'ലെറ്റർബോക്സിന്റെ മികച്ച പത്ത് ലോക സിനിമകളുടെ ലിസ്റ്റിൽ ഇടം നേടി മഞ്ഞുമ്മൽ ബോയ്സ്'; ഭ്രമയു​ഗവും ആട്ടവും ആദ്യ ഇരുപതിൽ

'ലെറ്റർബോക്സിന്റെ മികച്ച പത്ത് ലോക സിനിമകളുടെ ലിസ്റ്റിൽ ഇടം നേടി മഞ്ഞുമ്മൽ ബോയ്സ്'; ഭ്രമയു​ഗവും ആട്ടവും ആദ്യ ഇരുപതിൽ
Published on

ലെറ്റർബോക്സ് പ്രസിദ്ധീകരിച്ച ലോകത്തെ മികച്ച സിനിമകളുടെ ലിസ്റ്റിൽ ആദ്യ പത്തിൽ ഇടം നേടി മലയാള ചിത്രം മഞ്ഞുമ്മൽ‍ ബോയ്സ്. ചിദംബരം സംവിധാനം ചെയ്ത് ഫെബ്രുവരി ഇരുപത്തി രണ്ടിന് തിയറ്ററുകളിലെത്തിയ ചിത്രമായിരുന്നു മഞ്ഞുമ്മൽ ബോയ്സ്. ​​പതിമൂന്നാം സ്ഥാനത്ത് മമ്മൂട്ടിയുടെ ഭ്രമയു​ഗവും ഇരുപതാം സ്ഥാനത്ത് വിനയ് ഫോർട്ട് പ്രധാന വേഷത്തിലെത്തിയ ആട്ടവും ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്. രാഹുൽ സദാശിവൻ‌ സംവിധാനം ചെയ്ത് മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമായിരുന്നു ഭ്രമയു​ഗം. ആനന്ദ് ഏകർഷിയുടെ സംവിധാനത്തിലെത്തിയ ചിത്രമാണ് ആട്ടം.

ലെറ്റർബോക്സ് അംഗങ്ങളുടെ റേറ്റിങ് പ്രകാരമാണ് ലിസ്റ്റ് ചിട്ടപ്പെടുത്തുന്നത്. ആദ്യ സ്ഥാനത്ത് ഡെനിസ് വെല്ലെന്യൂവ്ന്റെ ഡ്യൂൺ രണ്ടാം ഭാഗവും രണ്ടാം സ്ഥാനത്ത് മൈക്ക് ചെസ്ലിക്കിന്റെ ഹൻഡ്രെഡ്സ് ഓഫ് ബീവേഴ്സ് എന്ന ചിത്രവുമാണ്. ഇന്ത്യയിൽ നിന്ന് ആകെ അ‍ഞ്ച് ചിത്രങ്ങളാണ് ലിസ്റ്റിൽ ഇടം നേടിയിരിക്കുന്നത്. അതിൽ നാലും മലയാള ചിത്രങ്ങളാണ്. കിരൺ റാവുവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ലാ പതാ ലേഡീസ് എന്ന ചിത്രമാണ് ലിസ്റ്റിൽ ഇടം നേടിയ മറ്റൊരു ഇന്ത്യൻ സിനിമ. മുപ്പത്തി രണ്ടാം സ്ഥാനമാണ് ചിത്രത്തിന്.

സിനിമാ പ്രവർത്തകർ ഉൾപ്പടെയുള്ളവർ അംഗങ്ങളായുള്ള വെബ്സൈറ്റ് ആണ് ലെറ്റർബോക്സ് ഡി. ലെറ്റർബോക്സിൽ ഏറ്റവും കൂടുതൽ റേറ്റിങ് ഉള്ള മലയാള സിനിമയായും മഞ്ഞുമ്മൽ ബോയ്സ് മാറി. കഴിഞ്ഞ ദിവസമാണ് മലയാളത്തിൽ ഏറ്റവും കൂടുതൽ കളക്ഷനായ ഇരുന്നൂറ് കോടിയും നേടി മഞ്ഞുമ്മൽ ബോയ്സ് റെക്കോർഡ് സൃഷ്ടിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in