ആദ്യ ദിനം തന്നെ ചരിത്രം; റെക്കോർഡ് കളക്ഷനുമായി വിജയ് ചിത്രം 'ലിയോ'

ആദ്യ ദിനം തന്നെ ചരിത്രം; റെക്കോർഡ് കളക്ഷനുമായി വിജയ് ചിത്രം 'ലിയോ'
Published on

റിലീസ് ചെയ്ത് ആദ്യ ദിവസത്തിൽ തന്നെ ആ​ഗോള ബോക്സ് ഓഫീസിൽ ചരിത്രം സൃഷ്ടിച്ച് ലോകേഷ്- വിജയ് ചിത്രം ലിയോ. ഇന്ത്യയിൽ ഈ വർഷം റിലീസ് ചെയ്ത എല്ലാ സിനിമകളുടെയും ഓപ്പണിം​ഗ് റെക്കോഡിനെയാണ് ഇതോടെ ലിയോ വീഴ്ത്തിയത്. ആ​ഗോള ബോക്സ് ഓഫീസിൽ 148 കോടി രൂപയാണ് ആദ്യം ദിവസം തന്നെ ലിയോ സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ നിർമാതാക്കളായ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പുറത്തു വിട്ടത്. വിജയ്യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ലിയോ ഓക്ടോബർ 19 നാണ് തിയറ്ററുകളിലെത്തിയത്.

ഒരു ഇന്ത്യൻ സിനിമയ്ക്ക് ഈ വർഷത്തെ ലോകമെമ്പാടുമുള്ള ഏറ്റവും ഉയർന്ന ദിവസത്തെ ഗ്രോസ് കളക്ഷൻ എന്ന ക്യാപ്ഷനോടെയാണ് നിർമാതാക്കളായ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ ലിയോയുടെ ബോക്സ് ഓഫീസ് കളക്ഷൻ പങ്കുവച്ചിരിക്കുന്നത്. ഇതുവരെ ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളായിരുന്നത് ഷാറുഖിന്റെ ജവാൻ, പഠാൻ എന്നീ ചിത്രങ്ങളാണ്. പഠാൻ 106 കോടിയും ജവാൻ 129 കോടിയുമാണ് ആദ്യദിനം നേടിയത്. ഈ റെക്കോർഡാണ് ആദ്യ ദിവസം തന്നെ ലിയോ തിരുത്തി കുറിച്ചത്. കേരളത്തിലെ ബോക്സ് ഓഫീസുകളിലും റെക്കോർഡ് നേട്ടമാണ് ലിയോ ഉണ്ടാക്കിയിരിക്കുന്നത് എന്നാണ് വിലയിരുത്തൽ. വിദേശ രാജ്യങ്ങളിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

മാസ്റ്റർ എന്ന ചിത്രത്തിന് ശേഷം വിജയ്യും ലോകേഷും ഒന്നിക്കുന്ന ചിത്രമാണ് ലിയോ. ചിത്രത്തിൽ തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം വാസുദേവ് മേനോന്‍, മന്‍സൂര്‍ അലി ഖാന്‍, മാത്യു തോമസ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം മനോജ് പരമഹംസയാണ്, ആക്ഷന്‍ അന്‍പറിവ് , എഡിറ്റിങ് ഫിലോമിന്‍ രാജ്, ആര്‍ട്ട് എന്‍. സതീഷ് കുമാര്‍ , കൊറിയോഗ്രാഫി ദിനേഷ്, ഡയലോഗ് ലോകേഷ് കനകരാജ്,രത്നകുമാര്‍ & ധീരജ് വൈദി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ രാം കുമാര്‍ ബാലസുബ്രഹ്മണ്യന്‍.

Related Stories

No stories found.
logo
The Cue
www.thecue.in