമില്ലായിരുന്നു. ബുക്സ് വായിക്കാൻ താൽപര്യമില്ലായിരുന്നു. കഥകൾ കേൾക്കാൻ താൽപര്യമില്ലായിരുന്നു. എല്ലാ സമയത്തും നിങ്ങൾ സർവ്വെെവ് ചെയ്ത് അതിൽ നിന്നും പുറത്ത് വരുമ്പോൾ പുതിയ എന്തെങ്കിലും കൊണ്ടായിരിക്കും നിങ്ങൾ വരുന്നത്. ഞാൻ ആ അവസ്ഥയിലൂടെ കടന്നു പോയതിന് ശേഷം തിരിച്ചു വന്നത് നൻ പകൽ നേരത്ത് മയക്കം പോലൊരു ചിത്രവുമായാണ്. കഴിഞ്ഞ ഒന്നര വർഷമായിട്ട് ഞാൻ വാലിബനെക്കുറിച്ചാണ് ചിന്തിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോൾ ആ സിനിമ പുറത്തു വന്നു. ഇതിന് ശേഷം ഇനി ഞാൻ മറ്റൊന്നിനെക്കുറിച്ചായിരിക്കും ചിന്തിക്കുക എന്നാണ് എനിക്ക് തോന്നുന്നത്. ഇത് വളരെ ഒർഗാനിക്ക് ആയിട്ട് സംഭവിക്കുന്നതാണ് അല്ലാതെ നിർബന്ധിതമായി ശരി ഇനി ഞാൻ അടുത്തൊരു ചിത്രത്തെപ്പറ്റി ചിന്തിച്ചു തുടങ്ങാം എന്ന് ചിന്തിച്ചിട്ട് കാര്യമില്ല.
മിക്കപ്പോഴും ആരെങ്കിലും ഒരു പുതിയ ഐഡിയ പറയാൻ വരുമ്പോൾ മനപൂർവ്വമായിട്ട് അത് കേൾക്കാതിരിക്കുകയാണ് ചെയ്യുക. കാരണം അത്രയും കഥകൾ പറയാനായിട്ട് നടക്കുന്ന ആളാണ് ഞാൻ. ജെനുവിൻലി ആ കഥകൾ പറയാൻ ആഗ്രഹിച്ച് നടക്കുന്ന ആളാണ് ഞാൻ. അതുകൊണ്ട് തന്നെ ഇതൊരു വലിയ ടാസ്കായിട്ട് എനിക്ക് തോന്നിയിട്ടില്ല, ഞങ്ങളിലേക്ക് കൂടുതൽ അടുക്കുന്ന ഐഡിയകളാണ് ഞങ്ങൾ പിക്ക് ചെയ്യുന്നത്. അത് സംഭവിക്കുന്നത് വളരെ നോർമലായാണ്. അതല്ലാതെ ഈ സിനിമ ചെയ്യാൻ എത്ര കാലം എടുക്കും എന്നൊന്നും ഞാൻ ചിന്തിക്കാറില്ല. ഒരുപക്ഷേ എനിക്ക് വളരെ ഇഷ്ടമുള്ള ഒരു കാര്യമായതുകൊണ്ടായിരിക്കാം അങ്ങനെ.
ഒരു സിനിമ ചെയ്ത് കഴിഞ്ഞാൽ എത്രയും പെട്ടെന്ന് അടുത്തതിലേക്ക് മൂവ് ചെയ്യാൻ ഞാൻ ശ്രമിക്കാറുണ്ട്. കാരണം എനിക്ക് ഒരുപാട് കഥകൾ പറയാനുണ്ട്. ഞാൻ ഇത്ര സിനിമ ചെയ്തു ഇനി ഞാൻ ഒരു അഞ്ചു വർഷത്തേക്കോ പത്ത് വർഷത്തെക്കോ ബ്രേക്ക് എടുത്തേക്കാം എന്നൊന്നുമല്ല. കാരണം ഇതാണ് ഞാൻ ഇഷ്ടപ്പെടുന്നത്, ഇത് തന്നെയാണ് ഞാൻ ചെയ്യുന്നതും. അപ്പോ അത് ചെയ്യുന്നതിനെക്കുറിച്ച് മാത്രമേ ഞാൻ ആലോചിക്കുന്നുള്ളൂ. ലിജോ പറഞ്ഞു.