പുതിയ സിനിമയുടെ പ്രഖ്യാപനത്തിന് പിന്നാലെ തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. മികച്ച കലാ സൃഷ്ടികളിലൂടെ ജനങ്ങളെ പ്രചോദിപ്പിക്കേണ്ട സമയമാണിതെന്ന് ലിജോ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. സിനിമയില്‍ നിന്ന് തനിക്ക് ലഭിച്ച പണമുപയോഗിച്ച് മികച്ചസിനിമയുണ്ടാക്കുമെന്നും, ആരും തടയാന്‍ വരേണ്ടെന്നും ലിജോ പറയുന്നുണ്ട്.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
'പണം സമ്പാദിക്കാനുള്ള മാര്‍ഗമല്ല സിനിമ, മറിച്ച് എന്റെ കാഴ്ചപ്പാട് പ്രകടിപ്പിക്കാനുള്ള മാധ്യമമാണ് സിനിമ. അതുകൊണ്ട് ഇന്ന് മുതല്‍ ഞാനൊരു സ്വതന്ത്ര സിനിമാനിര്‍മ്മാതാവാണ്.
സിനിമയില്‍ നിന്ന് എനിക്ക് ലഭിച്ച പണം മുഴുവന്‍ ഞാന്‍ മികച്ച സിനിമകളുണ്ടാക്കാന്‍ ഉപയോഗിക്കും, മറ്റൊന്നിനുമല്ല. എനിക്ക് ശരിയെന്ന് തോന്നുന്നിടത്ത് ഞാന്‍ എന്റെ സിനിമ പ്രദര്‍ശിപ്പിക്കും, എന്തുകൊണ്ടെന്നാല്‍ അത് എന്റെ സൃഷ്ടിയാണ്.
ഒരു മഹാമാരിയുടെ പിടിയിലാണ് നമ്മള്‍, തൊഴിലില്ലാത്തവരുടെ യുദ്ധം, സ്വത്വ പ്രതിസന്ധി, ദാരിദ്ര്യം, മതപരമായ അശാന്തി, സ്വന്തം വീടുകളിലെത്താന്‍ മാത്രം 1000 മൈലുകള്‍ നടക്കുന്ന ജനങ്ങള്‍. ഡിപ്രഷന്‍ മൂലം കലാകാരന്മാര്‍ മരിക്കുന്നു.
അതുകൊണ്ട്, മികച്ച കലാ സൃഷ്ടികളിലൂടെ ജനങ്ങളെ പ്രചോദിപ്പിക്കേണ്ട സമയമാണിത്. ജീവനോടെയിരിക്കാന്‍ അവര്‍ക്ക് എന്തെങ്കിലും രൂപത്തില്‍ പ്രതീക്ഷ നല്‍കണം. ജോലി നിര്‍ത്താന്‍ ഞങ്ങളോട് പറയരുത്. സൃഷ്ടിക്കാതിരിക്കാന്‍ പറയരുത്. ഞങ്ങളുടെ സത്യസന്ധതയെ ചോദ്യം ചെയ്യരുത്, ഞങ്ങളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുത്, നിങ്ങള്‍ തന്നെ തോല്‍ക്കും, കാരണം ഞങ്ങള്‍ കലാകാരന്മാരാണ്.' ലിജോ തന്റെ പോസ്റ്റില്‍ പറയുന്നു.
പുതിയ സിനിമകള്‍ തുടങ്ങാന്‍ അനുവദിക്കില്ലെന്ന് ഫിലിം ചേംബറും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും പ്രഖ്യാപിച്ചതിന് പിന്നാലെ 'ഞാനൊരു സിനിമ പിടിക്കാന്‍ പോകുവാടാ, ആരാടാ തടയാന്‍' എന്ന് ലിജോ പെല്ലിശേരി ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു 'എ' എന്ന ചിത്രത്തിന്റെ പ്രഖ്യാപനം. സിനിമയുടെ ചിത്രീകരണം ജൂലൈ ഒന്നിന് ആരംഭിക്കും. ലിജോ പെല്ലിശേരിക്കൊപ്പം ചെമ്പന്‍ വിനോദ് ജോസും സിനിമയുടെ ഭാഗമാകും.