മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റ്, പുതിയ സിനിമാ സംഘടനയുടെ ഭാഗമല്ല: ലിജോ ജോസ് പെല്ലിശ്ശേരി

മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റ്, പുതിയ സിനിമാ സംഘടനയുടെ ഭാഗമല്ല: ലിജോ ജോസ് പെല്ലിശ്ശേരി

Published on

മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പുതിയ സിനിമാ സംഘടനയുടെ ഭാഗമല്ലെന്ന് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. സുഹൃത്തും സംവിധായകനുമായ ആഷിക് അബു സംഘടനയെക്കുറിച്ച് തന്നോട് പറഞ്ഞിരുന്നു. ക്രിയാത്മകമായ സിനിമാ സംവിധായക നിര്‍മ്മാതാക്കളുടെ കൂട്ടായ്മ എന്ന ആശയത്തോട് യോജിക്കുകയും അതിനെ സ്വാഗതം ചെയ്യുകയും ചെയ്യുന്നു. കൂട്ടായ്മയുടെ ഭാഗമാവാന്‍ ആഗ്രഹിച്ചാല്‍ അതൊരു ഔദ്യോഗിക അറിയിപ്പായി തന്റെ ഭാഗത്ത് നിന്നുണ്ടാകും. അതുവരെയും തന്റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്ത തന്റെ അറിവോടെയല്ലെന്നാണ് ലിജോ ജോസിന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നത്. പ്രോഗ്രസ്സിവ് ഫിലിം മേക്കേഴ്സ് അസോസിയേഷന്‍ എന്ന പേരില്‍ പുതിയ സംഘടന ആരംഭിക്കുന്നതിന്റെ ഭാഗമായി ലിജോ ജോസ് പെല്ലിശ്ശേരിയുടെ പേര് ഉള്‍പ്പെടുത്തി കഴിഞ്ഞ ദിവസം സര്‍ക്കുലര്‍ പുറത്തുവിട്ടിരുന്നു.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഓണ്‍ലൈന്‍ കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചലച്ചിത്ര കൂട്ടായ്മയില്‍ ഞാന്‍ നിലവില്‍ ഭാഗമല്ല. സുഹൃത്തും സംവിധായകനുമായ ആഷിക് അബു ഇത്തരമൊരു കൂട്ടായ്മയെ കുറിച്ചുള്ള ആശയം ഞാനുമായി പങ്കുവെച്ചിരുന്നു. ക്രിയാത്മകമായ ചലച്ചിത്ര സംവിധായക നിര്‍മാതാക്കളുടെ സ്വതന്ത്ര കൂട്ടായ്മ എന്ന ആശയത്തോട് ഞാന്‍ യോജിക്കുകയും അത്തരത്തിലൊന്നിനെ സ്വാഗതം ചെയ്യുകയും ചെയ്യുന്നു. അങ്ങിനെയൊരു കൂട്ടായ്മയുടെ ഭാഗമാവാന്‍ ഞാന്‍ ആഗ്രഹിക്കുന്ന പക്ഷം അതൊരു ഔദ്യോഗിക അറിയിപ്പായി എന്റെ ഭാഗത്തു നിന്നും ഉണ്ടാകും. അതുവരെ എന്റെ പേരില്‍ പ്രചരിക്കുന്ന ഒന്നും എന്റെ അറിവോടെയല്ല.

പ്രോഗ്രസ്സിവ് ഫിലിം മേക്കേഴ്സ് എന്ന സംഘടന രൂപീകരിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസമാണ് സര്‍ക്കുലര്‍ പുറത്തുവന്നത്. സംഘടനയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ പങ്കുവെച്ചുകൊണ്ടുള്ള സര്‍ക്കുലറില്‍ അഞ്ജലി മേനോന്‍, ലിജോ ജോസ് പെല്ലിശ്ശേരി, ആഷിക് അബു, രാജീവ് രവി, റിമ കല്ലിങ്കല്‍, ബിനീഷ് ചന്ദ്ര എന്നിവരുടെ പേരുകള്‍ നല്‍കിയിരുന്നു. സമത്വം, സഹകരണം, സാമൂഹിക നീതി എന്നീ മൂല്യങ്ങളില്‍ വേരൂന്നി ആയിരിക്കും പുതിയ സംഘടന പ്രവര്‍ത്തിക്കുകയെന്ന് സര്‍ക്കുലറില്‍ പറയുന്നു. നീതിയുക്തവും ന്യായപൂര്‍ണ്ണവുമായ തൊഴിലിടങ്ങള്‍ സൃഷ്ടിക്കുക എന്ന വീക്ഷണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും സംഘടനയുടെ പ്രവര്‍ത്തനമെന്നും സര്‍ക്കുലറില്‍ വിശദീകരണമുണ്ട്.

logo
The Cue
www.thecue.in