മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമാണ് 'നന്‍പകല്‍ നേരത്ത് മയക്കം'. ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം ഇന്നലെ ഐഎഫ്എഫ്‌കെയുടെ നാലാം ദിനത്തില്‍ ടാഗോര്‍ തിയ്യേറ്ററില്‍ നടന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. 'ഈ.മ.യൗ, ജെല്ലിക്കെട്ട്, ചുരുളി ഇവ മൂന്നിനേയും ചേര്‍ത്ത് വയ്ക്കാനാണ് തനിക്ക് ആഗ്രഹമെന്നും, അത് കഴിഞ്ഞ് 'നന്‍പകല്‍ നേരത്ത് മയക്കം' ഒരു ഉറക്കം ഉണരലാണെന്നാണ് തോന്നുന്നതെന്നും ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞു, ഇന്നലെ ചിത്രത്തിന്റെ പ്രദര്‍ശനത്തിന് ശേഷം പ്രേക്ഷകരോട് സംസാരിക്കവെയായിരുന്നു ലിജോയുടെ പ്രതികരണം.
ലിജോ പറഞ്ഞത്...
'ഈ.മ.യൗ, ജെല്ലിക്കെട്ട്, ചുരുളി ഇവ മൂന്നിനേയും ചേര്‍ത്ത് വയ്ക്കാനാണ് എനിക്ക് ആഗ്രഹം. അതില്‍ പുറത്തെ സ്‌പെയ്‌സിലാണ് കഥകള്‍ നടന്നത്. അത് കഴിഞ്ഞ് 'നന്‍പകല്‍ നേരത്ത് മയക്കം' ഒരു ഉറക്കം ഉണരലാണെന്നാണ് തോന്നുന്നത്. അങ്ങനെ ഒന്നും പ്ലാന്‍ ചെയ്ത് ചെയ്യുന്നതല്ല മിക്കപ്പോഴും. നമ്മുടെ ചര്‍ച്ചകളിലും മറ്റും ഒരു കഥാപാത്രത്തിന്റെ യാത്രയ്ക്ക് വേണ്ട കാര്യങ്ങള്‍ നമ്മള്‍ ഉള്‍പ്പെടുത്തുന്നുവെന്നേയുള്ളൂ. ഇതിന്റെ എഴുത്തിലുള്ള കരുത്താണ് വിഷ്വലിലേക്ക് കൊണ്ടുവരാന്‍ പറ്റുന്നത്. അത് പൂര്‍ണമായും ഹരീഷിനെ പോലെ ഒരു എഴുത്തുകാരന്‍ പുറകില്‍ നില്‍ക്കുമ്പോഴുള്ള ശക്തിയാണ്.
ചിത്രത്തിന്റെ റിലീസ് എപ്പോഴാണെന്ന ചോദ്യത്തിന് മമ്മൂട്ടിയോട് ചോദിക്കണമെന്നായിരുന്നു ലിജോയുടെ മറുപടി. മമ്മൂട്ടി കമ്പനിയാണ് ചിത്രത്തിന്റെ നിര്‍മാണം. മമ്മൂട്ടി, അശോകന്‍, രമ്യ പാണ്ഡ്യന്‍, കൈനകരി തങ്കരാജ്, ടി സുരേഷ് ബാബു, ചേതന്‍ ജയലാല്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. എസ് ഹരീഷാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.