സംസ്ഥാന സര്‍ക്കാര്‍ തിയറ്ററുകള്‍ നവംബര്‍ 25 തുറക്കാനുള്ള അനുമതി നല്‍കിയിട്ടുണ്ടെങ്കില്‍ അന്നേ ദിവസം മുതല്‍ സംസ്ഥാനത്തെ തിയറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കാനാകുമോ എന്ന കാര്യത്തില്‍ ഉറപ്പില്ലെന്ന് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പ്രസിഡന്റും നിര്‍മ്മാതാവുമായ ലിബര്‍ട്ടി ബഷീര്‍. മന്ത്രിയുടെ തീരുമാനം കേരളത്തിലെ സിനിമ ലോകം മുഴുവനും സ്വാഗതം ചെയ്യുകയാണ്. പക്ഷെ തിയറ്റര്‍ ഉടമകളെ സംബന്ധിച്ചെടുത്തോളം കഴിഞ്ഞ കൊവിഡ് കാലത്ത് ലഭിച്ച ഒരു ഇളവുകളും ഇത്തവണ ലഭിച്ചിട്ടില്ല. കഴിഞ്ഞ കൊവിഡ് കാലത്ത് വിനോദ നികുതി, ഉപയോഗിക്കാത്ത കരന്റ ചാര്‍ജ് എന്നിവയില്‍ ഇളവ് നല്‍കിയിരുന്നു. എന്നാല്‍ ഇത്തവണ ജൂണ്‍ മാസത്തെ മാത്രം കരന്റ് ചാര്‍ജിലാണ് അന്‍പത് ശതമാനം ഇളവ് നല്‍കിയത്. കേരളത്തിലെ പല തിയറ്റര്‍ ഉടമകള്‍ക്കും കരന്റ് കട്ട് ചെയ്യുമെന്ന നോട്ടീസ് കൊടുത്തിട്ടുണ്ട്. എന്നാല്‍ തിയറ്റര്‍ ഉടമകള്‍ ആവശ്യപ്പെട്ട ഒരു കാര്യങ്ങളും സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല. സാംസ്‌കാരിക വകുപ്പ് മന്ത്രി പരിഗണിക്കാമെന്ന് പറയുന്നുണ്ടെങ്കിലും മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഒരു തീരുമാനവും ഉണ്ടായിട്ടില്ല. മുഖ്യമന്ത്രി ഇളവുകള്‍ പ്രഖ്യാപിക്കാത്തതിനാല്‍ 25ന് തിയറ്റര്‍ തുറക്കുമെന്ന കാര്യം സംശയമാണ്.
സര്‍ക്കാര്‍ സഹായം അനിവാര്യം
ഇത്രയധികം സാമ്പത്തിക പ്രശ്‌നങ്ങള്‍ മുന്നില്‍ ഉള്ളപ്പോള്‍ തിയറ്റര്‍ തുറക്കുക അസാധ്യമാണ്. കേരളത്തിലെ 90 ശതമാനം തിയറ്റര്‍ ഉടമകളും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരാണ്. അവര്‍ക്കെല്ലാം 50 ശതമാനം മാത്രം കാണികളെ വെച്ച് തിയറ്റര്‍ തുറക്കണമെങ്കില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും സാമ്പത്തിക സഹായം കിട്ടിയെ തീരു. പത്ത് ലക്ഷം രൂപ ചെറിയ പലിശക്ക് ലോണ്‍ തരാനും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇത്തരത്തില്‍ സര്‍ക്കാരിന് മുന്നില്‍ വെച്ച ആവശ്യങ്ങള്‍ പരിഗണിക്കാതെ 25ന് തിയറ്റര്‍ തുറക്കുമെന്ന് ഉറപ്പില്ല. തിയറ്റര്‍ ഉടമകളുടെ സംഘടനയും, പ്രൊഡ്യൂസേഴ്‌സ് ആന്റ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനും, ഫിലിം ചേമ്പറും ഒരുമിച്ചാണ് ഈ പ്രതിസന്ധിയെ നേരിടുന്നത്. സര്‍ക്കാര്‍ ചര്‍ച്ച്ക്ക് വിളിക്കുമെന്ന വിശ്വാസത്തിലാണ് ഞങ്ങള്‍ മുന്നോട്ട് പോകുന്നത്.
മരക്കാര്‍ റിലീസ് പ്രഖ്യാപിച്ചാല്‍ വീണ്ടും ഹൗസ്ഫുള്‍
അതുപോലെ തന്നെ വലിയ താരങ്ങളുടെ സിനിമകളെല്ലാം ഒടിടിയിലേക്ക് പോയികഴിഞ്ഞു. അതുകൊണ്ട് ചെറിയ സിനിമകള്‍ വെച്ച് തിയറ്റര്‍ തുറന്നാല്‍ വളരെ ചുരുക്കം ആളുകളെ വെച്ച് പ്രവര്‍ത്തിക്കേണ്ടി വരും. അതും നഷ്ടത്തിന് കാരണമാവും. കഴിഞ്ഞ കൊവിഡ് കാലത്ത് വിജയ് ചിത്രം മാസ്റ്റര്‍ റിലീസിനുണ്ടായിരുന്നതിനാല്‍ ആളുകളെ തിയറ്ററില്‍ എത്തിക്കാന്‍ എളുപ്പം സാധിച്ചു. ഇത്തവണ അങ്ങനെ തിയറ്ററില്‍ ആളുകളെ നിറക്കുന്ന ഒരു സിനിമ മുന്നിലില്ല. പിന്നെ ഉള്ളത് മരയ്ക്കാറാണ്. എന്നാല്‍ അതെന്ന് റിലീസ് ചെയ്യുമെന്ന് പറയാന്‍ സാധിക്കില്ല. മരക്കാര്‍ റിലീസ് പ്രഖ്യാപിച്ചിരുന്നെങ്കില്‍ തീര്‍ച്ചയായും തിയറ്റര്‍ ഹൗസ് ഫുള്‍ ആയേനെ. പക്ഷെ നിലവില്‍ 50 ശതമാനം സീറ്റുകള്‍ പോലും ഫുള്‍ ആവാന്‍ സാധ്യതയില്ലാത്ത സിനിമകളാണ് ഉള്ളത്.
പിന്നെ നിര്‍മ്മാതാക്കളും വിതരണക്കാരും വിനോദ നികുതി ഒഴിവാക്കാതെ സിനിമ റിലീസ് ചെയ്യുമെന്ന കാര്യത്തില്‍ ഉറപ്പില്ല. സംസ്ഥാന സര്‍ക്കാര്‍ നമ്മള്‍ മുന്നോട്ട് വെച്ച ആവശ്യങ്ങളൊന്നും പരിഗണിച്ചില്ലെങ്കില്‍ മലയാള സിനിമ മേഖല തന്നെ നാശത്തിലേക്ക് പോകും. എല്ലാത്തിലും ഉപരി തിയറ്ററുകള്‍ നാശത്തിലേക്ക് പോകും. കാരണം നിര്‍മ്മാതാക്കളെയും ആര്‍ട്ടിസ്റ്റുകളെയും സംബന്ധിച്ച് സിനിമകള്‍ ഒടിടിയില്‍ റിലീസ് ചെയ്താലും പ്രശ്‌നമുണ്ടാവില്ല. പക്ഷെ തിയറ്ററും അതുമായി ബന്ധപ്പെട്ട അയ്യായ്യിരത്തില്‍ പരം തൊഴിലാളികളും അര്‍ദ്ധ പട്ടിണിയിലാവുകയും ചെയ്യും.
ബ്രോ ഡാഡി അടക്കം ഒടിടിയിലേക്ക് പോകുന്നത് അനീതി
തിയറ്റര്‍ 25ന് തുറക്കുകയാണെങ്കില്‍ റിലീസ് ചെയ്യാന്‍ ഒരുപാട് സിനിമകളുണ്ട്. പക്ഷെ അതൊന്നും എല്ലാ തരം പ്രേക്ഷകരെയും ഒരുപോലെ ആകര്‍ഷിക്കുന്ന ചിത്രങ്ങളല്ല. പിന്നെ ബ്രോ ഡാഡി പോലുള്ള ചിത്രങ്ങള്‍ ഒടിടി റിലീസായിരിക്കുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. അത് അവര്‍ തിയറ്ററിനോട് ചെയ്യുന്ന അനീതിയാണ്. കാരണം തിയറ്ററില്‍ പടം കളിച്ചിട്ടാണ് അവരെല്ലാം വലിയ ആര്‍ട്ടിസ്റ്റുകളായത്. അതെല്ലാം മറന്നിട്ട് അവര്‍ സ്വന്തം കാര്യം മാത്രം നോക്കുകയാണ്.