ആന്‍റണി പെരുമ്പാവൂരിനെ പുറത്താക്കുന്നതിന് മുമ്പ് ഫിയോക് രണ്ടുതവണ ആലോചിക്കണമായിരുന്നെന്ന് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍. ആന്റണി പെരുമ്പാവൂർ മലയാളത്തിലെ ശക്തനായ നിർമ്മാതാവും വിതരണക്കാരനും തിയേറ്റർ ഉടമയുമാണെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. ഫിയോക്കിൽ നിന്നും ആന്റണി പെരുമ്പാവൂരിനെയും ദിലീപിനെയും പുറത്താക്കിയതിന് പിന്നാലെ റിപ്പോർട്ടർ ടിവിയോട് പ്രതികരിക്കുകയായിരുന്നു ലിബര്‍ട്ടി ബഷീര്‍.
'നമുക്ക് അന്നേ അറിയാമായിരുന്നു നാലോ അഞ്ചോ വർഷമേ ഉണ്ടാകൂവെന്ന്. അഞ്ച് വർഷമായപ്പോൾ അവർ തമ്മിൽ തല്ലി തീർന്നു. ആദ്യം സ്ഥാപക നേതാവായ ആന്റണി പെരുമ്പാവൂരിനെ അവർ പുറത്താക്കി. അദ്ദേഹം ഒരു നിർമ്മാതാവും വിതരണക്കാരനും 20ഓളം തിയേറ്ററുകളുടെ ഉടമയുമാണ്. അങ്ങനെയുള്ള ഒരാളെ പുറത്താക്കാക്കുമ്പോൾ രണ്ട് തവണ ചിന്തിക്കേണ്ടതാണ്. ആന്റണി പെരുമ്പാവൂർ എന്നാൽ മലയാളം സിനിമയിലെ ഏറ്റവും വലിയ വിതരണക്കാരനാണ്. ഇതൊക്കെ പരിചയക്കുറവ് കൊണ്ട് വരുന്ന നടപടികളാണ്' ലിബർട്ടി ബഷീർ പറഞ്ഞു.
ദിലീപ് എന്ന വ്യക്തി ഏതെങ്കിലും സംഘടനകളുടെ പിന്നാലെ പോകില്ലെന്നും അദ്ദേഹം പറഞ്ഞു. 'ദിലീപിനെ സംബന്ധിച്ചിടത്തോളം ഒരു തിയേറ്റർ മാത്രമേയുള്ളു. ദിലീപ് ഒരിക്കലും അങ്ങനെ സംഘടനകളുടെ പിന്നാലെ പോകില്ല. ദിലീപ് കേസിൽ നിന്നും മുക്തനാകട്ടെ..' ലിബർട്ടി ബഷീർ കൂട്ടിച്ചേര്‍ത്തു.
നടന്‍ ദിലീപിനെയും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനെയും പുറത്തിറക്കാന്‍ തിയറ്ററുടമകളുടെ സംഘടനയായ ഫിയോക്ക് തീരുമാനമെടുത്തുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ദിലീപ് ഫിയോക്കിന്റെ ആജീവനാന്ത ചെയര്‍മാനും ആന്റണി പെരുമ്പാവൂര്‍ വൈസ് ചെയര്‍മാനുമാണ്. ഈ സ്ഥാനങ്ങളില്‍ നിന്ന് ഇരുവരെയും നീക്കുന്നതിനുള്ള ഭരണഘടന ഭേദഗതിയാണ് ഫിയോക്ക് നടത്താന്‍ പോകുന്നത്. മാര്‍ച്ച് 31ന് നടക്കുന്ന ജനറല്‍ ബോഡിയില്‍ ഇക്കാര്യത്തില്‍ തീരുമാനം എടുക്കും.