തന്റെ അടുത്ത ചിത്രം 'പൊന'ത്തിൽ നായകനായി എത്തുന്നത് നടൻ ഫഹദ് ഫാസിൽ ആണെന്ന് സംവിധായകൻ ലാൽ ജോസ്. നീണ്ട 12 വർഷങ്ങൾക്ക് ശേഷം ലാൽ ജോസും ഫഹദ് ഫാസിലും ഒന്നിക്കുന്ന ചിത്രമായിരിക്കും പൊനം. 'ഡയമണ്ട് നെക്ലേസാ'ണ് അവസാനമായി ലാൽ ജോസും ഫഹദും ഒന്നിച്ച ചിത്രം. ചിത്രത്തിൽ രണ്ട് പ്രധാന കഥാപാത്രങ്ങളാണ് ഉള്ളതെന്നും അതിൽ രണ്ടാമത്തെ കഥാപാത്രത്തെ അവതരിപ്പിക്കാൻ നടൻ ടൊവിനോ തോമസിനെ പരിഗണിച്ചിരുന്നെങ്കിലും അദ്ദേഹത്തിന്റേ ഡേറ്റ് കിട്ടിയില്ലെന്നും ലാൽ ജോസ് പറയുന്നു. പൊനം എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായെന്നും വൻ ബഡ്ജറ്റിലായിരിക്കും ചിത്രം ഒരുങ്ങുകയെന്നും ലാൽ ജോസ് റെഡ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ലാൽ ജോസ് പറഞ്ഞത്:
പൊനത്തിന്റെ സ്ക്രിപ്റ്റ് പൂർത്തിയായി. ഫഹദ് ചിത്രത്തിൻ അഭിനയിക്കാം എന്ന് സമ്മതിച്ചിട്ടുണ്ട്. 12 വർഷത്തിന് ശേഷം ഞാനും ഫഹദും ഒന്നിക്കുന്ന ചിത്രമാണിത്. അതിൽ രണ്ട് കഥാപാത്രങ്ങളുണ്ട്. രണ്ടാമത്തെ കഥാപാത്രമായി ടൊവിനോയെയാണ് വിചാരിച്ചിരുന്നത്. പക്ഷേ അദ്ദേഹത്തിന്റെ ഡേറ്റ് കിട്ടിയില്ല. വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന സിനിമയാണ്. അതുകൊണ്ട് തന്നെ വലിയ താരങ്ങൾ വേണം ഇതിന്. ഇല്ലെങ്കിൽ വിൽപ്പന നടക്കില്ല. ഞാൻ ഇതുവരെ ചെയ്തിട്ടില്ലാത്ത തരത്തിൽ റിവഞ്ചും വൈലൻസും എല്ലാം അടങ്ങുന്ന സിനിമയായിരിക്കും ഇത്.
അതേ സമയം ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നത് സന്തോഷ് ശിവനായിരിക്കുമെന്ന് മുമ്പ് ലാൽ ജോസ് ക്യു സ്റ്റുഡിയോയോട് വെളിപ്പെടുത്തിയിരുന്നു. ചിത്രത്തിന്റെ കഥ കേട്ടിട്ട് സന്തോഷ് ശിവൻ താൽപര്യം പ്രകടിപ്പിച്ചുവെന്നും രണ്ട് ഭാഷകളിലായി ആലോചിക്കുന്ന ചിത്രത്തിന്റെ നിർമ്മാണം കന്നടയിലെ പ്രശസ്ത നിർമാതാക്കളായ ഹോംബാലെ ഫിലിംസായിരിക്കുമെന്ന സൂചനയും അന്ന് ക്യു സ്റ്റുഡിയോയോട് ലാൽ ജോസ് പങ്കുവച്ചിരുന്നു.
ലാൽ ജോസ് പൊനത്തെക്കുറിച്ച് ക്യു സ്റ്റുഡിയോയോട് പറഞ്ഞത്
ഞാൻ ഇനി ചെയ്യാൻ പോകുന്ന സിനിമ പൊനം എന്നു പറയുന്ന ഒരു നോവിലിന്റെ സിനിമ ആവിഷ്കാരമാണ്. പൊനം എന്നത് ബൃഹത്തായ ഒരു നോവലാണ്. കുറേ തലമുറകളുടെ പകയും കാടിനെയും അടിസ്ഥാനപ്പെടുത്തിയിട്ടുള്ള നോവലാണത്. വനത്തിന് സമീപമുള്ള ഒരു ഗ്രാമവും വനത്തിലെ കള്ളത്തടി വെട്ടും, കള്ളക്കടത്തും, കൊലപാതകങ്ങളും, പകയും ഒക്കെയുള്ള കുറേ മനുഷ്യരുടെ കഥയാണ് അത്. കേരള കർണ്ണാടക ബേർഡറിലുള്ള ഒരു സ്ഥലമാണ് അത്. കന്നട മിക്സ് ചെയ്തു വരുന്ന ഒരു ഭാഷയാണ്, കന്നട കഥാപാത്രങ്ങളുണ്ട് അതിൽ. ഇത്തിരി വലിയ ക്യാൻവാസിൽ പറയാൻ പോകുന്ന ഒരു സിനിമയാണ്. രണ്ട് ഭാഷയിലായിട്ട് തന്നെയാണ് അത് ആലോചിക്കുന്നത്. ഞാൻ ഇതുവരെ ചെയ്തിട്ടുള്ളതിൽ വച്ച് ഏറ്റവും എക്സ്പെൻസീവായ സിനിമയായിരിക്കും. അതുകൊണ്ട് അതിന്റെയൊരു റെസ്പോൺസിബിളിറ്റി കൂടിയുണ്ട് എനിക്ക്. മുടക്കുന്ന പടം സ്ക്രീനിൽ കാണണമെന്ന് നിർബന്ധമുള്ള ഒരാളാണ് ഞാൻ. പ്രൊഡക്ഷനും അതുകൊണ്ട് രണ്ട് വശത്ത് നിന്നുമുള്ള ആളുകൾ ഉണ്ടായിരിക്കും. കഥ കേട്ടിട്ട് സന്തോഷ് ശിവൻ ക്യാമറ ചെയ്യാം എന്ന് പറഞ്ഞിട്ടുണ്ട്. അതാണ് എന്റെ മറ്റൊരു എക്സെറ്റ്മെന്റ്. നടക്കുമോ എന്നറിയില്ല അദ്ദേഹം വളരെ തിരക്കുള്ള ഒരാളാണ്. എന്നാണ് തുടങ്ങുക എന്നത് നമുക്ക് ഡേറ്റ് ഒന്നും പറയാൻ പറ്റില്ല. കഥ കേട്ടിട്ട് അദ്ദേഹം പറഞ്ഞത് ഇത് രസമുണ്ട് നമുക്കിത് നന്നായി ചെയ്യാൻ പറ്റും എന്നാണ്. പ്രൊഡക്ഷൻ ഹോംബാലെയായിരിക്കും. അവർക്ക് ഒന്നു രണ്ട് കമ്പനികളുണ്ട് അതിൽ ഒരു ഗ്രൂപ്പുമായിട്ട് ആയിരിക്കും.