'ആറ് ദിവസത്തേക്ക് പ്രതിദിനം പരമാവധി അഞ്ച് ഷോകൾ' ; ലിയോ സ്പെഷ്യൽ ഷോ ആവശ്യം അംഗീകരിച്ച് സർക്കാർ

'ആറ് ദിവസത്തേക്ക് പ്രതിദിനം പരമാവധി അഞ്ച് ഷോകൾ' ; ലിയോ സ്പെഷ്യൽ ഷോ ആവശ്യം അംഗീകരിച്ച് സർക്കാർ
Published on

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് വിജയ് നായകനായി എത്തുന്ന ലിയോ ഒക്ടോബർ 19ന് തിയറ്ററുകളിൽ എത്തും. ചിത്രത്തിന് എക്സ്ട്രാ ഷോകൾ അനുവദിക്കാൻ ആവശ്യപ്പെട്ട് സിനിമയുടെ നിർമാതാക്കളായ സെവൻ സ്‌ക്രീൻ സ്റ്റുഡിയോ തമിഴ്‌നാട് സർക്കാരിനെ സമീപിച്ചിരുന്നു. ചർച്ചകൾക്കൊടുവിൽ ഒക്‌ടോബർ 19 മുതൽ ഒക്‌ടോബർ 24 വരെ ആറ് ദിവസത്തേക്ക് സ്‌പെഷ്യൽ ഷോ നടത്താൻ തിയേറ്ററുകൾക്ക് സർക്കാർ അനുമതി നൽകി. സർക്കാർ ഉത്തരവ് പ്രകാരം തിയേറ്ററുകൾക്ക് പ്രതിദിനം പരമാവധി അഞ്ച് ഷോകൾ പ്രദർശിപ്പിക്കാം. ലളിത് കുമാറിന്റെ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസും ജഗദീഷ് പളനിസ്വാമിയുടെ ദ റൂട്സും ചേര്‍ന്നാണ് ലിയോ നിര്‍മ്മിക്കുന്നത്.

നിർമാതാക്കൾ റിലീസിന്റെ ആദ്യ ആഴ്‌ച സ്‌പെഷ്യൽ ഷോകൾ രാവിലെ 4 മണിക്കും 7 മണിക്കും നടത്താൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് സർക്കാരിനെ സമീപിച്ചു. എന്നാൽ ആദ്യ ഷോ എത്ര മണിക്ക് ആരംഭിക്കുമെന്നതിനെക്കുറിച്ച് ഇനിയും തീരുമാനാമായിട്ടില്ല. തിയേറ്ററുകളിൽ തിക്കും തിരക്കും ഉണ്ടാകാതെ പോലീസ് വകുപ്പിന്റെ സഹകരണത്തോടെയും സുരക്ഷയോടെയും മതിയായ ക്രമീകരണങ്ങൾ ഒരുക്കണമെന്നും ഗവണ്മെന്റ് ഓഡറിൽ നിർദേശിച്ചിട്ടുണ്ട്. ചെന്നൈയിലെ തിയേറ്ററിന് പുറത്ത് ഒരു ആരാധകൻ ലോറിയിൽ നിന്ന് വീണ് മരിച്ചതിനെ തുടർന്ന് 2023 ജനുവരി മുതൽ തമിഴ്‌നാട്ടിലെ പ്രത്യേക ഷോകൾ റദ്ദാക്കിയിരുന്നു. അതിനുശേഷം, തമിഴ്‌നാട്ടിൽ സ്പെഷ്യൽ ഷോകൾ / അതിരാവിലെയുള്ള ഷോകൾ നടത്താൻ സർക്കാർ തിയേറ്ററുകൾ അനുവദിച്ചിട്ടില്ല.

തൃഷ, അര്‍ജുന്‍, മിഷ്‌കിന്‍, ഗൗതം മേനോന്‍, ബാബു ആന്റണി, മാത്യൂ തോമസ്, പ്രിയ ആനന്ദ്, സഞ്ജയ് ദത്ത് എന്നിവരാണ് ലിയോയിലെ മറ്റു താരങ്ങള്‍. 'മാസ്റ്റര്‍' എന്ന സിനിമക്ക് ശേഷം ലോകേഷും വിജയ്യും വീണ്ടും ഒരുമിക്കുന്ന സിനിമയാണ് ലിയോ. അനിരുദ്ധ് രവിചന്ദർ ആണ് സിനിമയുടെ സംഗീത സംവിധാനം. ഛായാഗ്രഹണം മനോജ് പരമഹംസ. ഫിലോമിൻ രാജ് എഡിറ്റിംഗ് നിർവഹിക്കുന്ന സിനിമയുടെ സ്റ്റണ്ട് കൈകാര്യം ചെയ്യുന്നത് അൻബറിവാണ്. കൊറിയോഗ്രാഫി ദിനേഷ്, ഡയലോഗ് ലോകേഷ് കനകരാജ്,രത്നകുമാര്‍ & ധീരജ് വൈദി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ രാം കുമാര്‍ ബാലസുബ്രഹ്മണ്യന്‍. പി ആര്‍ ഓ പ്രതീഷ് ശേഖര്‍. ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ഗോകുലം മൂവീസ് ആണ് ലിയോ കേരളത്തിൽ വിതരണത്തിനെടുത്തിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in