'ലീല സിനിമയാക്കിയതിൽ പാളിച്ച സംഭവിച്ചു' ; ആ സിനിമയുടെ തിരക്കഥ ഞാൻ എഴുതാൻ പാടില്ലായിരുന്നെന്ന് ഉണ്ണി ആർ

'ലീല സിനിമയാക്കിയതിൽ പാളിച്ച സംഭവിച്ചു' ; ആ സിനിമയുടെ തിരക്കഥ ഞാൻ എഴുതാൻ പാടില്ലായിരുന്നെന്ന് ഉണ്ണി ആർ
Published on

ബിജു മേനോനെ നായകനാക്കി ഉണ്ണി ആർ തിരക്കഥയെഴുതി രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രമാണ് ലീല. 'ലീല' സിനിമയാക്കിയതിൽ പാളിച്ച സംഭവിച്ചെന്നും, ആ സിനിമയുടെ തിരക്കഥ താൻ എഴുതാൻ പാടില്ലായിരുന്നെന്നും എഴുത്തുകാരനും തിരക്കഥാകൃത്തുമായ ഉണ്ണി ആർ. ലീല കഥ തന്നെയായിരുന്നു നല്ലത്, പാളിപ്പോയതാണ്. സിനിമയെന്ന നിലയ്ക്ക് ഒട്ടും തൃപ്തനല്ല. ആ കഥ തൊടാതിരിക്കുന്നതായിരുന്നു നല്ലതെന്ന് പിന്നീട് തോന്നിയിട്ടുണ്ടെന്നും ഉണ്ണി ആർ വെളുപ്പെടുത്തി. മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ രണ്ടാം ദിവസം നടന്ന 'കഥകൾകൊണ്ട് മാത്രം' എന്ന സെഷനിൽ കഥകൾ സിനിമയാകുമ്പോൾ ആത്മാവ് ചോർന്നുപോകുമെന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിനായിരുന്നു ഉണ്ണി ആറിന്റെ മറുപടി.

ലീല തിരക്കഥ എഴുതാൻ പാടില്ലായിരുന്നു. തന്റെ കഥകളിൽ സിനിമയായി മാറിയത് പ്രതി പൂവൻകോഴി, ഒഴിവുദിവസത്തെ കളി, ലീല തുടങ്ങിയവായാണെന്നും ബാക്കിയുള്ള ബി​ഗ്ബിയും ചാർളിയുമെല്ലാം സിനിമകളായി തന്നെ എഴുതിയതാണെന്നും ഉണ്ണി ആർ പറഞ്ഞു. സ്വന്തം കഥകൾ സിനിമയാക്കാതിരിക്കുന്നതാണ് നല്ലതെന്ന് പിന്നീട് തിരിച്ചറിവുണ്ടായിട്ടുണ്ട്. കഥകൾ സിനിമയാക്കുമ്പോൾ ആത്മാവ് ചോർന്നുപോകുമെന്നും തോന്നിയിട്ടുണ്ടെന്നും ഉണ്ണി ആർ കൂട്ടിച്ചേർത്തു.

മാതൃഭൂമി ആഴ്ച പതിപ്പില്‍ പ്രസിദ്ധീകരിച്ച ഉണ്ണി ആറിന്റെ അതേ പേരിലുള്ള ചെറുകഥയെ ആസ്പദമാക്കിയായാണ് ചിത്രമൊരുക്കിയിരിക്കുന്നത്. വിജയരാഘവൻ, സുരേഷ് കൃഷ്ണ, ഇന്ദ്രൻസ്, സുധീർ കരമന, പാർവതി നമ്പ്യാർ, ജഗദീഷ് എന്നിവർ ആയിരുന്നു ലീലയിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മനോജ് കണ്ണോത്ത് എഡിറ്റിംഗ് നിർവഹിച്ച ചിത്രത്തിന്റെ സംഗീതം ബിജിബാൽ ആണ്.

Related Stories

No stories found.
logo
The Cue
www.thecue.in